വാർത്ത

കടലിൽ പോയവർ ഉടൻ മടങ്ങണം; ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ന്യൂനമർദത്തിന്റെ സ്വാധീനം കന്യാകുമാരി വരെയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം.തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവർ ചൊവ്വാഴ്ചയോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം കതെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ബുധനാഴ്ച ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയിലേക്ക് മാറും. ബുധനാഴ്ച ശ്രീലങ്കതീരത്ത് തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read