വാർത്ത

മാർഗംകൂടി നിങ്ങളെ പോലെയാകാം; സുന്നത്ത് ചെയ്യുകയുമില്ല; മക്കയിൽ പോകണമെന്ന ആഗ്രഹം ഇങ്ങനെ പങ്കുവച്ചപ്പോൾ അയ്യോ അത് പറ്റില്ലെന്ന് ചന്ദ്രികയുടെ ലേഖകൻ പറഞ്ഞു; ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അതിനേയും എന്നേയും എന്റെ വസ്ത്രത്തേയും വലിച്ചു കീറാനാണ് മാധ്യമങ്ങളുടെ ആഗ്രഹം; ഹൃദയത്തിലെ ഈശ്വരനെ മനസ്സിലാക്കിയാൽ ആർക്കും എവിടേയും പോകാം; ജാതിയില്ലാത്ത ഞാനെന്തിന് ജാതി മാറണം? വിവാദങ്ങൾക്ക് മറുപടിയുമായി യേശുദാസ്; ഗാനഗന്ധർവ്വൻ ആരാധകരോട് പറഞ്ഞത് കേൾക്കാം

തിരുവനന്തപുരം: സൂര്യയുടെ വേദിയിൽ തന്റെ ക്ഷേത്ര പ്രവേശനം വിവാദമാക്കിയവരെ കടന്നാക്രമിച്ച് ഗാനഗന്ധർവ്വൻ യേശുദാസ്. സൂര്യയുടെ യോഗം തുടങ്ങിയപ്പോഴും യേശുദാസ് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. എന്നാൽ തന്റെ കച്ചേരി കഴിഞ്ഞ ശേഷം മാധ്യമങ്ങളേയും വിവാദമുണ്ടാക്കുന്നവരേയും കടന്നാക്രമിക്കുകയാണ് യേശുദാസ് ചെയ്തത്. തനിക്ക് ജാതിയില്ലെന്നും ജാതിയില്ലാത്ത താനെന്തിന് ജാതി മാറണമെന്നും യേശുദാസ് ചോദിച്ചു. പത്മനാഭ സ്വാമീക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വിശദീകരിച്ചു. ഗുരുവായൂരിൽ കയറ്റമ്പോൾ കയറുമെന്നും എല്ലാം ഈശ്വരന് അറിയാമെന്നുമായിരുന്നു യേശുദാസിന്റെ പ്രതികരണം. ചന്ദ്രികയ്ക്ക് മുമ്പ് കൊടുത്ത മറുപടി എടുത്തു പറഞ്ഞ് സൂര്യമേളയിലെത്തിയവരും കൈയടി യേശുദാസ് വാങ്ങുകയും ചെയ്തു.

വിവാദങ്ങൾ ഒഴിവാക്കിയായിരുന്നു കച്ചേരി തുടങ്ങും മുമ്പ് യേശുദാസിന്റെ പ്രതികരണം. ശ്രീ പത്മനഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സമയമായിട്ടില്ലെന്ന് പറഞ്ഞ ഗാനഗന്ധർവൻ ഇതിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കേണ്ടകാര്യമില്ലെന്നും കൂട്ടിച്ചേർത്തു. ക്ഷേത്രത്തിലേക്ക് വലിഞ്ഞു കയറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിന് അനുമതി കിട്ടിയതോടെ എന്നാണ് അദ്ദേഹം എത്തുക എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സൂര്യ സംഗീതോത്സവത്തിൽ പങ്കെടുക്കുവാൻ അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. നവരാത്രി ദിനത്തിൽ അദ്ദേഹം സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. യേശുദാസിനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന കത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കൈമാറിയിരുന്നു. താൻ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നുവെന്നും ക്ഷേത്രത്തിൽ തൊഴാൻ അനുവദിക്കണമെന്ന് അപേക്ഷയെത്തുടർന്നായിരുന്നു ഇത്. ഇതോടെയാണ് സൂര്യമേളയിലെ പരിപാടിക്ക് ശ്രദ്ധ കൂടിയത്. തുടക്കത്തിൽ മയത്തിൽ പറഞ്ഞ യേശുദാസ് ഒടുക്കം വിമർശകർക്ക് ചുട്ട മറുപടി നൽകി. ക്യാമറകളോ മാധ്യങ്ങളോ എല്ലാം അപ്പോൾ വേദി വിട്ടു പോയിരുന്നു. ഇത് കൂടി മനസ്സിൽ വച്ചായിരുന്നു തന്റെ പ്രേക്ഷകർക്ക് മുമ്പിൽ യേശുദാസ് മനസ്സ് തുറന്നത്.

സൂര്യയിൽ മംഗളം പാടി യേശുദാസ് കച്ചേരി അവസാനിച്ചതോടെ നീണ്ട കരഘോഷം ഉയർന്നു. എല്ലാവരും പുറത്തേക്ക് പോകാൻ എഴുന്നേറ്റു. അപ്പോഴായിരുന്നു ഗാനഗന്ധർവ്വന്റെ ഇടപെടൽ. എവിടെ പോകുന്നു. എനിക്ക് കുറിച്ച് കാര്യങ്ങൾ കൂടി പറയാനുണ്ടെന്ന് എന്ന ആമുഖത്തോടെയാണ് വിവാദത്തിലേക്ക് കടന്നത്. ക്ഷേത്ര പ്രവേശനത്തെ വിവാദമാക്കുന്നവരേയും സെൻസേഷൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരേയും യേശുദാസ് കടന്നാക്രമിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. ഇക്കാര്യത്തിൽ മുൻ പ്രസിഡന്റ് അബ്ദുൾ കലാമിനെയാണ് താൻ മാതൃകായാക്കുന്നതെന്നും യേശുദാസ് പറഞ്ഞു.

അമേരിക്കയിൽ എല്ലാവരേയും ചെക്ക് ചെയ്തിട്ടേ വിടൂ. അത് പ്രസിഡന്റായാലും. ഇത് തന്നെയാണ് അബ്ദുൾ കലാമും ചെയ്തത്. അത് ഇവിടെ അടിയനും പിന്തുടരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരു ഫോമുണ്ടെന്ന് പറഞ്ഞു. അത് ഒപ്പിട്ടു കൊടുക്കുകയാണ് ചെയ്തത്. അതിൽ ഒപ്പിട്ടാൽ ഒരു പ്രശ്‌നമില്ല. ആർക്ക് വേണമെങ്കിലും ക്ഷേത്രത്തിൽ കയറാമെന്നാണ് പറഞ്ഞത്. സത്യത്തോടു കൂടിയും വിശ്വാസത്തോടു കൂടിയും അവിടെ പ്രവേശിക്കാൻ വേണ്ടിയാണ് ഒപ്പിട്ട് കൊടുത്തത്. അല്ലാതെ അവിടെ കേറി പ്രശ്‌നമുണ്ടാക്കാനല്ല.

ഇന്നലെ നമ്മുടെ അവിടെ ചെറിയൊരു പരിപാടി ണ്ടായിരുന്നു. സാധാരണ മാധ്യമങ്ങളെ വിളിച്ചാൽ നല്ലകാര്യങ്ങൾക്ക് ആരും വരാറില്ല. ഇന്നലെ വലിയ ആളായിരുന്നു. ഇരിക്കാൻ പോലും സ്ഥലമില്ലായിരുന്നു. ഇതിന് കാരണം അവർക്ക് എന്നെ കൊണ്ട് ഇക്കാര്യത്തിൽ എന്തെങ്കിലും പറയിക്കണമായിരുന്നു. അതിന് ശേഷം അതിനെ വിലച്ചു കീറി എന്നേയും കീറി, എന്റെ വസ്ത്രത്തേയും എന്തെങ്കിലുമൊക്കെ ആക്കണം. എന്റെ ഈശ്വരാ ഇവർക്ക് നല്ല ബുദ്ധികൊടുക്കണം. നല്ലത് ചിന്തിച്ചാൽ അവരുടെ പേനയിൽ നിന്ന് നല്ലത് വരും. അതിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

എന്റെ ഈശ്വരൻ എന്റെ ഹൃദയത്തിലുണ്ട്. ഇത് മനസ്സിലാക്കിയാൽ പ്രശ്‌നമില്ല. എല്ലാവരുടെ മനസ്സിലുമുണ്ട്. ഇത് മനസ്സിലാക്കിയാൽ എവിടേയും പോകും. വളരെ വർഷങ്ങൾക്ക് മുമ്പ് ചന്ദ്രികയുടെ ലേഖകൻ ചോദിച്ചു. നിങ്ങളെ എന്തുകൊണ്ട് ഗുരുവായൂരിൽ കയറ്റുന്നില്ലെന്ന്. അപ്പോൾ ദൈവം ബുദ്ധി തന്നു. ഞാൻ തിരിച്ചൊരു ചോദ്യം ചേദിച്ചു. ഞാൻ നിങ്ങലെ പോലെ മാർഗ്ഗം കൂടിയിട്ട് സുന്നത്തൊന്നും കഴിക്കാതെ മക്കയിൽ പോകണമെന്ന് ആഗ്രഹമുണ്ട്? അതു കേട്ടപ്പോൾ അതെങ്ങനെ എന്നായിരുന്നു ചോദ്യം. അതിന് താൻ അപ്പോഴിവിടെ ഇതിങ്ങനെയെന്നും മറുപടി നൽകി. അത്രയേ കാര്യമുള്ളൂ.

വെറുതെ വലിഞ്ഞു കയറി പ്രശ്‌നമുണ്ടാക്കാൻ ഞാനില്ല. കയറ്റുമ്പോൾ കയറാം. അത്രമാത്രം. എല്ലാം അറിയുന്ന ആളാണ് അവിടെയുള്ളത്. ഇത് അറിയാമെങ്കിൽ ഒന്നും മിണ്ടില്ല വാമൂടി ഇരിക്കുകയേ ഉള്ളൂ-യേശുദാസ് പറഞ്ഞു നിർത്തി.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read