വാർത്ത

ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയത് പുനഃസ്ഥാപിക്കുമെന്ന ദിഗ്‌വിജയ് സിങ്ങിന്റെ പരാമർശം; കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയതിനെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ അഭിപ്രായം ആയുധമാക്കി ബിജെപി. 370ാം വകുപ്പ് വിഷയത്തിൽ കോൺഗ്രസ് പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തുവന്നു. ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടത് പോലെ കോൺഗ്രസ് ഭരണത്തിലേറിയാൽ ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയ നടപടി പുനഃപരിശോധിക്കുമോ -രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.

ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയത് അങ്ങേയറ്റം വിഷമകരമായെന്നും കോൺഗ്രസ് ഭരണത്തിലേറിയാൽ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും ക്ലബ് ഹൗസ് ചർച്ചയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞതായി ആരോപണമുയർന്നിരുന്നു. പാക്കിസ്ഥാൻ വംശജനായ മാധ്യമപ്രവർത്തകനുള്ള പ്ലാറ്റ്‌ഫോമിൽ സിങ് ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് ബിജെപിയാണ് സംഭവം വിവാദമാക്കിയത്. സിങ്ങിന്റെ ചെയ്തികൾ എൻ.ഐ.എ അന്വേഷിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ക്ലബ് ഹൗസ് ചാറ്റിൻേറതാണെന്ന് അവകാശപ്പെട്ട് സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

'370ാം വകുപ്പ് എടുത്തുകളഞ്ഞതുമുതൽ കശ്മീരിൽ ജനാധിപത്യം ഇല്ലാതായി. എല്ലാവരെയും ജയിലിൽ അടച്ചതോടെ അവിടെ മാനവികതയും ഇല്ലാതായി. കശ്മീരിയത്ത് ആണ് മതേതരത്വത്തിന്റെ അടിസ്ഥാനം. കാരണം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു രാജാവായിരുന്നു ഉണ്ടായിരുന്നത്. അവർ ഒന്നിച്ചുപ്രവർത്തിച്ചു. അതിന്റെ ഫലമായി കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ സർവിസുകളിൽ സംവരണമേർപ്പെടുത്തി. അതിനാൽ തന്നെ 370ാം വകുപ്പ് എടുത്തുകളഞ്ഞത് ഏറ്റവും വിഷമിപ്പിക്കുന്ന തീരുമാനമായിരുന്നെന്നും കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ ഈ വിഷയത്തിൽ പുനഃപരിശോധന നടത്തുന്നുമെന്നുമായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പരാമർശം. ലീക്ക് ചെയ്ത ഈ സംസാരത്തിന്റെ ഓഡിയോ സ്‌ക്രീൻ ഷോട്ടോടെയാണ് പ്രചരിപ്പിച്ചത്.

സിങ് രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്നും ദേശവിരുദ്ധ പ്രവൃത്തിയുടെ ഗണത്തിലാണ് പരാമർശം ഉൾപ്പെടുകയെന്നും ബിജെപി നേതാക്കൾ ആരോപിച്ചിരുന്നും. ക്ലബ് ഹൗസ് ചർച്ചക്കിടെ സിങ് പറഞ്ഞത് പാക്കിസ്ഥാൻകാരനായ മാധ്യമപ്രവർത്തകനോടാണെന്നതാണ് ബിജെപി വിവാദമാക്കി ഉയർത്തിക്കൊണ്ടുവരുന്നത്. ഈ വിഷയത്തിൽ സോണിയയും രാഹുലും പ്രതികരിക്കണമെന്ന് ബിജെപി വക്താവ് സാംബിത് പാത്രയും ആവശ്യപ്പെട്ടു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read