വാർത്ത

ഫിസിയോളജിക്ക് കിട്ടിയത് 18.25 മാർക്ക്; അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് റൗണ്ട് ചെയ്ത് മാർക്ക് ലിസറ്റിൽ എഴുതിയത് 18 എന്നും; തനിക്ക് 19 മാർക്ക് വേണമെന്ന് കുട്ടിയും; ഒന്നാംവർഷം കടക്കാൻ മുക്കാൽ മാർക്ക് നൽകണമെന്ന് ഹൈക്കോടതി; പ്രയാസമെന്ന് ആരോഗ്യ സർവകലാശാല; മോഡറേഷനിലൂടെ ഡോക്ടറാകാൻ നിയമപോരാട്ടം

തൃശ്ശൂർ: എം.ബി.ബി.എസ്. ഒന്നാംവർഷത്തെ തോറ്റ പേപ്പറിന് മുക്കാൽ മാർക്കുകൂടി നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം അപ്രായോഗികമെന്നും വിധി പുനഃപരിശോധിക്കണമെന്നും ആവശ്യവുമായി ആരോഗ്യസർവകലാശാല നിയമപോരാട്ടത്തിന്. പുനഃപരിശോധനാ ഹർജി നൽകുകയും ചെയ്തു.

കോഴിക്കോട്ടെ ഒരു സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ് ജയിക്കാൻ കോടതിയെ സമീപിച്ചത്. കുട്ടി മൂന്നുവർഷമായിട്ടും ഒന്നാംവർഷ പരീക്ഷ പാസായിട്ടില്ല. മൂന്നാംവട്ടം എഴുതിയപ്പോൾ കിട്ടിയ മാർക്കിനൊപ്പം ഒരു വിഷയത്തിന് മുക്കാൽ മാർക്കുകൂടി കിട്ടിയാൽ മോഡറേഷന്റെ സഹായത്തോടെ ഒന്നാംവർഷം കടന്നുകൂടാം. ഇതിനുള്ള ഉത്തരവാണ് ഹൈക്കോടതിയിൽനിന്ന് ലഭിച്ചത്. വിധിയുടെ അടിസ്ഥാനത്തിൽ മാർക്ക് കൂട്ടിത്തരണമെന്ന വിദ്യാർത്ഥിനിയുടെ അപേക്ഷ സർവകലാശാല അംഗീകരിച്ചില്ല. പുനഃപരിശോധനാ ഹർജിയിലെ തീരുമാനമാകും നിർണ്ണായകം.

ഫിസിയോളജിയുടെ രണ്ടാം പേപ്പറിന് കിട്ടിയത് 18.25 മാർക്കായിരുന്നു. മാർക്ക്ലിസ്റ്റിൽ ഇത് 18 മാർക്കായി റൗണ്ട് ചെയ്തു. എന്നാൽ, 19 മാർക്കായി റൗണ്ട് ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഒന്നാംവർഷം ഫിസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി വിഷയങ്ങളാണുള്ളത്. ഒരോ വിഷയത്തിനും രണ്ടു പേപ്പറുകളുണ്ട്. രണ്ടു പേപ്പറിനും കൂടി 50 മാർക്ക് കിട്ടിയാൽ ജയിക്കും. കുട്ടി ബയോകെമിസ്ട്രിക്കു മാത്രമാണ് ജയിച്ചത്. അനാട്ടമിക്ക് 46 മാർക്കും ഫിസിയോളജിക്ക് 49 മാർക്കുമുണ്ട്. ഒരു മാർക്കുകൂടി കിട്ടിയാൽ ഫിസിയോളജിക്ക് ജയിക്കാം. രണ്ടു വിഷയം ജയിച്ചാൽ പരമാവധി അഞ്ചുമാർക്ക് മോഡറേഷൻ നൽകാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വ്യവസ്ഥയുണ്ട്. ഈ മോഡറേഷൻ മൂന്നാം വിഷയം ജയിക്കാൻ വേണ്ടി മാത്രമായിരിക്കണം. ഇതിന് വേണ്ടിയാണ് നിയമപോരാട്ടം.

ഒരു മാർക്കുകൂടി കിട്ടിയാൽ ഈ വിദ്യാർത്ഥിനിക്ക് മോഡറേഷൻ ആനുകൂല്യം കിട്ടും. ഫിസിയോളജിയുടെ രണ്ടാംപേപ്പറിന് കിട്ടിയ 18.25 എന്ന മാർക്ക് 18 ആക്കി കുറച്ചു എന്ന വിവരമാണ് കോടതിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. മാർക്ക് 19 ആക്കാൻ പറഞ്ഞതിലൂടെ ഒന്നാംവർഷം ജയിക്കാനുള്ള വഴിയാണ് തുറക്കപ്പെട്ടത്. ഈ ഉത്തരവ് കണ്ട് മറ്റൊരു സ്വാശ്രയ കോളേജിലെ കുട്ടിയും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ സർവ്വകലാശാല നിയമപോരാട്ടത്തിന് തയ്യാറാകുന്നത്.

റൗണ്ട് ചെയ്യുന്നതിന് അന്താരാഷ്ട്രതലത്തിൽ സ്വീകരിച്ച മാനദണ്ഡമേ സ്വീകരിച്ചുള്ളൂ എന്നാണ് സർവകലാശാല പറയുന്നത്. 0.5-നു മുകളിൽ ഉള്ളത് തൊട്ടടുത്ത പൂർണസംഖ്യയിലേക്ക് റൗണ്ട് ചെയ്യും. 0.49 വരെയുള്ളത് താഴെയുള്ള പൂർണസംഖ്യയിലേക്കും. കോടതി നിർദ്ദേശം അപ്രായോഗികമാണെന്നും ആരോഗ്യ സർവകലാശാല വിശദീകരിക്കുന്നു.

MNM Recommends


Most Read