വാർത്ത

കുഞ്ഞുമായി പാതയോരത്ത് ചുറ്റിക്കറങ്ങി ആനകൂട്ടം; കൗതുക കാഴ്ചകൾ കാണാൻ മറയൂരിലേക്ക് സഞ്ചാരികളുടെ പ്രവാഹം

മറയൂർ: കുഞ്ഞുമായി പാതയോരത്ത് ചുറ്റിക്കറങ്ങി ആനകൂട്ടം. കൗതുക കാഴ്ചകൾ കാണാൻ മറയൂരിലേക്ക് സഞ്ചാരികളുടെ പ്രാവാഹം. തിങ്കളാഴ്‌ച്ച രാവിലെ മറയൂർ-ഉദുമൽപേട്ട പാതയിൽ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്ത് പാതയോരത്തായിരുന്നു ആനയുടെ പ്രസവം.ഈ സമയം ഇതുവഴി എത്തിയ വാഹനങ്ങൾ റോഡിൽ ആനകൂട്ടത്തെക്കണ്ട് മീറ്ററുകൾ മാത്രം അകലെ പാതയോരത്ത് ഇരുവശത്തുമായി നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം ആനകൂട്ടം റോഡിൽ നിന്നും മാറിയില്ല. ആനക്കൂട്ടം വട്ടം കൂടി നിന്നിരുന്നതിനാൽ വാഹനത്തിലെത്തിയവർക്ക് ആദ്യം കാര്യം പിടികിട്ടിയില്ല.ഇടക്ക് കൂടുതൽ വാഹനങ്ങൾ എത്തി,പ്രദേശത്ത് ഒച്ചപ്പാട് കൂടിയതോടെ ആനകൂട്ടം പാതയ്ക്ക് ഇരുവശത്തേയ്ക്കുമായി മാറി.

റോഡിൽ കിടന്നിരുന്ന കുട്ടിയാനയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന തള്ളയാനയെയാണ് ഈ സമയം വാഹന യാത്രീകർ കാണുന്നത്.ഇതോടെയാണ് ആനയുടെ പ്രസവമാണ് കൺമുന്നിൽ നടന്നതെന്ന് ഇവർക്ക് ബോദ്ധ്യാമായത്.കുഞ്ഞിനെ എഴുന്നേൽപ്പിച്ച് തള്ളയാന കുറച്ചുനേരം കൂടി പാതയോരത്ത് നിലയുറപ്പിച്ചു.

ഇതിനിടയിൽ കുഞ്ഞിനെ റോഡിൽ നിന്ന് മാറ്റി, തള്ള ആന ഒതുങ്ങിനിന്ന് വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കിയത് കാണികളെ വിസ്മയിപ്പിച്ചു.ആന കുഞ്ഞുമായി കാട്ടിലേക്ക് കയറാതെ കടന്നുപോകുന്നത് സുരക്ഷിതമല്ലന്നുള്ള വനംവകുപ്പ് ജീവനക്കാരുടെ മുന്നറിയിപ്പ് പരിഗണിച്ച് വാഹനയാത്രക്കാർ ഇതിനായി കാത്തുനിന്നു. പിന്നെയും അരമണിക്കൂറിന് ശേഷമാണ് ആന കുഞ്ഞിനെയും കൊണ്ട കാട്ടിലേക്ക് കയറിയത്.തള്ള ആന കുഞ്ഞുമായി കാട്ടിലേക്ക് കയറിയെങ്കിലും ഈ പ്രദേശം വിട്ട് പോയിട്ടില്ലന്നാണ് വനംവകുപ്പ് ജീവനക്കാർ പങ്കുവയ്ക്കുന്ന വിവരം.

തള്ള ആനയ്ക്കൊപ്പം എത്തിയ ആനകൂട്ടവും സമീപ്രദേശത്ത് ചുറ്റിക്കറങ്ങുന്നുണ്ട്.കുട്ടിയെയും കൊണ്ട് ആനക്കൂട്ടം കാടുകയറുന്നതുവരെ നീരീക്ഷണം തുടരുമെന്ന് അധികൃതർ അറയിച്ചു. മറയൂരിൽ നിന്നും പാലക്കാട്ടേക്ക് യാത്ര പോയ മറയൂർ സ്വദേശി ദുരൈ,നൂറ് വീട് സ്വദേശി മുരുകേശൻ, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാർ, സുഭാഷ് എന്നിവരാണ് ഈ സമയം ഇവിടെ വാഹനങ്ങൾ നിയന്ത്രിച്ചിരുന്നത്.ഈ സമയം യാത്രക്കാരിൽ ചിലർ ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു.ഇതെത്തുടർന്നാണ് വിവരം പുറത്തറിയുന്നത്.

മറുനാടന്‍ മലയാളി ലേഖകന്‍. prakash@marunadan.in

MNM Recommends


Most Read