വാർത്ത

ജി കാർത്തികേയന് കരളിൽ കാൻസറെന്ന് റിപ്പോർട്ട്; ഇന്ത്യയിലെ ആശുപത്രികൾ കൈവിട്ടപ്പോൾ വിദഗ്ധ ചികിത്സ തേടി അമേരിക്കയിലേക്ക്; സഹായഹസ്തവുമായി രമേശ് ചെന്നിത്തലയും ഒപ്പം പോകും

തിരുവനന്തപുരം: സ്പീക്കർ ജി കാർത്തികേയന് കരളിൽ അർബുദബാധയെന്ന് റിപ്പോർട്ടുകൾ. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോകും. അമേരിക്കയിലേക്കുള്ള യാത്രയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അനുഗമിക്കും.

വരുന്ന വെള്ളിയാഴ്ചതന്നെ അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കാർത്തികേയൻ. എന്നാൽ ചില രേഖകൾ കൂടി ശരിയാകാനുള്ളതുകൊണ്ട് അന്നുതന്നെ യാത്ര നടക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിനങ്ങളായി രോഗബാധിതനാണ് ജി കാർത്തികേയൻ. സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേത്തുടർന്ന് ഈ മാസം ആദ്യം ഡൽഹിയിൽ പരിശോധനകൾക്കായി പോയിരുന്നു. ഏകദേശം ഒരാഴ്ചയോളം അവിടെ പരിശോധനകളും ചികിത്സയും നടത്തി.

അവിടെനിന്നും മടങ്ങിവന്നശേഷം കാനഡയിലുള്ള മകന്റെ നിർദേശപ്രകാരമാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാൻ തീരുമാനിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിൽസ തേടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ചില പരിശോധനകൾക്കുമായി കഴിഞ്ഞ ആഴ്ച അദ്ദേഹം ചെന്നൈയിലും പോയിരുന്നു.

ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയശേഷമാണ് അമേരിക്കയ്ക്ക് പോകുന്ന കാര്യത്തിൽ അന്തിമതീരുമാനമായത്. എന്നാൽ വിസ സംബന്ധിച്ചു ചില ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് സ്പീക്കറുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കാർത്തികേയന്റെ ഭാര്യ ഡോ. സുലേഖയും മകനും അദ്ദേഹത്തെ അനുഗമിക്കും. ഇതിനു പുറമേയാണു മന്ത്രി രമേശ് ചെന്നിത്തലയും കാർത്തികേയനൊപ്പം പോകുന്നത്.

MNM Recommends


Most Read