വാർത്ത

മഞ്ചക്കണ്ടിയിലെ ഏറ്റമുട്ടൽ കൊലപാതകത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; പൊലീസുകാരുടെ പങ്കും അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം; ഏറ്റമുട്ടൽ സാഹചര്യവും മരണകാരണവും എന്തെന്ന് വ്യക്തമാക്കണം; ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്താനും നിർദ്ദേശം; അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധുക്കൾക്ക് സെഷൻസ് കോടതിയെ സമീപിക്കാം; മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനും അനുമതി നൽകി കോടതി

കൊച്ചി: അട്ടപ്പായിലെ മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഹൈക്കോടതിയുടെ അനുമതി നൽകി. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിൽ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. പൊലീസുകാർ മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹജി സമർപ്പിച്ചിരുന്നു. കൊല്ലപ്പെട്ട മണിവാസകം, കാർത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചിക്കണ്ടിയിലേത് വ്യജ ഏറ്റുമുട്ടലാണെന്നും പൊലീസുകാർക്കെതിരെ കേസ് എടുത്ത് അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

നിബന്ധനകളോടു കൂടി മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇപ്പോൾ പൊലീസിന്റെ അന്വേഷണമായിരിക്കും നടക്കുക. സ്വതന്ത്ര അന്വേഷണമാകും നടക്കുക. അതിൽ ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിൽ പരാതിയുണ്ടായാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു. അതേസമയം മഞ്ചിക്കണ്ടി മാവോയിസ്റ്റുകൾക്കെതിരെ ആരോപണവുമായി പൊലീസ് എഫ്.ഐ.ആർ. മാവോയിസ്റ്റുകൾ സെപ്റ്റംബർ 28ന് ഉച്ചക്ക് വനത്തിൽ അതിക്രമിച്ച് കയറിയെന്നും പൊലീസിന്റെ ഡ്യൂട്ടിക്ക് ഭീഷണി ഉയർത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ്കൾക്കെതിരായ എഫ്.ഐ.ആറിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെടി ഉതിർത്തെന്നും എഫ്.ഐ.ആറിലുണ്ട്. അതേസമയം തമിഴ്‌നാട് പ്രത്യേക ദൗത്യസേന പിടികൂടിയ മാവോയിസ്റ്റ് ദീപകിനെ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ഛത്തിസ്ഗഡ് സ്വദേശി ദീപക് എന്ന ചന്ദ്രുവാണ് ആനക്കട്ടിക്ക് സമീപം മൂലഗംഗൽ വനമേഖലയിൽ നിന്നും തമിഴ്‌നാട് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് പിടികൂടിയത്. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയ ഇയാൾ ഭവാനി ദളത്തിലെ പ്രധാനിയാണ്.കാലിന് പരിക്കേറ്റ നിലയിൽ ദീപകിനെ ഇന്നലെ വൈകിട്ടോടെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ നിന്ന് പുറത്തെത്തിച്ചപ്പോൾ ഇയാൾ മാവോയിസ്റ്റ് മുദ്രാവാക്യം മുഴക്കി. മേലേമഞ്ചക്കണ്ടി ഊരിന് സമീപം ഉൾവനത്തിൽ കഴിഞ്ഞമാസം 28, 29 തിയതികളിലുണ്ടായ ഏറ്റുമുട്ടലിനിടെ ദീപകും മറ്റൊരാളും ആയുധങ്ങളുമായി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം.

ഇതേതുടർന്ന് എസ്.ടി.എഫ് ആനക്കട്ടി മേഖലയിൽ തെരച്ചിൽ ശക്തമാക്കിയിരുന്നു. മൂന്നുമാവോയിസ്റ്റുകളാണ് എസ്.ടി.എഫ് സംഘത്തിന് മുന്നിൽ അകപ്പെട്ടത്. കാലിന് പരുക്കേറ്റ ദീപക്കിനെ ഒഴിവാക്കി മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ദീപകിന് പരുക്കേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റു രണ്ടുപേരെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ദീപകിനൊപ്പം ഒരു വനിതാ മാവോയിസ്റ്റുകൂടി ഇന്നലെ പിടിയിലായെന്ന് ആദ്യം പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ എസ്.ടി.എഫ് തയ്യാറായില്ല.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read