വാർത്ത

സ്വർണ്ണാഭരണങ്ങൾ എവിടെ പോയി? റൂം മേറ്റ് ചിപ്പി എന്തിന് വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു? ഷവർ റാഡിൽ തൂങ്ങിയെന്ന് എഴുതിയ പൊലീസ് പിന്നീട് തിരുത്തിയതിലും ദുരൂഹത; മകളെ കൊന്നത് തന്നെന്ന് വിശ്വസിച്ച് അച്ഛനും അമ്മയും; തലയോലപ്പറമ്പ് നഴ്‌സിങ് സ്‌കൂളിലെ ശ്രീകുട്ടിയുടെ മരണത്തിൽ സംശയങ്ങൾ ഇങ്ങനെ

തൊടുപുഴ: തലയോലപ്പറമ്പിലെ നഴ്സിംങ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൻ.എൻ.എം വിദ്യാർത്ഥിനി ശ്രീക്കുട്ടി ഷാജിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കൾ. ശ്രീക്കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഉടനെ വൈക്കത്തെ ആശുപത്രിയിലെ ക്വാഷ്വാലിറ്റിക്ക് മുന്നിൽ നിന്ന് റൂമിലെ മറ്റൊരു കുട്ടിയായ കൊല്ലം സ്വദേശിനി ചിപ്പി വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്തിനാണെന്ന് പിതാവ് ഷാജി പ്ലാമൂട്ടിൽ ചോദിക്കുന്നു.

മോൾ കഴുത്തിലും കാതിലും കൈയിലുമായി ഒന്നരപവന്റെ സ്വർണ്ണ ആഭരണങ്ങൾ ധരിച്ചിരുന്നു. ഇത് എവിടെ പോയി എന്ന് അമ്മാവൻ ഡോക്ടർ യശോധരൻ ചോദിക്കുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കൈയിൽ റോൾഡ് ഗോൾഡ് വള മാത്രം ധരിച്ചിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രാവിലെ ഏഴരയോടെയാണ് ശ്രീക്കുട്ടിയെ ഹോസ്റ്റലിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പക്ഷെ അഞ്ച് മണിയോടെ റൂംമേറ്റ് ചിപ്പി എങ്ങനെയാണ് സ്വന്തം വീട്ടിൽ വിളിച്ച് ശ്രീക്കുട്ടി മരിച്ചെന്ന് പറയുകയെന്നും പിതാവ് ഷാജി ചോദിക്കുന്നു.

മരണത്തെ ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് എന്തിനാണ് ഇത്രതിടുക്കപ്പെടുന്നതെന്നും, അവർ എന്തുകൊണ്ട് റൂംമേറ്റിനേയും മറ്റ് വിദ്യാർത്ഥിനികളുടേയും മൊഴിയെടുക്കുന്നില്ലെന്നും ഷാജി ചോദിക്കുന്നു. കുട്ടി മരണപ്പെട്ടിട്ടുപോലും രാവിലെ പത്ത് മണിവരെ ആശുപത്രിയിൽ കോളേജിന്റെ ഭാഗത്ത് നിന്നോ ഹോസ്റ്റലിന്റെ ഭാഗത്ത് നിന്നോ ഉള്ള ഉത്തരവാദിത്വപ്പെട്ട ആരും എത്തിയില്ല. തൂങ്ങി മരിച്ചതാണെങ്കിൽ കുട്ടിയെ ആരാണ് താഴെ ഇറക്കിയത് എന്നത് ആർക്കും വ്യക്തതയില്ല. ആദ്യം ഷവർ റാഡിൽ തൂങ്ങിയെന്ന് എഫ്.ഐ.ആറിൽ എഴുതിയ പൊലീസ് ഉദ്യോഗസ്ഥൻ പിന്നീടത് തിരുത്തി, ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നാക്കി. ഹോസ്റ്റലിന്റെ ചാർജ്ജ് ഉള്ള വാർഡന് പകരം മറ്റൊരാളാണ് അടിയന്തിരമായി വരാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണെങ്കിൽ ഇവർ ആരെയാണ് ഇങ്ങനെ ഭയക്കുന്നതെന്നും അമ്മാവൻ ചോദിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 9 ണിയോടെയാണ് വൈക്കം ആശുപത്രിയിൽ ഞങ്ങൾ എത്തുന്നത്. വഴിയിൽ വെച്ച് തന്നെ കുട്ടി മരിച്ചുവെന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് അറിയിച്ചിരുന്നു. കൈകളിൽ പോറലേറ്റ നിലയിലായിരുന്നു ബോഡി. കഴുത്തിൽ കയറിട്ട് മുറുക്കിയാലും ആത്മഹത്യ ചെയ്താലും ഉണ്ടാകുന്ന തരത്തിലുള്ള പാട് ആയിരുന്നു ഉള്ളത്. അമ്മാവൻ ഡോ. യശോധരൻ പറയുന്നു. അതേസമയം, നിലവിൽ വൈക്കം സിഐ ജയപ്രകാശ് ആണ് കേസ് നിലവിൽ അന്വേഷിക്കുന്നത്. പ്രാഥമികമായി ആത്മഹത്യ അല്ല എന്ന് ചൂണ്ടിക്കാണിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. റൂംമേറ്റ് ചിപ്പിയെ ഒരു തവണ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യണം. അതിനാൽ അന്തിമാമായി ഇത് ആത്മഹത്യ ആണെന്ന് പൊലീസിന് ഇപ്പോൾ സ്ഥിരീകരിക്കാൻ ആവില്ലെന്നും ജയപ്രകാശ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

മൂന്ന് മാസം മുമ്പ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ എതാനംകുട്ടികൾ വിം കലക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വന്നപ്പോൾ മോളാണ് ഒരു കുട്ടിയെ കാണിച്ചുകൊടുത്തത്. പിന്നീട് ഏഴുപേരോട് മാപ്പ് എഴുതി തരണമെന്ന് വാർഡൻ ആവശ്യപ്പെട്ടു. വിവരം വാർഡനോട് പറഞ്ഞത് ശ്രീക്കുട്ടി ആയതിനാൽ സംഭവത്തിൽ ശ്രീക്കുട്ടിക്കും പങ്കുണ്ടെന്ന് ആരോപിച്ച് മാപ്പ് എഴുതി തരാൻ ശാന്ത വാർഡൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെയ്യാത്ത കുറ്റത്തിന് മാപ്പ് എഴുതി നൽകില്ലെന്നായിരുന്നു ശ്രീക്കുട്ടിയുടെ നിലപാട്. ഞാറാഴ്ച ഹോസ്റ്റലിൽ എത്തി കണ്ടപ്പോഴും
ഇക്കാര്യങ്ങൾ ശ്രീക്കുട്ടി പറഞ്ഞിരുന്നതായി അമ്മ പുഷ്പ പറയുന്നു. ചൊവ്വാഴ്ച രാവിലെ ആത്മഹത്യ ചെയ്യാൻ ഉറച്ച കുട്ടി ആണെങ്കിൽ എങ്ങനെയാണ് തിങ്കളാഴ്ച രാത്രിയിൽ വളരെ മികച്ച രീതിയിൽ കോമഡി സ്‌കിറ്റ് ഹോസ്റ്റലിൽ അവതരിപ്പിക്കുക. തിങ്കളാഴ്ച രാത്രി ഫോണിൽ
സംസാരിച്ചപ്പോഴും നല്ല സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും മാതാവ് ചൂണ്ടിക്കാട്ടുന്നു.

നിർധന ഹിന്ദു കുടുംബത്തിൽ ജനിച്ച ശ്രീക്കുട്ടി കലാപരമായ രംഗങ്ങളിൽ കഴിവ് തെളിയിച്ചതാണ്. ചിത്ര രചനയിലും അഭിനയത്തിലും മറ്റ് സംഗീതത്തിലും ശ്രീക്കുട്ടി പഠന കാലഘട്ടത്തിൽ തന്നെ ഒന്നാമതായിരുന്നു. തൊഴുപുഴ-കൂത്താട്ടുകുളം റോഡിൽ വഴിത്തലയിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി കുണിഞ്ഞിയിലാണ് ശ്രീക്കുട്ടിയുടെ വീട്. കുണിഞ്ഞി -കൊടികുത്തി റോഡിൽ കുറച്ച് ദൂരം സഞ്ചരിച്ച് വലത് വശത്തേക്കുള്ള മണ്ണിട്ട റോഡിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിക്കണം വീട്ടിലെത്താൻ. ഈ റോഡിൽ കുറച്ച് ദൂരം മാത്രമേ വാഹനങ്ങൾ പോകുകയുള്ളു. ഇന്നലെ മറുനാടൻ വാർത്ത സംഘം ചെല്ലുമ്പോൾ ശവസംസ്‌ക്കാര ചടങ്ങുകൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. 11 മണിയോടെയായിരുന്നു ചടങ്ങ്. വീടിന് തെക്ക് ഭാഗത്തായാണ് ശ്രീക്കുട്ടിയെ അടക്കിയിരിക്കുന്നത്. കരഞ്ഞ് കൊണ്ട് കിടക്കുന്ന ഇളയ രണ്ട് സഹോദരൾ, ഒരു മുറിയിൽ കരഞ്ഞ് തളർന്ന അമ്മ, ഏതാനം ബന്ധുക്കളും അയൽക്കാരേയും മുറ്റത്ത് കാണാമായിരുന്നു. കൂലിപ്പണി എടുത്താണ് ഷാജി ശ്രീക്കുട്ടി അടക്കം മൂന്ന് മക്കളെ പഠിപ്പിച്ചിരുന്നത്.

ഹോസ്റ്റൽ വാർഡനും റൂം മേറ്റ് ചിപ്പിക്കും മകളുടെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്. സംഭവം ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കാനുള്ള തിടുക്കത്തിലാണ് പൊലീസ്, ഞങ്ങൾ പാവപ്പെട്ടവർ ആയതിനാൽ ഞങ്ങൾക്ക് പിടിപാടില്ല. അത്കൊണ്ട് മേളിൽ നിന്ന് പ്രഷറും ഉണ്ടാകില്ല. മാധ്യമ ബന്ധങ്ങൾ ഇല്ലാത്തതിനാൽ ബ്രേക്കിംങ് ന്യൂസുകളും ആവില്ല. ശ്രീക്കുട്ടിയുടെ പിതാവ് പറയുന്നു. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ട്രെയിനിംങ്ങ് സെന്ററിലെ രണ്ടാം വർഷ എൻ.എൻ.എം വിദ്യാർത്ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തിൽ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തയ്യാറെടുക്കുകയാണ് ഈ കുടുംബം.

MNM Recommends


Most Read