വാർത്ത

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ 28 ന് തുടക്കം; ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്യും

തിരുവനന്തരപുരം: പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ 28ന് രാവിലെ 10ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്യും. സമ്മേളന ഒരുക്കം പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി വി കെ സനോജും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളന സമാപന ദിനമായ 30ന് വൈകിട്ട് പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.

സമ്മേളന നഗരിയിലേക്കുള്ള പാതാക ജാഥ 25ന് രാവിലെ എട്ടിന് കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിൽനിന്ന് സംസ്ഥാന ട്രഷറർ എസ് കെ സജീഷിന്റെ നേതൃത്വത്തിൽ പുറപ്പെടും. പി ബി അനൂപ് ആണ് ജാഥാ മാനേജർ. കൊടിമര ജാഥ വെഞ്ഞാറമൂട് ഹഖ്മുഹമ്മദ്- മിഥിലാജ് രക്തസാക്ഷിമണ്ഡപത്തിൽനിന്ന് 26ന് രാവിലെ എട്ടിന് സമ്മേളന നഗരിയിലേക്ക് ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ പുറപ്പെടും. കെ പി പ്രമോഷ് ജാഥാ മാനേജർ. ദീപശിഖാ ജാഥ പത്തനംതിട്ട തിരുവല്ല സന്ദീപ് രക്തസാക്ഷി സ്തൂപത്തിൽനിന്ന് 27ന് ഉച്ചയോടെ പുറപ്പെടും. വൈകിട്ട് സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ കെ പി ഉദയഭാനു പതാക ഉയർത്തും.

30 വരെ നീളുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 519 പ്രതിനിധികളും 29 നിരീക്ഷകരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും കേന്ദ്ര കമ്മിറ്റി പ്രതിനിധികളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ യു ജനീഷ് കുമാർ എംഎൽഎ, ജെയ്ക് പി തോമസ്, എം വിജിൻ എംഎൽഎ, സസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബി സതീഷ് കുമാർ, ആർ ശ്യാമ എന്നിവരും പങ്കെടുത്തു.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read