വാർത്ത

ഇ.ഡി കേസിനു പിന്നാലെ എംഎ‍ൽഎ സ്ഥാനം രാജിവെച്ച് അജിത് പവാർ; എംഎൽഎയ്ക്ക് പുറമെ ശരത് പവാർ, ജയന്ത് പാട്ടീൽ ഉൾപ്പെടെ 76പേർക്കെതിരെ കേസ്; അജിത് പാർട്ടി വിട്ടേക്കുമെന്നും സൂചന  

മുംബൈ: മുംബൈ: 25,000 കോടിയുടെ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെ എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എംഎ‍ൽഎ സ്ഥാനം രാജിവെച്ചു. രാജിയുടെ കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ.

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസിൽ അജിത് പവാറിന് പുറമെ എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ജയന്ത് പാട്ടീൽ ഉൾപ്പെടെ 76 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.സഹകരണ യൂണിറ്റുകളുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാതെ സഹകരണ പഞ്ചസാര ഫാക്ടറികൾക്കും, സ്പിന്നിങ്ങ് മില്ലുകൾക്കും, മറ്റു പ്രോസസിങ് യൂണിറ്റുകൾക്കും മഹാരാഷ്ട്ര ബാങ്ക് അനധികൃതമായി വായ്പ നൽകി എന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.

അജിത് പവാറിന്റെ രാജി കാരണം വ്യക്തമായിട്ടില്ല. അജിത് പവാർ പാർട്ടി വിടുന്നതിന്റെ സൂചനയാണിതെന്നും സംശയിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് എൻ.സി.പി. നടത്തുന്ന റാലികളിൽ പാർട്ടി കൊടിക്കുപുറമേ കാവിക്കൊടികളും ഉയർത്താനുള്ള അജിത് പവാറിന്റെ തീരുമാനത്തിനെതിരെ ശരദ് പവാർ രംഗത്ത് വന്നിരുന്നു. പാർട്ടി തീരുമാനമല്ലെന്നും സ്വന്തം നിലയിൽ അജിത് പവാർ നടത്തിയ നീക്കമാണെന്നും ശരത് പവാർ പറഞ്ഞിരുന്നു.

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മാസം ബാക്കിനിൽക്കെ അപ്രതീക്ഷിതമായാണ് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ, സഹോദരപുത്രൻ അജിത് പവാർ എന്നിവരടക്കം 76 പേർക്കെതിരെ എൻഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കേസെടുത്തത്.മഹാരാഷ്ട്രയിലെ ബാരാമതിയിൽനിന്നുള്ള എംഎ‍ൽഎയാണ് അജിത് പവാർ. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി മഹാരാഷ്ട്ര നിയമസഭ സ്പീക്കർ ഹരിഭാവു ബഗ്‌ഡേ പറഞ്ഞു.

അതേസമയം, എൻഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ഓഫീസിൽ ഇന്ന് ഹാജരാവില്ലെന്ന് ശരത് പവാർ അറിയിച്ചു. ക്രമസമാധന പ്രശ്‌നം മുൻ നിർത്തി ഇ.ഡി ഓഫീസിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് മുംബൈ സിറ്റി പൊലീസ് കമീഷണർ പവാറിനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇ.ഡി മുമ്പാകെ ഹാജരാവുന്നതിൽ നിന്ന് പവാർ പിന്മാറിയത്.ശരത് പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജനം വിശ്വസിക്കില്ലെന്ന് ശിവസേന എംപി സഞ്ജയ് റൗട്ട് പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമായാണ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്നായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read