വാർത്ത

അവസാനം ഭരണത്തിലുള്ള തമ്പുരാക്കന്മാർ കനിഞ്ഞു; റിമ രാജന് വിദേശ പഠനത്തിനായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ കെ ബാലൻ


തിരുവനന്തപുരം: റിമാ രാജന്റെ വിദേശപഠനത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ കെ ബാലൻ. നടപടിക്ക് പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദ്ദേശം നൽകിയെന്നു മന്ത്രി അറിയിച്ചു. ഫീസടയ്ക്കാത്തതിനാൽ പുറത്താക്കുമെന്നു കാണിച്ചു പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാല റിമയ്ക്കു നോട്ടിസ് നൽകിയിരുന്നു. ഈ വിവരങ്ങൾ മാധ്യമങ്ങൾ പുറത്താക്കിയതോടെയാണ് സർക്കാർ് ഇടപെട്ടത്. പണം അടയ്ക്കാനാകും എന്ന ഉറപ്പ് സർക്കാരിൽനിന്നു കത്തായി ലഭിച്ചാൽ റിമയ്ക്കു പഠനം തുടരാനാവും.

പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാലയിൽ എംഎസ്സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥിനിയാണ് തൃശൂർ കൊടകര സ്വദേശിയായ റിമാ രാജൻ. അർഹമായ സ്‌കോളർഷിപ്പ് അനുവദിക്കുന്നതിൽ പട്ടികജാതി വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വീഴ്ചയെത്തുടർന്നാണ് റിമയ്ക്ക് പഠനം നിർത്തേണ്ട അവസ്ഥയുണ്ടായത്. തൃശൂർ കേരളവർമ കോളജിൽനിന്ന് 86 ശതമാനം മാർക്കോടെ ബി കോം വിജയിച്ചാണു റിമ ഇവിടേക്ക് പഠിക്കാനെത്തിയത്.

'താങ്കളുടെ അക്കാദമിക മികവു പരിഗണിച്ചു മൂന്നു മാസം സാവകാശം നൽകി. ഇനി തുടരാൻ അനുമതി നൽകാൻ ഞങ്ങൾക്കാവില്ല. സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം പണമടച്ചില്ലെങ്കിൽ നിങ്ങളെ സർവകലാശാലയിൽനിന്നു പുറത്താക്കും' എന്ന ആ കത്തിലെ വരികൾ കേരളത്തിനും മുഴുവൻ മലയാളികൾക്കുമുള്ള നാണക്കേടിന്റെ കുറിപ്പാണ്. കിടപ്പാടം പണയംവച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമാണ് ആദ്യ രണ്ടു സെമസ്റ്ററുകളിലെ നാലു ലക്ഷം രൂപ ഫീസ് അടച്ചത്.

സ്‌കോളർഷിപ്പ് കിട്ടിയില്ലെങ്കിൽ സർവകലാശാലയിൽനിന്നു പുറത്താക്കുമെന്ന ആവലാതിയുമായി റിമയുടെ അച്ഛൻ രാജൻ മന്ത്രി എ.കെ. ബാലനടക്കമുള്ളവരെ കണ്ടിരുന്നു. എന്നാൽ, വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണു പരാതി. ഫയൽ വീണ്ടും നോക്കാൻ പറഞ്ഞിട്ടുണ്ടെന്നുള്ള മറുപടിയാണു ലഭിച്ചത്.

പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് കോഴ്‌സ് പ്ലേസ്‌മെന്റ് സൗകര്യത്തോട് കൂടി ഇന്ത്യയിൽ ലഭ്യമായിരുന്നതിനാലാണ് മാനദണ്ഡങ്ങൾ പ്രകാരം റീമയ്ക്ക് ധനസഹായം അനുവദിക്കാൻ കഴിയാത്ത സ്ഥിതി വന്നുചേർന്നത്. ഇന്ത്യയിൽ നിലവിലുള്ള കോഴ്‌സുകൾക്ക് വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ സഹായം അനുവദിക്കുന്നതിന് കഴിയുകയില്ല. ഇക്കാര്യം വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും മാധ്യമങ്ങളും മനസ്സിലാക്കേണ്ടതാണെന്നും മന്ത്രി പറയുന്നു.

റിമ രാജന്റെത് ഒരു പ്രത്യേക കേസായി പരിഗണിച്ച് മാനദണ്ഡങ്ങളിൽ ഇളവ് ചെയ്തുകൊണ്ട് മാത്രമെ പരിഗണിക്കാനാവു. അപേക്ഷയോടൊപ്പം റിമ കോഴ്‌സിനായി സർട്ടിഫൈ ചെയ്ത് ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ അവരുടെ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് അനുവദിക്കുകയാണ്. ബി ഡി ദേവസ്സി എംഎൽഎയും കുട്ടിയുടെ ജീവിത സാഹചര്യവും പഠനം മുടങ്ങുമെന്ന ഇപ്പോഴത്തെ പ്രയാസവും അറിയിച്ച് കത്ത് നൽകിയിരുന്നു. അത് പരിഗണിച്ച് കോഴ്‌സ് തുടരുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് നിശ്ചയിച്ചിരുന്നു. മന്ത്രി ഫേസ്‌ബുക്കിലൂട അറിയിച്ചു.

ഇന്ത്യയിൽ ഇല്ലാത്ത കോഴ്‌സിനു പട്ടികജാതി വിദ്യാർത്ഥികൾ വിദേശത്തു പ്രവേശനം നേടിയാൽ മുഴുവൻ തുകയും സ്‌കോളർഷിപ് നൽകണമെന്നാണു ചട്ടം.


മന്ത്രിയുടെ ഫേസ് ബുക് പോസ്റ്റു ഇങ്ങനെ

 

MNM Recommends


Most Read