വാർത്ത

മിലൻ ജലീലിന്റെ കാറിൽ ഇടിച്ചത് തേവരയിൽ വച്ച്; ബൈക്കിൽ പിന്തുടർന്നപ്പോൾ നിർത്താതെ പാഞ്ഞു; രണ്ടു വയസ്സുള്ള കുഞ്ഞിനും പരിക്കേൽപ്പിച്ചു; ഒടുവിൽ ടയർ പഞ്ചർ; മദ്യലഹരിയിൽ ആഡംബരക്കാറിൽ അതിവേഗം പാഞ്ഞ യുവാവ് പിടിയിൽ

കൊച്ചി: മദ്യലഹരിയിൽ കാറോടിച്ച് തിരക്കേറിയ റോഡിൽ പരിഭ്രാന്തി പടർത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി. നാല് വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോയ ആഡംബര കാർ ഒടുവിൽ കാനയിൽ വീണു. കാർ ഓടിച്ച തേവര സ്വദേശി സന്തോഷിനെ (34) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

വൈകീട്ട് ഏഴോടെ തേവര റോഡിലാണ് സംഭവം. തേവര എസ്.എച്ച് കോളജ് ഭാഗത്തുനിന്ന് തേവര ജങ്ഷനിലേക്ക് വരുകയായിരുന്ന കാക്കനാട് സ്വദേശി മിലൻ ജലീലിന്റെ കാറിലാണ് എതിരെ വന്ന ആഡംബര കാർ ആദ്യം ഇടിച്ചത്. ഇടിയിൽ മിലൻ ജലീലിന്റെ കാർ ടയറിന്റെ വീൽകപ്പ് ഊരിത്തെറിച്ചു. കാർ റോഡരികിലൊതുക്കി ഒരു ബൈക്ക് യാത്രികന്റെ സഹായത്തോടെ ജലീൽ അപകടമുണ്ടാക്കിയ കാറിനെ പിന്തുടർന്നു.

എന്നാൽ, കാർ നിർത്താതെ പാഞ്ഞു. പായുന്നതിനിടെ വഴിയരികിൽ നിർത്തിയ ബൈക്കിൽ ഇരിക്കുകയായിരുന്നയാളെയും ഒപ്പമുണ്ടായിരുന്ന രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഇടിച്ചിട്ടു. ഇതിനിടെ, കാറിന്റെ ഒരു ടയർ പഞ്ചറായി. എന്നിട്ടും ചക്കാലക്കൽ ജങ്ഷനിൽ ഒരു കാറിലും ബൈക്കിലും ഇടിച്ചു. ഒടുവിൽ ടയർ കാനയിൽ കുടുങ്ങിയതോടെയാണ് കാർ നിന്നത്.

കാറിന്റെ മുൻസീറ്റിൽ ഒരാൾ കൂടിയുണ്ടായിരുന്നു. അപകടത്തിൽപെട്ടവർ കേസിന് പോകുന്നില്ലെന്നും നഷ്ടപരിഹാരം ലഭിച്ചാൽ മതിയെന്നും അറിയിച്ചതിനാൽ, മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

MNM Recommends


Most Read