വാർത്ത

നടിയെ ആക്രമിച്ച കേസ്: ജനങ്ങളുടെ കോടതിയുടെ ശിക്ഷ ദിലീപ് അനുഭവിക്കുന്നു; ഇറങ്ങുന്ന പടങ്ങളെല്ലാം പൊളിയുന്നു; യുവതാരങ്ങൾക്ക് ഇടയിൽ കഞ്ചാവ് സുലഭം; കോവിഡ് തിരിച്ചടിയായത് തിയേറ്ററുകൾക്ക്; ഒടിടി പ്ലാറ്റ്‌ഫോം പ്രതിസന്ധി രൂക്ഷമാക്കിയെന്നും ലിബർട്ടി ബഷീർ

തലശ്ശേരി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്നും ഇത് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞവെന്നും അതിനുള്ള ഉദാഹരണം ആണ് അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കാത്തതെന്നും ലിബർട്ടി തിയേറ്ററിന്റെ ഉടമയും നിർമ്മാതാവുമായ ലിബർട്ടി ബഷീർ.

ആക്രമിക്കപ്പെട്ട ആ കുട്ടിയോട് ക്രൂരത ചെയ്തു എന്നത് എല്ലാവർക്കും അറിയാം. കോടികൾ മുടക്കി ദിലീപ് കുറ്റവിമുക്തനായേക്കാം. പക്ഷെ കുറ്റം ചെയ്തത് കുറ്റമായി തുടരും. ജനങ്ങളുടെ കോടതി ശിക്ഷിച്ചിരിക്കും. ജനങ്ങളുടെ കോടതിയുടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ദിലീപ് ഇപ്പോൾ. ഇറങ്ങുന്ന പടങ്ങളെല്ലാം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഏറ്റവും മാർക്കറ്റുള്ള നടനായിരുന്ന ദിലീപ് ഇന്ന് ഏറ്റവും മാർക്കറ്റ് കുറഞ്ഞ ആർട്ടിസ്റ്റായി മാറിയെന്നും ലിബർട്ടി ബഷീർ തുറന്നടിച്ചു.



കോവിഡ് പ്രതിസന്ധി സിനിമ മേഖലയിൽ ഏറ്റവും രൂക്ഷമായി ബാധിച്ചത് തിയേറ്ററുകളെ മാത്രമാണെന്നും നിർമ്മാതാക്കൾക്കും ആർട്ടിസ്റ്റുകൾക്കും നേട്ടം മാത്രമാണ് കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ളതെന്നും ലിബർട്ടി ബഷീർ പറഞ്ഞു. കോവിഡിന്റെ മൂന്നാം തുടങ്ങുമുമ്പെ യഥാർത്ഥത്തിൽ തീയേറ്ററുകളെ പിടിച്ചുലച്ചു എന്നും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ലിബർട്ടി ബഷീർ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഒന്നാം കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ഇളവനുവദിച്ച് തിയേറ്റർ തുറന്നെങ്കിലും അഞ്ച് മാസത്തിനിടെ ഒരു മാസം മാത്രമാണ് സാധാരണ കളക്ഷൻ കിട്ടിയത്. കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളും നഷ്ടത്തിലാണ് ഓടിക്കൊണ്ടിരുന്നത്.

രണ്ടാം തരംഗത്തിന് ശേഷം തിയേറ്റർ തുറന്നപ്പോൾ റിലീസ് ചെയ്ത എല്ലാ പടങ്ങളും നല്ല രീതിയിൽ ഓടി. കളക്ഷൻ ലഭിക്കുകയുണ്ടായി. ജനങ്ങൾ തിയേറ്ററിലേക്ക് വന്നു. പ്രതീക്ഷകൾ നിലനിൽക്കുമ്പോഴാണ് മൂന്നാം തരംഗത്തിന്റെ പ്രതിസന്ധി വന്നത്. ഇതോടെ വെർച്വൽ ആയി മാറി. മോഹൻലാലിന്റെതടക്കം എല്ലാ ചിത്രങ്ങളടക്കം ഒടിടി റിലീസിന് തയ്യാറായതോടെ തിയേറ്ററുകൾ വീണ്ടും പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

അതിലുപരി കോവിഡ് മഹാമാരി പ്രതിസന്ധി നിലനിൽക്കെയാണ് ഒടിടിയിലേക്ക് ചിത്രങ്ങൾ റിലീസിന് പോയിത്തുടങ്ങിയത്. നിർമ്മാതാക്കൾക്ക് ഒരു കാരണം കിട്ടി. അവർക്ക് അമ്പത് ശതമാനത്തോളം മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള ഉറപ്പ് കിട്ടി. അതുകൊണ്ട് തിയേറ്ററിൽ സിനിമ റിലീസ് ചെയ്താൽ അത് ഒക്കില്ല. കൂടാതെ കോവിഡ് പ്രതിസന്ധി കാരണം ജനങ്ങൾ തിയേറ്ററിൽ വരുന്നില്ല എന്നൊരു അഭ്യൂഹം ഉണ്ടാക്കിയിട്ട് തിയേറ്ററിൽ കൊടുക്കാതെ എല്ലാ ചിത്രങ്ങളും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ് ഉണ്ടായത്.

ഹൃദയം പോലുള്ള സിനിമകൾ വളരെ പെട്ടെന്ന് തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് ഒടിടിയിലേക്ക് വരുന്നത്. തിയേറ്ററിൽ ആകെ ഡൗണായിപ്പോയി. തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം രണ്ടാഴ്ച കഴിയുമ്പോൾ ഒടിടിയിൽ കൊടുക്കുന്ന പ്രവണതയാണ് ഉള്ളത്. ഇത് തിയേറ്റർ വ്യവസായത്തെ മൊത്തം നശിപ്പിക്കും.

അതെ സമയം നിർമ്മാതാക്കൾക്കും ആർട്ടിസ്റ്റുകൾക്കും കോവിഡ് കാലം ഗുണമാണ് ഉണ്ടായത്. അവർക്ക് ഒടിടി പ്ലാറ്റ് ഫോം തുറന്നുകിട്ടി. ഒടിടി പ്ലാറ്റ് ഫോമിൽ ചിത്രം റിലീസ് ചെയ്യുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ആർട്ടിസ്റ്റുകൾക്കും കിട്ടി. മൂന്ന് കോടിയും നാലു കോടിയും പ്രതിഫലം മേടിക്കുന്ന സൂപ്പർ സ്റ്റാറുകൾ ഏഴു കോടിയും അതിലേറെയും പ്രതിഫലം ലഭിക്കുന്ന അവസ്ഥയാണുള്ളത്.

സിനിമ മേഖലയിലെ ഈ പ്രതിസന്ധിയിൽ പെടുന്നത് തിയേറ്റർ ഉടമകൾ മാത്രമാണ്. ഏറ്റവും കൂടുതൽ നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നതും തിയേറ്റർ ഉടമകളാണ്. ഈ രീതിയിൽ മുന്നോട്ട് പോയാൽ തിയേറ്റർ വ്യവസായം നിലനിൽക്കുമെന്ന് തോന്നുന്നില്ല. കൊച്ചിയിൽ ആറ് തിയേറ്ററിൽ നാലെണ്ണം അടച്ചിട്ടിരിക്കുകയാണ്. കേരളത്തിലെ ഒട്ടുമുക്കാലും തിയേറ്ററുകളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്. എങ്ങനെ അതിജീവിക്കുമെന്ന് കണ്ട് തന്നെ അറിയണം.

കോടിക്കണക്കിന് രൂപ ലോൺ എടുത്ത് ആധുനിക സംവിധാനങ്ങളോടെ പുതുക്കി നിർമ്മിച്ച തിയേറ്ററുകൾ അടച്ചുപൂട്ടിക്കിടക്കുന്നത്. കടം വീട്ടാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

ഒരു ചിത്രം റിലീസിന് വന്നാൽ കേരളത്തിൽ എഴുനൂറ് സ്‌ക്രീൻ ഉണ്ടെങ്കിൽ അഞ്ഞൂറ് സ്‌ക്രീനിലും ഇതുകൊടുക്കുകയാണ്. ഒരു തിയേറ്ററിൽ കൊടുക്കേണ്ട ഒരു ചിത്രം അവിടെയുള്ള അഞ്ച് തിയേറ്ററിലും ഒരുപോലെ കൊടുക്കുകയാണ്. അപ്പോൾ ഒന്നും കിട്ടുകയില്ല. പിന്നെ ഒരു നല്ല ചിത്രം കിട്ടണമെങ്കിൽ മാസങ്ങളോളം പിടിക്കും.

കോവിഡ് തരംഗം വരുമ്പോൾ ആദ്യം പൂട്ടുന്നതും അവസാനം തുറക്കുന്നതും തിയേറ്ററാണ്. തിയേറ്റർ തുറക്കുന്നതിന് കർശന നിയന്ത്രണം വയ്ക്കുമ്പോൾ ബസുകളിലും ട്രെയിനുകളിലും യാത്രക്കാർ തിങ്ങി നിറഞ്ഞു പോയാലും യാതൊരു നടപടികളുമില്ല. തിയേറ്ററിൽ കയറുമ്പോൾ മാത്രമാണ് കോവിഡ് പകരുന്നത് എന്ന തരത്തിലാണ് അധികൃതരുടെ സമീപനം. തിയേറ്ററിന് ഉപാധികൾ വയ്ക്കുന്നത്.

കോടിക്കണക്കിന് രൂപ സർക്കാരിന് നികുതി ലഭിക്കുന്ന സിനിമാ വ്യവസായത്തിലെ തിയേറ്റർ വ്യവാസായത്തോട് തലതിരിഞ്ഞ സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സിനിമാ വ്യവസായത്തിൽ കോവിഡ് പ്രതിസന്ധി ദോഷകരമായി ബാധിച്ചത് തിയേറ്റർ ഉടമകളെ മാത്രമാണ്. ബാക്കി എല്ലാവർക്കും നേട്ടമാണ് ഉണ്ടായിട്ടുള്ളത്. തിയേറ്ററുകളിലൂടെ ജനങ്ങൾക്കിടയിലേക്ക് എത്തപ്പെട്ടവരാണ് താരങ്ങൾ എന്നത് ഓർക്കേണ്ടതുണ്ട്. അവരുടെ വളർച്ചയ്ക്ക് നിർണായകമായതും തിയേറ്ററുകളിൽ നിന്നും ജനങ്ങൾ നൽകിയ പിന്തുണയും അംഗീകാരവുമാണ്.

ഇപ്പോൾ ഒടിടി പ്ലാറ്റ് ഫോമിൽ കടുത്ത മത്സരം നടക്കുന്നുണ്ട്. വലിയ മൾട്ടിനാഷണൽ കമ്പനികളാണ് രംഗത്തുള്ളത്. അവർക്ക് നിലവിൽ മത്സരമുണ്ട്. കുറച്ചു കഴിയുമ്പോൾ അത് നിൽക്കും. ചെറിയ സിനിമകളൊന്നും ഒടിടി പ്ലാറ്റ് ഫോമിൽ എടുക്കുകയില്ല. നല്ല ചിത്രങ്ങൾ മാത്രമെ അവർ തിരഞ്ഞെടുക്കു.

ഒടിടി പ്ലാറ്റ്‌ഫോമിൽ ഏറ്റവും വിലയുള്ള താരം മോഹൻലാലും ഫഹദ് ഫാസിലുമാണ്. പിന്നെ പൃഥിരാജ്. അവരെ സംബന്ധിച്ചിടത്തോളം അവർ സുരക്ഷിതരാണ്. ഇവരുടെ സിനിമകൾക്ക് വൻ വില ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ഉള്ളതിൽ നിന്ന് വിഭിന്നമായി യുവതാരങ്ങൾക്ക് ഇടയിൽ ഇന്ന് കഞ്ചാവ് സുലഭമായി ഉപയോഗിക്കുന്നു എന്നും ഇത് സിനിമ വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നും ലിബർട്ടി ബഷീർ പറയുന്നു. മയക്കുമരുന്നിന്റെ അതിപ്രസരം ബോളിവുഡ് സിനിമയിൽ ആയിരുന്നു ഒരുകാലത്ത് കൂടുതൽ ബാധിച്ചിരുന്നത് എന്നാൽ ബോംബെ പൂണെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറയുന്നു. താൻ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു വലിയ സിനിമ അടുത്തുതന്നെ അനൗൺസ് ചെയ്യുമെന്നും മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ ലിബർട്ടി ബഷീർ പറഞ്ഞു.

MNM Recommends


Most Read