വാർത്ത

ഇന്ത്യയുടെ വീരപുത്രൻ അഭിനന്ദന്റെ സഹോദരി അതിഥി വർത്തമാനെ തേടി മാധ്യമ കണ്ണുകൾ ഓക്‌സ്‌ഫോർഡിൽ; സഹോദരൻ പാക് കസ്റ്റഡിയിൽ ആയപ്പോൾ എഴുതിയ വികാരഭരിതമായ കവിത ഏറ്റെടുത്തു സോഷ്യൽ മീഡിയ; കോലാഹലങ്ങൾ ശ്രദ്ധിക്കാതെ ടിവി സ്‌ക്രീനിൽ മിഴിനട്ട് സഹോദരനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു ക്യാൻസർ ഗവേഷക; വിങ് കമാൻഡർ അഭിനന്ദൻ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിൽ എത്തിയതോടെ സന്തോഷം കൊണ്ട് നെടുവീർപ്പിട്ടു സഹോദരി

ലണ്ടൻ: ഇന്ത്യ മാത്രമല്ല ലോകം മുഴുക്കെ ഇന്നലെ വാഗാ അതിർത്തിയിലേക്ക് കണ്ണും നട്ടിരുന്നാണ് ഇന്നലെ പകൽ തള്ളിനീക്കിയത്. ബിബിസിയും സിഎൻഎൻ നും അടക്കമുള്ള വിദേശ മാധ്യമങ്ങളും വാഗയിൽ നിന്നും തത്സമയ സംപ്രേഷണം നൽകിയതോടെ പാക് പിടിയിലായ ഇന്ത്യൻ വൈമാനികന്റെ മോചനം നേരിൽ കാണാനുള്ള ആകാംഷയാണ് ലോകം പ്രകടിപ്പിച്ചത്. സ്വാഭാവികമായും അഭിനന്ദൻ വർത്തമന്റെ മോചന വാർത്തയ്ക്കു ലോകമെങ്ങും ഇന്ത്യൻ സമൂഹം കാതുകൂർപ്പിക്കവേ ബ്രിട്ടനിൽ ഓക്‌സ്‌ഫോർഡിൽ അഭിനന്ദന്റെ സഹോദരിയെ തേടിയും മാധ്യമ ദൃഷ്ടിയെത്തി. മോചനം പൂർത്തിയായപ്പോൾ സന്തോഷം കൊണ്ട് നെടുവീർപ്പിട്ടു ഈ സഹോദരി.

അഭിനന്ദന്റെ സഹോദരി അതിഥി വർത്തമാൻ എഴുതിയതെന്ന രീതിയിൽ പ്രചരിച്ച കവിതയാണ് അദ്ദേഹത്തിന്റെ മോചനത്തിനൊപ്പം സഹോദരിയെയും പ്രശസ്തയാക്കിയത്. സഹോദരന്റെ ഓർമ്മകളിൽ എഴുതിയ കവിത നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ വഴി ലോകമെങ്ങും പാഞ്ഞു. പ്രധാനമായും വാട്‌സ്ആപ് ഗ്രൂപ്പുകളാണ് കവിത ഏറ്റെടുത്തത്. എന്നാൽ പിന്നീട് ഈ കവിത എഴുതിയത് അതിഥി അല്ലെന്നും അവരിപ്പോൾ അത്തരം ഒരു മാനസികാവസ്ഥയിൽ അല്ലെന്നും വിശദീകരണമുണ്ടായി. ആരോ ഭംഗിയായി എഴുതിയ കവിത അദിതിയുടെ പേരിൽ പ്രചരിപ്പിക്കുക ആയിരുന്നത്രേ. സഹോദരന്റെ മോചനം പ്രതീക്ഷിച്ചു ടിവി ദൃശ്യങ്ങൾ ആശ്രയിച്ചും ഉറ്റ ബന്ധുക്കളെ ബന്ധപ്പെട്ടും കഴിഞ്ഞ അദിതി തന്റെ പേരിൽ പുറത്തു നടക്കുന്ന കോലാഹലമൊന്നും അറിയുന്നുണ്ടായിരുന്നില്ല.

അതിഥി ബ്രിട്ടനിൽ ഉണ്ടെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് നിരവധി ആളുകൾ അവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നവംബർ മുതൽ ഫ്രാൻസിലെ ഇൻസേം ഗവേഷണ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന അതിഥി ഓക്‌സ്‌ഫോർഡിൽ തന്നെ ഉണ്ടോ എന്ന കാര്യത്തിലും വ്യക്തത ഉണ്ടായിരുന്നില്ല. നിലവിൽ ഓക്‌സ്‌ഫോർഡിനു വേണ്ടിയും ഇൻസെമിനു വേണ്ടിയും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അതിഥി.

മൈ ബ്രദർ വിത്ത് എ ബ്‌ളഡിഡ് നോസ് എന്ന തലകെട്ടിൽ പ്രചരിച്ച കവിതയാണ് അതിഥിയെ വാർത്തയിൽ എത്തിച്ചത്. എന്നാൽ ഏറെ വരികൾ ഉള്ള ഈ കവിത അതിഥിയുടേത് അല്ലെന്നു പിന്നീട് സ്ഥിരീകരണമുണ്ടായി. എന്നിട്ടും ആയിരക്കണക്കിനാളുകൾ കവിത വായിച്ചു അഭിപ്രായവുമായി ഫേസ്‌ബുക്കിലും ട്വിറ്ററിലും എത്തിക്കൊണ്ടിരുന്നു. ഭീകരമായ മർദ്ദന മുറകൾ ഏൽക്കുമ്പോഴും തന്റെ സഹോദരൻ തല ഉയർത്തി നിന്നതിനെപ്പറ്റിയാണ് കവിതയിൽ പരാമർശിക്കുന്നത്.

ധൈര്യം ഓൺലൈൻ ഓർഡർ ആയി നൽകാൻ കഴിയില്ലെന്നും പാതിരാത്രിയിൽ ആമസോണിൽ ബുക്ക് ചെയ്തു കപ്പൽ കയറ്റി എത്തിക്കാനാകില്ലെന്നും പറയുന്ന കവിത ഒരു വൈമാനികന്റെ ധീരതയ്ക്കുള്ള സമർപ്പണം കൂടിയാവുകയാണ്. വാസ്തവത്തിൽ ഫെബ്രുവരി 27നു വരുൺ റാം അയ്യർ എന്നയാൾ എഴുതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കവിതയാണ് പിന്നീട് അതിഥിയുടെ പേരിൽ ലോകമെങ്ങും എത്തിയത്.

പിന്നീട് വരുൺ കവിത തന്റേതാണെന്നു വ്യക്തമാക്കി ഫേസ്‌ബുക്കിൽ എത്തിയെങ്കിലും ആളുകൾ അതംഗീകരിക്കാൻ തയ്യാറാകാതെ അതിഥിയുടെ പേരിൽ സകല സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എത്തിക്കാൻ തിരക്കിടുക ആയിരുന്നു. തുടർന്ന് ഇന്നലെ അഭിനന്ദന്റെ മോചന വാർത്ത എത്തിയതോടെ പെർഹാപ്‌സ് വി കാൻ എന്ന മറ്റൊരു കവിത കൂടി എഴുതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ അതിഥിയുടെ പേരിൽ കവിത എത്തിയപ്പോഴാണ് കൂടുതൽ ജനശ്രദ്ധ കിട്ടിയത് എന്നതിനാൽ രണ്ടാമത്തെ കവിത അധികമാരും അറിഞ്ഞതുമില്ല.

എന്നാൽ അതിഥിയുടെ പേര് ഇംഗ്ലീഷിൽ എഴുതിയപ്പോൾ തെറ്റായ സ്‌പെല്ലിങ് ചേർത്തത് അധികമാരും ശ്രദ്ധിച്ചില്ല. അതിനേക്കാൾ രസകരം കോൺഗ്രസ് മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ കെ ആന്റണി (മുതിർന്ന നേതാവ് എ കെ ആന്റണിയുടെ പുത്രൻ) യും വരുണിന്റെ കവിത അതിഥിയുടേത് എന്ന പേരിൽ സ്വന്തം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അങ്ങനെ എന്തും ഏതും ആദ്യം മുൻപിൻ നോക്കാതെ മറ്റുള്ളവരിൽ എത്തിക്കാൻ വെമ്പൽ കൊള്ളുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസ് മീഡിയ സെൽ കൺവീനറും എത്തി എന്നത് രസകരമായി.

ക്യാൻസർ ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അതിഥി വർത്തമാൻ ഓക്‌സ്‌ഫോർഡിൽ എത്തിയത്. ഇമ്മ്യൂൺ ഇവേഷൻ വിത്ത് ഇൻ ദി ട്യൂമർ മൈക്രോ എൻവയേൺമെന്റ് എന്ന വിഷയത്തിലാണ് അദിതി ശ്രദ്ധ നൽകുന്നത്. ക്യാൻസർ സെല്ലുകൾ ശരീരത്തിൽ എത്തിയാൽ പ്രതിരോധം നടത്തേണ്ട മനുഷ്യ കോശങ്ങൾക്ക് ആവശ്യമായ സിഗ്‌നൽ ലഭിക്കുന്നതും അപകടം തിരിച്ചറിഞ്ഞു പ്രതികരിക്കാൻ കഴിയുമോ എന്നതുമാണ് ഗവേഷണത്തിലൂടെ അതിഥി കണ്ടെത്താൻ ശ്രമിക്കുന്നത്. ക്യാൻസർ സെല്ലുകൾ വരുത്തുന്ന അപകടം തിരിച്ചറിയാൻ മനുഷ്യ ശരീരം വൈകുന്നതാണ് രോഗം തടയാൻ സാധികാത്ത സാഹചര്യം സൃഷ്ടിക്കുന്നത്.

ഈ ഘട്ടത്തിൽ മനുഷ്യ ശരീരത്തിന്റെ പ്രതിപ്രവർത്തനം കണ്ടെത്താൻ സാധിക്കുമോ എന്ന അതിഥിയുടെ ഗവേഷണം വിജയമായാൽ ലോകജനത എക്കാലവും നന്ദിയോടെ ഓർമ്മിക്കുന്ന പേരാകും ഈ ഇന്ത്യക്കാരിയുടേത്. മനുഷ്യ കോശങ്ങൾ തമ്മിൽ ഉള്ള സംഭാഷണം ഡീകോഡ് ചെയ്യാൻ സാധിക്കുമോ എന്നും അതിഥി അന്വേഷിക്കുന്നു. ഏറെ കൗതുകകരമായ ഈ പഠനം എവിടെ എത്തി നിൽക്കുന്നു എന്ന് വ്യക്തമല്ല. യൂണിവേഴ്സിറ്റി ഓഫ് ഓക്‌സ്‌ഫോർഡിലെ മെഡിക്കൽ സയൻസ് വിഭാഗവുമായി ചേർന്നണ് അതിഥി ഗവേഷണം നടത്തുന്നത്.

കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.

MNM Recommends


Most Read