വാർത്ത

ആഴ്ചയിൽ ശരാശരി കുടിച്ചത് 2000 രുപയുടെ മദ്യം; കൂട്ടുകാരുമായി നടത്തുന്ന മദ്യസൽക്കാരത്തിൽ പൊട്ടിച്ചത് ആയിരങ്ങൾ വിലയുള്ള കുപ്പികൾ; ഹോട്ടലുകളിൽ റൂമെടുത്തും സുഹൃത്തുക്കളുടെയും പറക്കോട്ടെ സ്വന്തം വീട്ടിലും വാഹനങ്ങളിലും അടിച്ചു പൊളി; വിവാഹ ശേഷം ലോക്കറിൽ സ്വർണം വച്ചത് ഉത്രയും സൂരജും ഒരുമിച്ചെത്തി; പിന്നീട് പലവട്ടം ലോക്കറിൽ നിന്ന് സ്വർണം എടുത്തത് ഭർത്താവ് മാത്രം; സ്വർണം പോയ വഴി കണ്ടെത്തി പൊലീസ്; ഉത്രാ കൊലയിൽ സൂരജ് തുറന്നു പറച്ചിൽ തുടരുമ്പോൾ; അഞ്ചൽ സിഐയും കുടുങ്ങും

കൊല്ലം: ഉത്രയുടെ വീട്ടിൽ നിന്ന് നൽകിയതിൽ പതിനഞ്ച് പവനോളം സ്വർണം പലപ്പോഴായി സ്വന്തം ആവശ്യങ്ങൾക്കായി വിറ്റഴിച്ച സൂരജ് ഈ പണം ധൂർത്തടിച്ചതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഉത്ര വധക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയവേ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ ദിവസം സൂരജ് തന്റെ ധൂർത്തിനെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചത്. സൂരജ് മദ്യം വാങ്ങി പോകുന്ന ദൃശ്യങ്ങളും തെളിവിനായി ബാറിന്റെ ബാറിന്റെ സിസി.ടിവിയിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു.

വിവാഹശേഷം സൂരജും ഉത്രയും ചേർന്നാണ് സ്വർണം ബാങ്ക് ലോക്കറിൽ വച്ചത്. സ്വർണം ലോക്കറിൽ വയ്ക്കാൻ മാത്രമേ ഉത്ര ഫെഡറൽ ബാങ്കിൽ പോയിട്ടുള്ളൂ. ഉത്രയുടെയും സൂരജിന്റെയും പേരിലാണ് ലോക്കർ ഓപ്പൺ ചെയ്തത്. പിന്നീട് പലവട്ടം ലോക്കറിൽനിന്ന് സൂരജ് സ്വർണം എടുത്തിട്ടുണ്ട്. ഉത്രയുടെ മരണത്തിന് മുമ്പും അതിനുശേഷവുമായി ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് സ്വർണം എടുത്തിട്ടുണ്ട്.ഏറ്റവും കൂടുതൽ എടുത്തത് മാർച്ച് രണ്ടിനാണ്. ഇതിൽ 38 പവനാണ് അച്ഛനെ ഏൽപ്പിച്ച് റബർ മരങ്ങൾക്കിടയിൽ കുഴിച്ചിട്ടത്. ബാക്കി സ്വർണ്ണമെല്ലാം അടിച്ചു പൊളിക്ക് വേണ്ടിയാണ് ചെലവിട്ടത്.

ഉത്രയുടെ സ്വർണത്തിൽനിന്ന് പതിനഞ്ച് പവനോളം വിവിധ ആവശ്യങ്ങൾക്കായി പലപ്പോഴായി വിറ്റെന്നും മദ്യപാനത്തിനും ധൂർത്തിനുമായി ഈ പണം ചെലവിട്ടെന്നും സൂരജ് സമ്മതിച്ചു.അടൂരിലെ ജൂവലറിയിലാണ് സ്വർണം വിറ്റത്. വിവാഹദിവസം നൽകിയ 96 പവൻ ഉൾപ്പെടെ 100 പവനോളം സ്വർണമാണ് ഉത്രയുടെ വീട്ടുകാർ നൽകിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതിൽ നിന്ന് 21 പവൻ ഉത്രയുടെ വീട്ടുകാർ വാങ്ങി പണയംവച്ചു പണം സൂരജിന്റെ പിതാവ് സുരേന്ദ്രപ്പണിക്കർക്ക് നൽകിയിരുന്നു. ബാക്കി പതിനാറ് പവനോളം സ്വർണത്തിൽ പത്ത് പവൻ ബാങ്ക് ലോക്കറിൽനിന്നും ആറുപവൻ അതേ ബാങ്കിൽ പണയം വച്ച നിലയിലും കണ്ടെത്തി.

ആഴ്ചയിൽ കുറഞ്ഞത് രണ്ടായിരം രൂപയുടെ മദ്യം കഴിക്കുമായിരുന്നു. അടൂരിലെ ഒരു ബാറിൽ നിന്നാണ് സ്ഥിരമായി മദ്യം വാങ്ങിയിരുന്നത്. അടുത്ത സുഹൃത്തുക്കളായ ചിലരും മദ്യസൽക്കാരത്തിൽ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. ആഘോഷവേളകളിൽ ആയിരങ്ങൾ വിലവരുന്ന കുപ്പികളാണ് ഉപയോഗിച്ചിരുന്നത്.അന്വേഷണത്തിന്റെ ഭാഗമായി അടൂരിലെ ബാറിൽ തെളിവെടുപ്പിനെത്തിച്ച സൂരജിനെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. ഹോട്ടലുകളിൽ റൂമെടുത്തും സുഹൃത്തുക്കളുടെയും പറക്കോട്ടെ സ്വന്തം വീട്ടിലും വാഹനങ്ങളിലുമായിട്ടായിരുന്നു മദ്യസൽക്കാരം. മദ്യപിച്ചെത്തി ഉത്രയുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായും സൂരജ് സമ്മതിച്ചു.

സ്വർണം വിറ്റത് കൂടാതെ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളവും സുഹൃത്തുക്കളുമായി കറങ്ങാനും അടിച്ചുപൊളിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. സൂരജിന്റെ വീട്ടുചെലവുകൾ പിതാവ് സുരന്ദ്രപണിക്കാരാണ് നോക്കിയിരുന്നത്. ്കേസിൽ പിടിയിലാകുമെന്ന് സൂചന ലഭിച്ചപ്പോൾ കേസിന്റെ ആവശ്യത്തിന് ചെലവഴിക്കാൻ പണത്തിന് വേണ്ടിയാണ് സ്വർണം പിതാവിന് കൈമാറിയത്. പിതൃസഹോദരിയുടെ വശം സൂക്ഷിക്കാൻ ഏൽപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ സൂക്ഷിക്കാൻ തയാറാകാതെ പിറ്റേന്നുതന്നെ അവർ സ്വർണം തിരികെ ഏൽപ്പിച്ചു. തുടർന്നാണ് വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ കവറുകളിലാക്കി സ്വർണം കുഴിച്ചിട്ടത്.

അഞ്ചൽ സിഐയും കുടുങ്ങും

അഞ്ചൽ സിഐ സുധീറിനെതിരെ കുരുക്ക് മുറുകുന്നു. അടുത്തിടെ പ്രമാദമായ രണ്ട് കേസുകളിലും വീഴ്ച വരുത്തിയതോടെ സുധീറിനെതിരെ വകുപ്പ്തല നടപടിക്ക് സാധ്യതയേറി. ഉത്ര വധക്കേസിലും അഞ്ചൽ ദമ്പതിമാരുടെ മരണത്തിലുമാണ് സി ഐ സുധീർ തന്റെ അലംഭാവം കാണിച്ചത്. ഉത്ര വധക്കേസിൽ സി ഐ സുധീർ വീഴ്ച വരുത്തിയതായാണ് പൊലീസിന്റെ റിപ്പോർട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സി ഐ വീഴ്ച വരുത്തിയതായി കൊല്ലം റൂറൽ എസ് പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.

ഉത്ര കേസിൽ കൃത്യമായ വിവരങ്ങൾ തുടക്കത്തിൽ ശേഖരിച്ചില്ലെന്നും തെളിവുകൾ കൈമാറുന്നത് വൈകിപ്പിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഉത്രയുടെ മാതാപിതാക്കൾ പരാതി നൽകിയതിന് ശേഷവും സിഐയുടെ ഇടപെടൽ ഉണ്ടായില്ല. നേരത്തെ കുടുംബവും സിഐക്കെതിരെ രംഗത്തുവന്നിരുന്നു. ഇതോടെയാണ് റൂറൽ എസ് പി അന്വേഷിച്ച് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം അഞ്ചൽ ഇളമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ സിഐയുടെ നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം തന്റെ വീട്ടിലേക്ക് എത്തിക്കാൻ സിഐ നിർദേശിച്ചിരുന്നു. സംഭവം നടന്ന വീട്ടിലെത്തിയ ശേഷം സിഐ നേരെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് ആവശ്യമാണ്. മൃതദേഹം സ്റ്റേഷനിൽ എത്തിച്ചപ്പോൾ സിഐ വീട്ടിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മൃതദേഹവുമായി വീട്ടിലേക്ക് വരാനായിരുന്നു മറുപടി. പതിനഞ്ച് കിലോമീറ്ററോളം ദൂരം മൃതദേഹവുമായി യാത്ര ചെയ്താണ് സിഐയുടെ ഒപ്പ് വാങ്ങേണ്ടി വന്നത്. നേരത്തെ അഞ്ചൽ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ മറുനാടൻ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചെന്ന ആരോപണവും സിഐ സുധീറിനെതിരെയുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read