വാർത്ത

മൺമറഞ്ഞ് ഒരു ദശകം പിന്നിട്ടെങ്കിലും കണ്ണൂർക്കാർക്ക് നായനാരോടുള്ള സ്‌നേഹത്തിന് തെല്ലും കുറവില്ല; നായനാരുടെ പേരിൽ പയ്യാമ്പലത്ത് നിർമ്മിക്കുന്ന അക്കാദമിക്കായി ഒറ്റ ദിവസം കൊണ്ട് കണ്ണൂരിലെ ജനങ്ങൾ നൽകിയത് മൂന്നര കോടിയിലധികം രൂപ: തളിപ്പറമ്പിൽ നിന്ന് മാത്രം ലഭിച്ചത് 30 ലക്ഷത്തിലധികവും

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇകെ നയനാർ മരിച്ചിട്ട് 13 വർഷം പിന്നിട്ടു. എങ്കിലും സഖാവ് ഇ കെ നയനാർ എന്ന് പറഞ്ഞാൽ കണ്ണൂരിലെ ജനങ്ങൾക്ക് ഇന്നും ആവേശമാണ്. കണ്ണൂരുകാർക്ക് നായനാരോടുള്ള ഇഷ്ടത്തിന്റെ ഏറ്റവും വലിയ തെളിവാണ് നായനാർ അക്കാദമിക്കായി ജനങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് മൂന്നരക്കോടിയിലധികം രൂപ പിരിച്ച് നൽകിയത്.

കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിക്കുന്ന നായനാർ അക്കാദമിക്ക് വേണ്ടിയാണ് ജനങ്ങൾ മൂന്നരക്കോടിയിലധികം രൂപ ഒരൊറ്റ ദിവസം കൊണ്ട് പിരിച്ച് നൽകിയത്. കൃത്യമായി പറഞ്ഞാൽ 3,60,69,055 രൂപ നൽകിയാണ് കണ്ണൂരുകാർ തങ്ങളുടെ പ്രിയനേതാവിനോടുള്ള പിന്തുണ അറിയിച്ചത്.

കഴിഞ്ഞ 19 ന് കൃഷ്ണപിള്ള ദിനത്തിൽ നടത്തിയ ഹുണ്ടിക പിരിവിനാണ് ജനങ്ങൾ ഇത്രയും വലിയ തുക നൽകി പ്രിയ നേതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഏറ്റവുംകൂടുതൽ സംഭാവന ലഭിച്ചത് തളിപ്പറമ്പിൽ നിന്നാണ്. 31,27,082 രൂപയാണ് ഇവിടെ നിന്നും മാത്രം ലഭിച്ചത്. ഏറ്റവും കുറവ് മലയോര മേഖലയായ ആലക്കോട് ഏരിയയിൽ നിന്നാണ്. 10 ലക്ഷം രൂപ.

കണ്ണൂർ; 28 ലക്ഷം, പയ്യന്നൂർ; 19,54,004, പെരിങ്ങോം: 16,12,998, ശ്രീകണ്ഠപുരം: 21,56,664, , മാടായി: 17,58,921, പാപ്പിനിശേരി: 19,00,003, മയ്യിൽ: 19,65,999, എടക്കാട്: 18,49,555, അഞ്ചരക്കണ്ടി: 20,10,199, പിണറായി: 20,85,599, തലശേരി: 22,60,279, പാനൂർ: 18,72,306, കൂത്തുപറമ്പ്: 20,20,012, മട്ടന്നൂർ: 19,19,371, ഇരിട്ടി: 10,48,980, പേരാവൂർ: 10,72,033 എന്നിങ്ങനെയാണ് മറ്റ് ഏരിയകളിലെ കണക്ക്. ഇതിന് പുറമേ 16,54,600 രൂപ നേരിട്ട് ലഭിക്കുകയും ചെയ്തു.

നാലു മാസത്തിനകം അക്കാദമിയുടെ പണി പൂർത്തിയാക്കി ജനുവരിയിൽ നടക്കുന്ന പാർട്ടിയുടെ ജില്ലാ സമ്മേളനം ഇവിടെ നടത്താനാണ് തീരുമാനം. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെക്കുറിച്ച് പഠിക്കാനുള്ള ഗവേഷണകേന്ദ്രമാണ് അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്. ഫണ്ട് ശേഖരണവുമായി സഹകരിച്ച ജില്ലയിലെ മുഴുവൻ ജനങ്ങളെയും നായനാർ ട്രസ്റ്റ് അംഗവും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ അഭിവാദ്യം ചെയ്തു.

2005 ലാണ് ഇകെ നായനാരുടെ പേരിലുള്ള ട്രസ്റ്റ് പയ്യാമ്പലത്ത് പഴയ തിരുവേപ്പതി മില്ലിന്റെ 3.74 ഏക്കർ സ്ഥലം അക്കാദമിക്കായി ലേലത്തിനെടുത്തത്. കന്റോൺമെന്റ് ഏരിയയിൽ കെട്ടിട നിർമ്മാണത്തിന് നേരിട്ട തടസങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ നിർമ്മാണപ്രവൃത്തികൾ വേഗത്തിലാക്കിയിരിക്കുന്നത്. അമ്പതിനായിരം ചതുരശ്ര അടിയിൽ മൂന്നു നിലകളിലാണ് കെട്ടിടം നിർമ്മിക്കുന്നത്. അക്കാദമി പൂർണതോതിൽ സജ്ജമാകാൻ 12 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഡിസംബറോടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.

MNM Recommends


Most Read