വാർത്ത

ഗൗരിയമ്മയ്‌ക്കൊപ്പം പാർട്ടി സ്വത്തുക്കളും സിപിഎമ്മിൽ എത്താതിരിക്കാൻ രാജൻബാബു വിഭാഗത്തിന്റെ ശ്രമം; ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമം തമ്മിൽ തല്ലിൽ കലാശിച്ചു

 ആലപ്പുഴ: ജെഎസ്എസിനെ ഉപേക്ഷിച്ച് കെ ആർ ഗൗരിയമ്മ സിപിഎമ്മിലേക്ക് പോകുന്ന സാഹചര്യത്തിൽ പാർട്ടി സ്വത്തുക്കൾ കൈമോശം സംഭവിക്കാതിരിക്കാൻ രാജൻബാബു വിഭാഗത്തിന്റെ ശ്രമം. ഗൗരിയമ്മയും അനുകൂലികളും ജെഎസ്എസിൽ ലയിക്കുമ്പോൾ പാർട്ടി ജെഎസ്എസിന്റെ സ്വത്തുക്കളും സിപിഎമ്മിന് സ്വന്തമാകും. ഇത് തടയിടാനാണ് രാജൻബാബുവിന്റെയും കൂട്ടരുടെയും ശ്രമം. ഇതിന്റെ ഭാഗമായി ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രകടനമായെത്തി പിടിച്ചെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.

ആലപ്പുഴ നഗരത്തിൽ ചുങ്കം ഫയർ സ്‌റ്റേഷനു സമീപമുള്ള ഓഫീസ് പിടിച്ചെടുക്കാനാണ് ഇന്നലെ വൈകീട്ട് രാജൻ ബാബു വിഭാഗം ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ ജെഎസ്എസിലെ ഗൗരിയമ്മ അനുകൂലികളും സിപിഐ(എം) പ്രവർത്തകരും തടഞ്ഞതോടെയാണു സംഘർഷമുണ്ടായത്. രാജൻബാബു വിഭാഗം സംസ്ഥാന പ്രസിഡന്റും മുൻ എംഎ‍ൽഎയുമായ കെ.കെ. ഷാജുവിനു മർദനമേറ്റു. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.ടി. ഇതിഹാസിനു നേരെയും കൈയേറ്റശ്രമമുണ്ടായി.

ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപത്തുനിന്നു കെ.കെ. ഷാജു, സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ, വൈസ് പ്രസിഡന്റ് കെ.ടി. ഇതിഹാസ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ നേതാക്കൾ അടക്കം മുപ്പതോളം പേർ ജെ.എസ്.എസ്. കൊടികളുമായി പാർട്ടി ഓഫീസിനു മുന്നിലേക്കു പ്രകടനമായെത്തി. വിവരം മുൻകൂട്ടിയറിഞ്ഞ ഗൗരിയമ്മ വിഭാഗം സംസ്ഥാന സെക്രട്ടറി ബി. ഗോപന്റെ നേതൃത്വത്തിൽ സിപിഐ(എം). പ്രവർത്തകരെയും വിളിച്ചുകൂട്ടി ഓഫീസിനു മുന്നിൽ കാവൽ നിന്നു.

പൊലീസിനെ തള്ളിമാറ്റി ഓഫീസിലേക്കു കടക്കാനുള്ള ഷാജുവിന്റെയും കൂട്ടരുടെയും ശ്രമം എതിർവിഭാഗം തടഞ്ഞതോടെ ഉന്തുംതള്ളുമായി. ഇതിനിടയിലാണു ഷാജുവിന് മർദ്ദനമേറ്റത്. ഇതോടെ ഷാജുവും കൂട്ടരും ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. പാർട്ടി ഓഫീസിൽ നിന്നെടുത്ത കസേരകളിൽ മറുകൂട്ടരും ഇരുന്നതോടെ ആരും പിരിഞ്ഞുപോകില്ലെന്ന അവസ്ഥയായി. ഒടുവിൽ സ്ഥലത്തെത്തിയ ഡിവൈ.എസ്‌പി: കെ. ലാൽജിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്‌ക്കൊടുവിൽ ഷാജുവിനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഇവരെ പൊലീസ് വാഹനത്തിലേക്കു കയറ്റവേ സിപിഐ(എം). പ്രവർത്തകർ കൂകിവിളിച്ചു. സംഘർഷത്തിനിടെ ഓഫീസിനു മുന്നിലെ കൊടിമരത്തിൽ നിന്ന് ജെ.എസ്.എസ്. പതാക അഴിച്ചുമാറ്റിയിട്ടുമുണ്ട്. ജെ.എസ്.എസ്സിപിഐ(എം). ലയനത്തിന്റെ മറവിൽ സംസ്ഥാന കമ്മറ്റി ഓഫീസ് സിപിഎമ്മിനു കൈമാറാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഓഫീസ് പിടിച്ചെടുക്കാനെത്തിയതെന്നാണു രാജൻബാബു വിഭാഗം പ്രതികരിച്ചത്.

ഗൗരിയമ്മ പൊടുന്നനെയാണ് പാർട്ടി ഫോറത്തിൽ ആലോചിക്കാതെ പാർട്ടി ഓഫീസുകൾ സിപിഎമ്മിന് പകരമായി നൽകിയാണ് പ്രവേശനം ഉറപ്പാക്കിയതെന്നാണ് രാജൻബാബു വിഭാഗത്തിന്റെ ആരോപണം. ആലപ്പുഴ ജില്ലയിലെ അരൂർ വ്യവസായമേഖലയിൽ സ്ഥിതിചെയ്യുന്ന നാലുസെന്റ് ഭൂമിയും കെട്ടിടവും, ആലപ്പുഴ ബോട്ടുജട്ടിക്ക് സമീപമുള്ള മൂന്നു സെന്റു ഭൂമിയും കെട്ടിടവും, തിരുവനന്തപുരത്തെ നന്തൻകോട് പ്രവർത്തിക്കുന്ന 9 സെന്റു സ്ഥലവും ഇരുനില കെട്ടിടവും സിപിഎമ്മിന് കൈമാറിയിരുന്നു.

 

MNM Recommends


Most Read