വാർത്ത

പഞ്ചകുളയിൽ കലാപമുണ്ടാക്കാൻ ഹണിപ്രീത് നൽകിയത് ഒന്നേകാൽ കോടി; റാം റഹീം സിങ്ങിനെതിരായ വിധിക്കെതിരെ കലാപമുണ്ടാക്കാൻ വളർത്തുമകൾ കൂട്ടുനിന്നതിന് തെളിവ്; 38 പേർ കൊല്ലപ്പെട്ട കലാപത്തിൽ ആൾദൈവത്തിന്റെ ഡ്രൈവറുടെ മൊഴി നിർണായകം

പഞ്ച്കുള: മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ കലാപമുണ്ടാക്കാൻ ഒന്നേകാൽ കോടി നൽകിയതിന് തെളിവു ലഭിച്ചു. ഹണിപ്രീത് ഇൻസാന് (36) കലാപത്തിൽ നേരിട്ടു പങ്കുണ്ടെന്ന് വ്യക്തമാക്കി ഗുർമീതിന്റെ ഡ്രൈവർ തന്നെയാണ് മൊഴി നൽകിയിട്ടുള്ളത്.

പഞ്ച്കുള ബ്രാഞ്ചിന്റെ തലവനു ഹണിപ്രീത് 1.25 കോടി നൽകിയെന്നാണു വെളിപ്പെടുത്തൽ. ഗുർമീതിന്റെ സന്തതസഹചാരി കൂടിയായ ഡ്രൈവർ രാകേഷ് കുമാറാണ് ഇങ്ങനെ മൊഴി നൽകിയത്. പഞ്ച്കുള ബ്രാഞ്ച് തലവൻ ചംകൗർ സിങ്ങിനു നൽകിയ പണം കലാപത്തിനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗുർമീതിനെതിരെ കോടതിവിധി വന്നതിനെ തുടർന്നു പഞ്ച്കുളയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു നേതൃത്വം നൽകിയെന്ന കേസിലാണു ഹണിപ്രീത് എന്ന പ്രിയങ്ക തനേജയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒരു മാസത്തിലേറെ ഒളിവിലായിരുന്നു ഇവർ. രാജ്യദ്രോഹക്കുറ്റം, കലാപശ്രമം, ഗുർമീതിനെ കോടതയിൽനിന്നു രക്ഷിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

കേസിൽ വിധി എതിരാകുമെന്ന് മുൻകൂട്ടിക്കണ്ട് അങ്ങനെ വന്നാൽ വൻ കലാപമുണ്ടാക്കാൻ ആസൂത്രണം ചെയ്യാനാണ് പണം നൽകിയതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സെപ്റ്റംബർ 27നാണ് രാകേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഓഗസ്റ്റ് 15ന് കേസിന്റെ വിധി ദിവസം ഗുർമീതിനെയും ഹണിപ്രീതിനെയും പഞ്ച്കുളയിൽ എത്തിച്ചതും വിധിക്കുശേഷം ഹണിപ്രീതിനെ തിരികെ സിർസയിൽ എത്തിച്ചതും ഇയാളായിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തലവൻ എസിപി മുകേഷ് മൽഹോത്രയുടെ കസ്റ്റഡിയിലാണു രാകേഷ് ഇപ്പോൾ. വിധി പ്രസ്താവിച്ചതിനു പിന്നാലെയുണ്ടായ കലാപത്തിൽ 38 പേരാണു കൊല്ലപ്പെട്ടത്.

വിധി എതിരാകുമെന്ന വിലയിരുത്തലിൽ അതിനുമുൻപു തന്നെ കലാപം നടത്താനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പഞ്ച്കുള കമ്മിഷണർ എ.എസ്.ചൗല പറഞ്ഞു. ഹണിപ്രീതിനൊപ്പം അറസ്റ്റിലായ സുഖ്ദീപ് കൗറും ഭർത്താവ് ഇക്‌ബാൽ സിങ്ങും ദേരയുടെ അടിസ്ഥാന ഗ്രൂപ്പിൽപ്പെട്ടവരാണ്. ആയുധങ്ങൾ കൈകാര്യം ചെയ്യാനും ഡ്രൈവിങ്ങിനും സുഖ്ദീപിന് പരിശീലനം ലഭിച്ചിരുന്നു. അതേസമയം, ചോദ്യം ചെയ്യലിൽ പൊലീസിനോടു ഹണിപ്രീത് സഹകരിച്ചില്ലെന്നു മാത്രമല്ല വഴിതെറ്റിക്കാൻ ശ്രമം നടത്തിയെന്നും കമ്മിഷണർ പറഞ്ഞു.

MNM Recommends


Most Read