വാർത്ത

കയറ്റം കയറവേ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു; കാറുകളും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു; സംഭവം വിഴിഞ്ഞം-മുക്കോല-കല്ലുവെട്ടാൻകുഴി സർവ്വീസ് റോഡിൽ

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് കയറ്റം കയറുന്നതിനിടെ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു. പിന്നാലെ വന്ന രണ്ടു കാറുകളും ഓട്ടോറിക്ഷയും ലോറിയിലിടിച്ച് വശങ്ങളിലേക്ക് ചെരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം-മുക്കോല-കല്ലുവെട്ടാൻകുഴി സർവ്വീസ് റോഡിലാണ് അപകടം.

ഗുജറാത്തിൽനിന്ന് നൂലും കയറ്റി കോട്ടയത്തേക്ക് പോകാനെത്തിയ ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. മുക്കോലയിൽനിന്ന് കല്ലുവെട്ടാൻ കുഴി സർവ്വീസ് റോഡിലെ കുത്തനെയുള്ള കയറ്റം കയറവെ ലോറി പിന്നോട്ട് ഉരുളുകയായിരുന്നു.

ഒൻപതര ടൺ ഭാരമുള്ള നൂലുകളുമായാണ് ലോറി കയറ്റം കയറിയത്. പെട്ടെന്ന് പിന്നോട്ട് ഉരുണ്ടതോടെ ഡ്രൈവർ ബ്രേക്ക് ചെയ്തുവെങ്കിലും ലോറി നിന്നില്ല. ഈ സമയത്തായിരുന്നു പിന്നാലെ വന്ന കാർ ലോറിയിലിടിച്ചത്.

ഈ കാർ സമീപത്തെ ഓടയിൽ കുടുങ്ങി. ഇതേ സമയത്ത് വരുകയായിരുന്ന മറ്റൊരു കാർ, ആദ്യം അപാകത്തിൽപ്പെട്ട കാറിന്റെ പിന്നിലിടിച്ചു. തൊട്ടുപിറകെ വരുകയായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചു. ഇതോടെ നാട്ടുകാരും പിറകെ വന്ന വാഹനങ്ങളിലെ ആൾക്കാരും എത്തി ലോറിക്ക് തടസ്സംവെച്ചു.

റോഡിന്റെ വശങ്ങളിലേക്ക് ചെരിഞ്ഞ് ഓടകളിൽ കുടുങ്ങിയ കാറുകളിലും ഓട്ടോറിക്ഷയിലുമുണ്ടായിരുന്നവരെ പുറത്തേക്കിറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

MNM Recommends


Most Read