വാർത്ത

ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വെല്ലുവിളിച്ചു കോടിയേരി; പൂട്ടിയ ബാറുകൾ തുറക്കാമെന്ന് ആർക്കും ഉറപ്പു നൽകിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ബിജു രമേശിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി. ശബ്ദരേഖ തെളിവായി സ്വീകരിക്കുകയാണെങ്കിൽ ശബ്ദരേഖയുടെ മാസ്റ്റർ സിഡി പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സിഡിയുടെ ഒരു ഭാഗം വിശ്വസിക്കുന്നവർ മറ്റേഭാഗവും വിശ്വസിക്കാൻ തയ്യാറുണ്ടോ? അങ്ങനെ എങ്കിൽ നാലു മന്ത്രിമാർ കോഴ വാങ്ങി എന്നു പറയുന്ന ഭാഗം വിശ്വസിക്കാൻ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. കേസെടുത്താൽ അതേ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു , കെഎം മാണി എന്നിവർക്കെതിരെയും കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു.

പൂട്ടിയ ബാറുകൾ തുറന്നു കൊടുക്കാമെന്ന് സിപിഐഎം ആർക്കും ഉറപ്പു നൽകിയിട്ടില്ല. ബാറുകൾ തുറക്കാമെന്ന നിലപാട് എൽഡിഎഫ് എടുത്തിട്ടില്ല. ബാറുടമകൾ സർക്കാരിനെ വീഴ്‌ത്തുമെന്ന് കരുതാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ. ആരോപണങ്ങൾ അവാസ്തവവും അസംബന്ധവുമാണ്. സർക്കാരിനെ അട്ടിമറിക്കാമെന്ന ഉദ്ദേശ്യം പ്രതിപക്ഷത്തിനും ഇല്ല. പുതിയ ആരോപണങ്ങളിൽ പെട്ട് വലയുന്ന സർക്കാരിന്റെ മരണ വെപ്രാളമാണ് ശബ്ദരേഖയെന്നും കോടിയേരി പറഞ്ഞു.

ഭീഷണിപ്പെടുത്തിയാണു കെ ബാബുവിനും കെഎം മാണിക്കും അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കിച്ചത്. ഡിസിപി നിശാന്തിനി ഐപിഎസിനെ ഭീഷണിപ്പെടുത്തിയാണ് കെ ബാബുവിന് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കിച്ചത്. സുകേശനെതിരായി കേസെടുത്തത് ഐപിഎസ് ലിസ്റ്റിൽ സുകേശന്റെ പേരു വരാതിരിക്കാനാണ്. സുകേശനെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാണിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചത്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് ആദ്യം പറഞ്ഞത് സുകേശനായിരുന്നു. കേസെടുക്കും എന്നു പറഞ്ഞതു കൊണ്ടാണ് അനുകൂല റിപ്പോർട്ട് നൽകിയതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ബിജു രമേശിന്റെ ശബ്ദരേഖയിൽ ഇടതുമുന്നണി നേതാക്കൾക്കെതിരെ പറയുന്ന കാര്യങ്ങൾ അവാസ്തവമാണ്. ശബ്ദരേഖ സർക്കാർ എഡിറ്റ് ചെയ്തതാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഇത്. മാസ്റ്റർ സിഡിയിൽ ഉള്ള എല്ലാ കാര്യങ്ങളും പുറത്തുവിടാത്തതെന്തേയെന്നും സിപിഐഎമ്മിനെതിരെ പ്രചാരവേല ചെയ്യുന്നതിന് പകരം എല്ലാം പുറത്തുവിടട്ടെയെന്നും കോടിയേരി പറഞ്ഞു.

അഴിമതിക്കേസ് പ്രതിപക്ഷം ഏറ്റെടുക്കണമെങ്കിൽ വ്യക്തമായ തെളിവ് നൽകണമെന്നുമാത്രമാണ് ബിജു രമേശിനോട് പറഞ്ഞത്. ബാർ തുറന്നു കൊടുക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു. സാക്ഷിയെ സ്വാധീനിക്കാൻ നടത്തിയ വ്യക്തമായ ശ്രമത്തിന്റെ ഭാഗമായിരുന്നു തമ്പാനൂർ രവി സരിതാ നായരെ വിളിച്ചതിന്റെ ശബ്ദരേഖ, അതിൽ ഡിജിപി എടുത്ത നിലപാട് സ്വീകരിക്കാൻ പാടില്ലെങ്കിൽ എങ്ങനെയാണ് മറ്റ് ശബ്ദരേഖകൾ തെളിവായി സ്വീകരിക്കുകയെന്നും കോടിയേരി ചോദിച്ചു. ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയ സമയത്ത് തമ്പനാർ രവി സരിതയെ വിളിച്ച് തെളിവ് നശിപ്പിക്കാൻ ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. സർക്കാരിനെതിരായ എത്ര തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും എന്നിട്ടെന്താണ് ഇതിലൊന്നും കേസെടുക്കാത്തതെന്നും കോടിയേരി ചോദിച്ചു.

MNM Recommends


Most Read