കൂടുതൽ

യാത്രയായത് സോഷ്യൽ മീഡിയയിലെ ചിരിയുടെ മന്ദാരം; സനൽകുമാറിന്റെ മരണത്തിൽ മനംനൊന്ത് ഫേസ്‌ബുക്ക്

തിരുവനന്തപുരം: മലയാളികൾക്ക് സുപരിചിതനാണ് പി സി സനൽകുമാർ എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. ഹാസ്യസാഹിത്യരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. നവമാദ്ധ്യമക്കൂട്ടായ്മകളിലും സജീവമായിരുന്നു ഈ മുൻ ജില്ലാ കലക്ടർ. നർമം വിതറുന്ന അഭിപ്രായങ്ങളുമായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഫേസ്‌ബുക്കിലെ സുഹൃത്തുക്കൾക്കും ഫോളോവേഴ്‌സിനും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. മറ്റുള്ളവർക്ക് ചിരിക്കാൻ ഏറെ വക നൽകിയിരുന്ന പി സി സനൽകുമാർ ഒടുവിൽ സുഹൃത്തുക്കളെയെല്ലാം കണ്ണീരിലാഴ്‌ത്തിയാണ് ജീവിതത്തിൽ നിന്ന് യാത്രയായത്. ഇന്നലെയും അദ്ദേഹത്തോട് ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്ത സുഹൃത്തുക്കൾക്ക് മരണവാർത്ത ഇപ്പോഴും അവിശ്വസനീയമായി തുടരുകയാണ്.

വിവിധ വിഷയങ്ങളിൽ നർമം തുളുമ്പുന്ന കമന്റുകളുമായി ഫേസ്‌ബുക്കിൽ നിറഞ്ഞുനിന്നിരുന്ന ഈ ചിരിമന്ദാരത്തിന്റെ വിടവാങ്ങൽ സുഹൃത്തുക്കളിൽ സൃഷ്ടിച്ചിരിക്കുന്നത് നികത്താനാകാത്ത വിടവാണ്. നവമാദ്ധ്യമക്കൂട്ടായ്മകളിൽ സജീവ ചർച്ചകളിൽ പലതിലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ, നർമഭാവനകൾ കൂട്ടിക്കലർത്തി അദ്ദേഹം പങ്കാളിയായിരുന്നു. ഫേസ്‌ബുക്കിലെ കമന്റുകളിൽ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്നതിനൊപ്പം സ്വയം പരിഹസിച്ചും അദ്ദേഹം ആരാധകരെ ചിരിപ്പിച്ചു.

തന്റെ ഫോട്ടോകൾക്ക് ഫോട്ടോഷോപ്പിൽ പുതിയ മേക്ക് ഓവർ വരുത്തി ഫേസ്‌ബുക്കിൽ അദ്ദേഹം അവതരിപ്പിച്ചത് സുഹൃത്തുക്കൾക്ക് ചിരിക്കാൻ എന്നും വകനൽകിയിരുന്നു. തന്റെ ഫോട്ടോയിൽ മേക്ക് ഓവർ വരുത്തി ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം നൽകുന്ന വിശദീകരണം ഇതാ.. ''ഞാൻ ഇടയ്‌ക്കൊക്കെ ഫോട്ടോ മാറ്റാറുണ്ട്. അതിനൊരു കാരണം അത്രയധികം ഫോട്ടോകൾ എന്റെ കൈവശം ഉണ്ട്. ബോബനും മോളിയും പോലെ ഒരിക്കലും വളരാത്ത മുഖങ്ങള കാണണം എങ്കിൽ ഫേസ്‌ബുക്ക് നോക്കിയാൽ മതി. എട്ടും പത്തും അതിനും വർഷങ്ങൾക്ക് അപ്പുറമുള്ള ഫോട്ടോകൾ കൊണ്ട് യൗവനം കാണിക്കുന്നവർ ആണ് പലരും..ചിലരെയൊക്കെ നേരിട്ട് കാണുമ്പോൾ നമ്മൾ ഞെട്ടിപോകും.. ഞാൻ ഇപ്പോഴും എന്റെ ഏറ്റവും ലേറ്റസ്റ്റ് ഫോട്ടോ ആണ് ഇടുന്നത്. ഈ ഫോട്ടോ തൊട്ടുതലേ ദിവസം എടുത്തതാണ്. എനിക്ക് 65ലേക്ക് കടക്കാൻ ആറുമാസമെ ഉള്ളൂ. പക്ഷെ എന്റെ മനസ്സ് ചെറുപ്പമായിരിക്കുന്നിടത്തോളം അതിനു യോജിച്ച മുടി സ്വീകരിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. മോഹൻലാലിന്റെ യഥാർഥ ശിരസ്സ് അദ്ദേഹത്തിന്റെ ഭാര്യയും മേക്കപ്പ് മാനും മാത്രമേ കണ്ടിട്ടുള്ളുവത്രേ. എന്നാൽ ഞാനും സിദ്ദിക്കും രജനികാന്തും ഒന്നും അങ്ങനെയല്ല. ഞങ്ങൾ ആവശ്യം വരുമ്പോൾ മാത്രമേ ലുക്കിനു വ്യത്യാസം വരുത്താറുള്ളു''. ചിരി പടർത്തുന്നതിനെതിരെ ചിന്തിക്കാനും വകനൽകാൻ പി സി സനൽകുമാർ ശ്രദ്ധിച്ചിരുന്നു എന്നത് ഓരോ കമന്റുകളിലും വ്യക്തം.

''കഷണ്ടിത്തലയിലും മീശയിലും പല രീതിയിലും മേക് അപ് ചെയ്ത് നമ്മെ കുടുകുടെ ചിരിപ്പിച്ച വ്യക്തി.. സർദാർ ആയും മറ്റു പല വേഷത്തിലും നമുക്ക് മുമ്പിലെത്തിയ വ്യക്തി... അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഫേസ് ബുക്കിൽ എല്ലാവർക്കും സ്വന്തം കുടുംബാംഗങ്ങൾ ആയിരുന്നു ...ഒരു ജ്യേഷ്ഠ സഹോദരൻ നഷ്ടപ്പെട്ട അവസ്ഥ ...'' ഫേസ്‌ബുക്കിലെ ഒരു സുഹൃത്ത് പറയുന്നു.

എന്നും രാവിലെ ഫേസ്‌ബുക്ക് തുറക്കുമ്പോൾ കാണുന്ന പി സി സനൽകുമാറിന്റെ നർമം തുളുമ്പുന്ന കമന്റുകൾ ഇനി ഉണ്ടാകില്ലല്ലോ എന്ന വിഷമത്തിലാണ് പല സുഹൃത്തുക്കളും. ഫേസ്‌ബുക്കിൽ നിറയുന്ന ഫോട്ടോകളും ഹാസ്യ കുറിപ്പുകളും ഇനി കാണാൻ ആവില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ ഒരു ശൂന്യതയാണെന്ന് സുഹൃത്തുക്കൾ കുറിക്കുന്നു.

''മറുനാടൻ മലയാളിയിൽ വാർത്ത കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഫേസ്‌ബുക്കിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം... ഹാസ്യ സാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാന്യദേഹം. അൽപ്പം മുൻകോപി എങ്കിലും വളരെ നൈർമല്യമുള്ള ഒരു ഹൃദയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.'' അദ്ദേഹത്തിന്റെ സുഹൃത്ത് ഓർമിക്കുന്നു. സനൽകുമാറിന്റെ ഓർമയ്ക്കുമുന്നിൽ കണ്ണീർ പൂക്കൾ അർപ്പിക്കുകയാണ് സൈബർ ലോകം ഒന്നാകെ.

MNM Recommends


Most Read