വാർത്ത

പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമില്ല; എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാകുമെന്ന് ബൽബീർ സിങ് രജേവാൾ

അമൃത്സർ: അപഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്നു കർഷക സമര നേതാവും സംയുക്ത സമാജ് മോർച്ച മേധാവിയുമായ ബൽബീർ സിങ് രജേവാൾ. ഒരാഴ്ചയ്ക്കകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരം വിജയിച്ചതിനു പിന്നാലെയാണ് കർഷക സമരത്തിൽ പങ്കെടുത്ത സംഘടനകൾ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.

എഎപിയുമായി ഇവർ സഖ്യത്തിലാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എഎപിയുമായി യാതൊരു കൂട്ടുകെട്ടുമില്ലെന്നു രജേവാൾ അറിയിച്ചു. മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്നതു കാത്തിരുന്നു കാണാം.

സ്ഥാനാർത്ഥികളെ കണ്ടെത്താനും പ്രകടനപത്രിക തയാറാക്കാനും മറ്റുമായി മൂന്നു കമ്മിറ്റികൾ രൂപീകരിച്ചു. കർഷകർ മാത്രമല്ല, എസ്‌സി വിഭാഗം ഉൾപ്പെടെ സമൂഹത്തിലെ എല്ലാവരുടെയും പ്രാതിനിധ്യം സ്ഥാനാർത്ഥിപ്പട്ടികയിലുണ്ടാകും രജേവാൾ വ്യക്തമാക്കി.

മറ്റൊരു കർഷക സമര നേതാവും സംയുക്ത സംഘർഷ് പാർട്ടി മേധാവിയുമായ ഗുർനാം സിങ് ചദുനിയുമായി എസ്എസ്എം നേതാക്കൾ ചർച്ച നടത്തി. കാർഷിക നിയമങ്ങൾക്കെതിരെ 32 കർഷക സംഘടനകളാണ് സംയുക്ത കിസാൻ മോർച്ച എന്ന പേരിൽ പ്രതിഷേധിച്ചത്.

ന്യൂസ് ഡെസ്‌ക്‌ editor@marunadanmalayali.com

MNM Recommends


Most Read