വാർത്ത

ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ വിവാഹത്തിന് ക്ഷണിച്ച എല്ലാവരെയും തന്റെ വിവാഹത്തിന് ക്ഷണിക്കും: സത്കാരത്തിന് ദോശയും ചമ്മന്തിയും ചായയും, ക്ഷണക്കത്ത് തപാലിൽ; ബാച്ചിലർ ലൈഫിനോട് വിടപറയാനൊരുങ്ങി എൽദോ എബ്രഹാം

മൂവാറ്റുപുഴ: ബാച്ചിലർ ലൈഫിനോട് വിടപറയാനൊരുങ്ങുന്ന മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാം വിവാഹത്തിന്റെ ക്ഷണവും വ്യത്യസ്തമാക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടയിൽ വിവാഹത്തിന് ക്ഷണിച്ച എല്ലാവരെയും തന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് എൽദോ എബ്രഹാമിന്റെ തീരുമാനം. എംഎൽഎയെ ക്ഷണക്കത്ത് നൽകി കല്യാണം വിളിച്ച എല്ലാവർക്കും എംഎ‍ൽഎയുടെ ക്ഷണക്കത്ത് തപാലിൽ എത്തും.

ഏകദേശം 4,800 പേർക്കാവും ഇത്തരത്തിൽ തപാലിലൂടെ ക്ഷണക്കത്ത് അയക്കുക. സൂക്ഷിച്ചുവച്ച പഴയ വിവാഹ ക്ഷണക്കത്തുകളിൽ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്തുകൾ അയക്കുന്നത്. ക്ഷണക്കത്ത് നൽകി ക്ഷണിക്കാത്തവരേയും കല്യാണത്തിന് വിളിക്കുന്നുണ്ട്.
ജനുവരി 12നാണ് എൽദോയുടെ വിവാഹം.

എറണാകുളം കല്ലൂർക്കാട് സ്വദേശി ഡോക്ടർ ആഗി മേരി അഗസ്റ്റിനാണ് വധു. എറണാകുളം കുന്നുകുരുടി സെന്റ് ജോർജ് പള്ളിയിലാണ് വിവാഹം. തുടർന്ന് വൈകീട്ട് മൂന്ന് മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനത്ത് വിരുന്ന് സൽക്കാരം. മന്ത്രിമാരടക്കമുള്ളവർ എത്തുന്ന വിവാഹത്തിന്റെ സൽക്കാരവും ലളിതമാണ്. സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയുമാണ് വിഭവങ്ങൾ.

തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമി​ന്റെയും ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എൽദോ. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴി​പ്പി​ക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും. വിവാഹത്തിന്റെ ഭാഗമായി ചെറി​യവീട് ചെറുതായി​ പുതുക്കി​പ്പണി​തു. മരത്തി​ന്റെ കഴുക്കോലും പട്ടികയും മാറ്റി ഇരുമ്പാക്കി​ മാറ്റി​ ഓട് വീണ്ടും മേഞ്ഞു. വിവാഹം തീർത്തും ലളിതമായി നടത്താനാണ് തീരുമാനം.

നിയമസഭയിൽ ബാച്ചിലർ സംഘത്തിന്റെ നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎയാണ്. കോവൂരിനെ കല്യാണം കഴുപ്പിക്കാൻ ഭരണ- പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ശ്രമിച്ചെങ്കിലും എംഎൽഎ ഉറച്ചുനിന്നു. കോൺഗ്രസ് എംഎൽഎ റോജി എം ജോൺ ആണ് നിയമസഭയിലെ മറ്റൊരു ബാച്ചിലർ.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read