വാർത്ത

കനയ്യ കുമാറിന് കനത്ത തിരിച്ചടി; ബേഗുസരായിയിൽ സിപിഐ മത്സരിക്കും; ഡി.രാജയുടെ പിടിവാശിക്ക് വഴങ്ങി ആർജെഡിയും കോൺഗ്രസും

പട്‌ന: ബേഗുസരായി ലോക്‌സഭാ മണ്ഡലത്തിൽ വീണ്ടും മൽസരിക്കാമെന്ന കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. ബേഗുസരായി മണ്ഡലത്തിനായുള്ള സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ പിടിവാശിക്ക് ആർജെഡിയും കോൺഗ്രസും വഴങ്ങി. സിപിഐയുടെ അവധേഷ് റായിയാണു ബേഗുസരായിയിൽ ഇന്ത്യാസഖ്യ സ്ഥാനാർത്ഥി.

ഇന്ത്യാസഖ്യ സീറ്റു വിഭജനത്തിൽ ബേഗുസരായി മണ്ഡലം കനയ്യ കുമാറിനായി നേടണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ താൽപര്യം വിലപ്പോയില്ല. കോൺഗ്രസ് സംസ്ഥാന നേതൃത്വം കനയ്യയുടെ മണ്ഡലത്തിനായി വേണ്ടത്ര സമ്മർദ്ദം ചെലുത്തിയതുമില്ല.

സിപിഐ വിട്ടു കോൺഗ്രസിലേക്കു പോയ കനയ്യ കുമാറിനെ ഒതുക്കുകയെന്ന അജൻഡയുമായി പട്‌നയിലെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തിയാണു ബേഗുസരായി സീറ്റുറപ്പിച്ചത്. ലാലു പ്രസാദ് യാദവിനും കനയ്യ കുമാറിനോടു താൽപര്യക്കുറവുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ താര സ്ഥാനാർത്ഥിയായി കനയ്യ കുമാർ ബേഗുസരായി മണ്ഡലത്തിൽ മൽസരിച്ചതു ദേശീയ ശ്രദ്ധ നേടിയിരുന്നു. ത്രികോണ മൽസരത്തിൽ ബിജെപിയുടെ ഗിരിരാജ് സിങ് 4.22 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കനയ്യയെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ആർജെഡിയുടെ തൻവീർ ഹസൻ രണ്ടു ലക്ഷത്തോളം വോട്ടുകൾ നേടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐ ബിഹാറിൽ ആർജെഡി സഖ്യത്തിന്റെ ഭാഗമായിരുന്നില്ല.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read