വാർത്ത

ഹിസ്ബുൾ അടക്കമുള്ള തീവ്രവാദ സംഘടനകൾക്ക് പതിവായി ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരൻ; ഓപ്പറേഷനുകളെല്ലാം അതീവരഹസ്യമായി; ബിജെപി നേതാവായ മുൻ സർപാഞ്ച് ഷോപ്പിയാനിൽ എൻഐഎയുടെ പിടിയിൽ; അറസ്റ്റിലായത് താരിഖ് അഹമ്മദ് മിർ; ബന്ധം പുറത്തുവന്നത് ജമ്മു-കശ്മീർ പൊലീസ് ഓഫീസർ ദേവീന്ദർ സിങ്ങുമായി ബന്ധപ്പെട്ട തീവ്രവാദക്കേസ് അന്വേഷണത്തിനിടെ

ശ്രീനഗർ: തീവ്രവാദികൾക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്തുവെന്ന് ആരോപിച്ച് ബിജെപി ബന്ധമുള്ള മുൻ സർപാഞ്ചിനെ ഷോപ്പിയാനിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. ജമ്മു-കശ്മീർ പൊലീസ് ഓഫീസർ ദേവീന്ദർ സിങ്ങുമായി ബന്ധപ്പെട്ട തീവ്രവാദക്കേസിലാണ് അറസ്റ്റ് 36കാരനായ താരിഖ് അഹമ്മദ് മിറാണ് പിടിയിലായത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ നവീദ് മുഷ്തഖ് ഷായെ ചോദ്യം ചെയ്തപ്പോഴാണ് മിറിന് മറ്റു ഭീകരസംഘടനകൾക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്.

2011-ൽ താരിഖ് അഹ്മദ് മിർ ഷോപ്പിയാൻ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ബിജെപിയുടെ പിന്തുണയോടെയായിരുന്നു. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ വാചി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
തീവ്രവാദികൾക്ക് ആയുധം എത്തിച്ചുനൽകുന്ന ഇടനിലക്കാരനാണ് മിർ എന്നും ഇയാളെ കോടതിയിൽ ഹാജരാക്കി ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുണ്ടെന്നും ഒരു മുതിർന്ന എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു. ദേവീന്ദർ സിങ് അറസ്റ്റ് ചെയ്യപ്പെട്ട കേസുമായി താരിഖ് മിറിന് നേരിട്ട് ബന്ധമില്ലെങ്കിലും ഹിസ്ബുൾ അടക്കമുള്ള നിരവധി സംഘങ്ങൾക്ക് ഇയാൾ ആയുധമെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് ആക്രമണ കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്സൽ ഗുരുവിനെ കേസിൽ കുരുക്കിയെന്ന് ആരോപണമുള്ള ദേവീന്ദർ സിങ് ജനുവരിയിലാണ് തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായത്. 2018-ൽ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

തീവ്രവാദികൾക്ക് ഒത്താശ നൽകിയ ജമ്മു-കശ്മീർ ഡിസിപി ദേവീന്ദർ സിങ് താൻ 12 ലക്ഷം രൂപ അവരിൽ നിന്ന് കൈപ്പറ്റിയതായി സമ്മതിച്ചിരുന്നു. കുൽഗാമിൽ നിന്ന് രണ്ട് ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പമാണ് ദേവീന്ദറിനെ ജനുവരിയിൽ പിടികൂടിയത്. ബാനിഹാൾ തുരങ്കം വഴി ഭീകരെ ജമ്മുവിൽ എത്തിക്കാമെന്നും അവിടെ നിന്നും ചണ്ഡിഗഡിൽ എത്തിക്കാമെന്നുമായിരുന്നു ദേവീന്ദറും ഭീകരരും തമ്മിലുള്ള കരാർ. ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇവരെ ഒരുസ്വകാര്യ വാഹനത്തിൽ സഞ്ചരിക്കവേയാണ് കസ്റ്റഡിയിലെടുത്തത്. ദേവീന്ദർ ഇവരുടെ പക്കൽ നിന്ന് 12 ലക്ഷം വാങ്ങിയതായി കശ്മീർ ഐജി വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചു.

പ്രാഥമികാന്വേഷണത്തിൽ ദേവീന്ദർ സിങ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയിദ് നവീദ് മുഷ്താഖ്, റാഫി റാത്തർ, എന്നിവരെ കീഴടങ്ങാൻ കൊണ്ടുവരികയായിരുന്നുവെന്ന് അവകാശപ്പെട്ടുവെങ്കിലും, ഭീകരരെ ചോദ്യം ചെയ്തപ്പോൾ കള്ളി പൊളിഞ്ഞു. തീവ്രവാദികൾക്ക് അങ്ങനെയൊരു കീഴടങ്ങൽ പദ്ധതിയെ കുറിച്ച് അറിവൊന്നുമില്ലായിരുന്നു. ബാനിഹാൾ തുരങ്കം കടക്കുന്നതിന് ഇയാൾ 12 ലക്ഷം രൂപ തീവ്രവാദികളോട് ചോദിച്ചുവെന്നാണ് ഇന്റലിജൻസ് വിവരം. ഇക്കാര്യത്തിൽ ഭീകരരുമായി ധാരണയിൽ എത്തുകയും ചെയ്തു. സിങ് തന്നെ ധൈര്യപൂർവം കാറിലിരുന്നത് അമിത ആത്മവിശ്വാസം കൊണ്ടാണ്. ഡിവൈഎസ്‌പി ആയതുകൊണ്ട് തന്റെ കാർ തടഞ്ഞുനിർത്തി ആരുംപരിശോധിക്കില്ലെന്നാണ് സിങ് കരുതിയത്. കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജമ്മു-കശ്മീർ പൊലീസും ഐബിയും മറ്റ് ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത് എന്നതുകൊണ്ട് തന്നെ സിങ്ങിന്റെ നുണകളൊന്നും വിലപ്പോയില്ല.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read