വാർത്ത

ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുടെ വാട്‌സാപ്പ് നമ്പർ തഞ്ചത്തിൽ കരസ്ഥമാക്കും; പിന്നീട് പ്രേമം നടിച്ച് നേരിട്ടുള്ള വിളികളും വീഡിയോ കോളിംഗും; പിന്നാലെ നഗ്‌നവീഡിയോ പകർത്തിയ ശേഷം ഇരയ്ക്ക് അയച്ചു കൊടുത്ത് ബ്ലാക് മെയിലിങ്: പന്ത്രണ്ടാം ഇരയുടെ വീട്ടുകാർ സംഗതി അറിഞ്ഞതോടെ അകത്തായി 'ഓൺലൈൻ റൊമാൻസ് കുമാരൻ'; തട്ടിപ്പുകൾ തുടങ്ങിയത് ആദ്യം പ്രണയിച്ച പെൺകുട്ടി വഞ്ചിച്ചതിന്റെ പ്രതികാരമെന്ന് പ്രതി

അടൂർ: ഫേസ്‌ബുക്ക് ചാറ്റിലൂടെ പരിചയപ്പെടുന്ന സ്‌കൂൾ വിദ്യാർത്ഥിനികളെ നയത്തിൽ വശത്താക്കി വീഡിയോകൾ തരപ്പെടുത്തുകയും അത് വച്ച് ബ്‌ളാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവന്ന 23കാരൻ പൊലീസ് പിടിയിലായി. നൂറനാട് പണയിൽ അഖിൽ ഭവനിൽ അഖിൽ (23) ആണ് പിടിയിലായത്. വാട്‌സപ്പ് ചാറ്റിങ്ങിലൂടെ വിശ്വാസം ആർജിച്ച ശേഷം വീഡിയോ കോളിങ് വഴിയാകും പിന്നീട് ബന്ധം തുടരുന്നത്. ഇതിനിടെ നഗ്‌ന വീഡിയോ ഉൾപ്പെടെ പകർത്തിയ ശേഷം ബ്ലാക് മെയിൽ ചെയ്ത് സ്വർണവും പണവും തട്ടുകയായിരുന്നു രീതി.

ഈ തന്ത്രം ഉപയോഗിച്ച് അഖിൽ ഇതിനോടകം 12 പേരെ ഇതിനോടകം വലയിലാക്കിയെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ 11 പേരും ഭയം കാരണം പരാതിക്ക് പോയില്ല. ഏറ്റവും ഒടുവിൽ പന്തളം സ്വദേശിനിയായ പതിനാറുകാരിയെ ഇത്തരത്തിൽ ബ്‌ളാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതോടെയാ്ണ് അഖിൽ വലയിൽ വീഴുന്നത്.

ബ്ലാക് മെയിലിങ് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. അടൂർ ഡിവൈ എസ്‌പി ആർ ജോസ്, പന്തളം എസ് ഐ സജീഷ് കുമാർ എന്നിവർ ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബ്ലാക് മെയിൽ വീരൻ അകത്തുമായി. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി. പരിചയപ്പെട്ട മുഴുവൻ പെൺകുട്ടികളുടെയും നഗ്‌ന വീഡിയോ ഇയാളുടെ ഫോണിലുണ്ടായിരുന്നു. ആദ്യം പ്രണയിച്ച പെൺകുട്ടി വഞ്ചിച്ചതു കാരണമാണ് താൻ ഈ വഴിയിലേക്ക് തിരിഞ്ഞതെന്ന് അഖിൽ പൊലീസിനോടു പറഞ്ഞു. ഈ പെൺകുട്ടിയുടെ വീഡിയോയും ഇയാളുടെ ശേഖരത്തിലുണ്ട്.

പതിനാറ് തികയാത്ത പെൺകുട്ടികളാണ് വലയിൽ വീണിട്ടുള്ളത്. നഗ്‌ന വീഡിയോ ചാറ്റിങ്ങിൽ ഇയാളും സ്വയം തുണി ഉരിയും. പെൺകുട്ടിയുടെ വിശ്വാസം ആർജിക്കുന്നതിനുള്ള കുറുക്കുവഴിയാണിത്. പകർത്തി എടുക്കുന്ന വീഡിയോ ആദ്യം പെൺകുട്ടിക്ക് തന്നെ അയച്ചു കൊടുക്കും. എന്നിട്ട് 5000 മുതൽ 10000 രൂപ വരെ ചോദിക്കും. കിട്ടാതെ വരുമ്പോൾ ഇരയുടെ ബന്ധുക്കൾക്കും വീഡിയോ അയച്ചു കൊടുക്കും. പണം കൊടുക്കാൻ ഇല്ലാത്തവരിൽ നിന്ന് സ്വർണവും സ്വീകരിക്കും.

ഇതുവരെ വഞ്ചിക്കപ്പെട്ടവർ മാനക്കേട് ഓർത്ത് പുറത്തു പറഞ്ഞിരുന്നില്ല. സഹോദരൻ വിദേശത്തു നിന്നു കൊണ്ടു വന്ന ഫോൺ ഉപയോഗിച്ചിരുന്ന പന്തളം സ്വദേശിയായ പെൺകുട്ടിയാണ് ഒടുക്കം വലയിൽ വീണത്. ഈ കുട്ടിയുടെ ദൃശ്യവും പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമം നടന്നപ്പോഴാണ് പിടി വീണത്. ഈ ഒരു പരാതി മാത്രമാണ് നിലവിൽ പ്രതിക്ക് എതിരേയുള്ളത്. കൂടുതൽ പരാതികൾ ഇനി ലഭിക്കുമെന്ന് കരുതുന്നുവെന്ന് ഡിവൈഎസ്‌പി പറഞ്ഞു. പെൺകുട്ടി മൈനർ ആയതിനാൽ പോക്‌സോ പ്രകാരമാണ് കേസ്. കൗമാരക്കാർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകുന്ന രക്ഷിതാക്കൾ പെൺമക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും ഡിവൈഎസ്‌പി പറഞ്ഞു.

ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

MNM Recommends


Most Read