വാർത്ത

കോഴിക്കോട് ബീച്ചിൽ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: ബി.ബി.സിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി കോഴിക്കോട് ബീച്ചിൽ പ്രദർശിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പൊതുസ്ഥലത്ത് അനുമതിയില്ലാതെയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.

പ്രദർശനത്തിന് ഉപയോഗിച്ച സ്പീക്കർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇതോടെ ഫ്രറ്റേണിറ്റി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ബി.ബി.സി ഡോക്യുമെന്ററി ഇന്നും സംസ്ഥാനത്ത് പലയിടത്തും പ്രദർശിപ്പിച്ചു. എറണാകുളം ലോ കോളജിൽ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോൾ നാടകീയ രംഗങ്ങളുണ്ടായി. പ്രദർശനം തടയാൻ പ്രിൻസിപ്പലിന്റെ നിർദേശ പ്രകാരം ജീവനക്കാർ ഫ്യൂസ് ഊരി. എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഒരു മണിക്കൂറിന് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു.

കലാലയങ്ങളും പൊതുവിടങ്ങളും കേന്ദ്രീകരിച്ച് പ്രദർശനം തുടരാൻ തന്നെയാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. തിരുമലയിലും വഞ്ചിയൂരിലും ഡിവൈഎഫ്ഐയും കരമനയിൽ യൂത്ത് കോൺഗ്രസും പ്രദർശനം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രദർശനം ഉണ്ടാകും.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read