വാർത്ത

മൂല്ലപ്പെരിയാറിൽ കേന്ദ്ര സേന വരില്ല; അണക്കെട്ടിന്റെ സുരക്ഷയ്ക്ക് സിഐഎസ്എഫിനെ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. അക്കാര്യം തീരുമാനിക്കേണ്ടത് കേരളസർക്കാരാണെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം ഇക്കാര്യത്തിലുള്ള വിയോജിപ്പ് നേരത്തെതന്നെ സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. സിഐഎസ്എഫിനെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.

ക്രമസമാധാനപാലനം ഭരണഘടനാപരമായി കേരളത്തിന്റെ അധികാരത്തിൽ വരുന്നതാണ്. അതിനാൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ നിലനിൽക്കില്ലെന്നായിരുന്നു കേരളം വ്യക്തമാക്കിയത്. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിനകത്തായതിനാൽ സുരക്ഷ നൽകാൻ സർക്കാരിന് പൂർണ ഉത്തരവാദിത്വമുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിലാണ് അനുകൂല നിലപാട് ഇപ്പോൾ കേന്ദ്രം എടുത്തിരിക്കുന്നത്.

അണക്കെട്ടിന്റെ സുരക്ഷക്കായി കേരളം നിയോഗിച്ച പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിനാൽ കേന്ദ്രസേനയായ സിഐഎസ്.എഫ് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയിൽ നൽകിയ പ്രത്യേക അപേക്ഷയിലാണ് കേന്ദ്രത്തിന്റെ മറുപടി. ഫലത്തിൽ അണക്കെട്ട് കേരളത്തിന്റെ പരിധിയിലാണെന്ന് സമ്മതിക്കുക കൂടിയാണ് കേന്ദ്രം. കേരളത്തിന് അണക്കെട്ടിൽ പൂർണ്ണ നിയന്ത്രണാധികാരമുണ്ടെന്ന നിഗമനത്തിൽ കേന്ദ്ര സർക്കാർ എത്തിയതിന്റെ പ്രതിഫലനമാണ്.

ഇപ്പോൾ അണക്കെട്ടിന് കേരള പൊലീസും വനംവകുപ്പും ഏർപ്പെടുത്തിയ സുരക്ഷ തൃപ്തികരമാണ്. അതുകൊണ്ട് കേരളം ആവശ്യപ്പെട്ടാതെ കേന്ദ്രസേനയെ വിന്യസിക്കാൻ കഴിയില്ലെന്നും കേന്ദ്രം തമിഴ്‌നാടിനെ അറിയിച്ചു.

 

MNM Recommends


Most Read