വാർത്ത

ആറ് പേർ ചേർന്ന് മുംബൈയിൽ ആക്രമണം നടത്തും; അവർ ഇന്ത്യാക്കാർ തന്നെയായിരിക്കും; മുംബൈയിൽ 26/11 മോഡൽ ഭീകരാക്രമണം ആവർത്തിക്കുമെന്ന് ഭീഷണി സന്ദേശം; ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് നമ്പറിൽ വന്ന സന്ദേശം പാക്കിസ്ഥാനിൽ നിന്നെന്ന് സൂചന

മുംബൈ : മുംബൈയിൽ 26/11 മാതൃകയിൽ ഭീകരാക്രമണം ആവർത്തിക്കുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ടസ്ആപ്പ് നമ്പറിൽ വന്ന സന്ദേശങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി.

വിദേശത്തെ നമ്പറിൽ നിന്നാണ് സന്ദേശം വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വർളിയിൽ പ്രവർത്തിക്കുന്ന ട്രാഫിക് കൺട്രോൾ റൂമിലാണ് സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് വാട്ട്സ്ആപ്പ് സന്ദേശം വന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സന്ദേശം വന്നതിനെക്കുറിച്ച് സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആറുപേർ ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും, അവർ ഇന്ത്യക്കാർ തന്നെയാണെന്നുമാണ് ഭീഷണി സന്ദേശം. 26/11 ആക്രമണം, ഉദയ്പുർ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തിൽ പരാമർശമുണ്ട്. സമാനമായ രീതിയിൽ രാജ്യത്ത് ആക്രമണം നടത്തും. ഇന്ത്യയ്ക്കു പുറത്താണ് താനിപ്പോൾ ഉള്ളത്. ഇന്ത്യയിൽ തന്നെയുള്ള ആറ് പേർ ചേർന്ന് മുംബൈയിൽ ആക്രമണം നടത്തുമെന്നുമാണ് സന്ദേശം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഫോൺ നമ്പറാണ് ഇതെന്ന് കണ്ടെത്താനായിട്ടുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം സന്ദേശം വ്യാജമാണോയെന്നും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തെ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായെത്തിയ ബോട്ട് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. റായ്ഗഡിൽ നിന്നും എകെ 47 തോക്കുകൾ വെടിയുണ്ടകൾ അടക്കമുള്ള ആയുധങ്ങളാണ് ബോട്ടിൽ നിന്നും കണ്ടെടുത്തത്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. 2008 നവംബർ 26ന് വിവിധ സ്ഥലങ്ങളിലായാണ് ലഷ്‌കർ ഇ തോയ്ബ പാക് ഭീകരർ മുംബൈയിൽ ആക്രമണം നടത്തിയത്. ഇതിൽ 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read