വാർത്ത

അൻപതു സെക്കൻഡുകൊണ്ടു 145 തേങ്ങകൾ ഉടച്ചു; അതിൽ ശരിക്കും പൊട്ടിയ തേങ്ങകളുടെ എണ്ണം 124ഉം; ജർമ്മൻകാരന്റെ റിക്കോർഡ് പൂരങ്ങളുടെ നാട്ടിൽ അബീഷ് തകർത്തത് ഇങ്ങനെ

തൃശൂർ : ഒരു മിനിറ്റിൽ, ഒറ്റക്കൈകൊണ്ട് 124 തേങ്ങ ചറപറാ പൊട്ടിച്ചു. അങ്ങനെ പൂര വെടിക്കെട്ടിന്റെ നാട്ടിൽ അബീഷിന് പുതു നേട്ടം. കോട്ടയം പൂഞ്ഞാർ സ്വദേശിയായ അബീഷ് പി. ഡൊമിനിക് ഇന്നലെയാണു തൃശൂരിൽ തേങ്ങ ഉടച്ചത്. ഒരു മിനിറ്റ് അനുവദിച്ചിരുന്നെങ്കിലും അൻപതു സെക്കൻഡുകൊണ്ടു 145 തേങ്ങകൾ അബീഷ് ഉടച്ചു.

21 തേങ്ങകൾ കഷ്ടിച്ചു രക്ഷപ്പെട്ടു. ശരിക്കും പൊട്ടിയ തേങ്ങകളുടെ എണ്ണം 124ഉം. ഒരു മിനിറ്റിൽ ഏറ്റവുമധികം നാളികേരങ്ങൾ (118) കൈകൊണ്ട് ഉടച്ചതിനുള്ള ജർമൻ സ്വദേശിയുടെ ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇന്നലെ പഴങ്കഥയായത്. ശോഭാ സിറ്റിയിലായിരുന്നു പ്രകടനം. യുആർഎഫ് വേൾഡ് റെക്കോർഡ്‌സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങി ഒട്ടേറെ റെക്കോർഡുകൾ അബീഷ് ഇതിനകം നേടിയിട്ടുണ്ട്. നാളികേരത്തിനു പുറമേ ഹെൽമറ്റ്, ഹോക്കി സ്റ്റിക് എന്നിവ കൈകൊണ്ടു പൊട്ടിക്കുക, ബസ് കടിച്ചുവലിക്കുക തുടങ്ങിയ സാഹകിസ പ്രവർത്തികളും അബീഷിന് പ്രിയങ്കരമാണ്.

പ്രകടനം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. യുആർഎഫ് ഏഷ്യൻ ജൂറി സുനിൽ ജോസഫ്, ശോഭാ സിറ്റി ജനറൽ മാനേജർ വിൽസൻ ആന്റണി എന്നിവർ നേതൃത്വം നൽകി. ഗിന്നസ് റെക്കോർഡ് അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം ആറു മാസത്തിനുശേഷമെ ഉണ്ടാവൂ.

MNM Recommends


Most Read