കൂടുതൽ

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി; ഡന്റൽ പ്രവേശനത്തിന് പ്രത്യേക പരീക്ഷയാകാമെന്ന് സുപ്രീം കോടതി; 50 ശതമാനം സീറ്റ് സർക്കാരിന് നൽകാൻ നിർദ്ദേശം

കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾക്കെതിരെ രൂക്ഷ വിമർശനവും കോടതി നടത്തിയിട്ടുണ്ട്. അരാജകത്വം സൃഷ്ടിക്കുന്ന മാനേജ്‌മെന്റുകളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരു മാനദണ്ഡവുമില്ലാതെ അരാജകത്വമാണ് സ്വാശ്രയ മെഡിക്കൽ മേഖലയിൽ നടക്കുന്നത്. മാനേജുമെന്റുകൾ പലതും വ്യത്യസ്ത പ്രവേശന പരീക്ഷകളാണ് നടത്തുന്നത്. വ്യത്യസ്ത ഫീസും ഈടാക്കുന്നു. പാവപ്പെട്ട വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഇതുകൊണ്ട് ബുദ്ധിമുട്ടിലാവുന്നത്. സർക്കാരിന് ഇതിൽ എന്തു നടപടിയെടുക്കാനാവുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ പരിമിതികളുണ്‌ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇതിന് മാറ്റം വന്നേ മതിയാകൂ എന്ന നിർദ്ദേശമാണ് സർക്കാരിന് കോടതി നൽകിയത്.

അതിനിടെ സ്വാശ്രയ ഡന്റൽ പ്രവേശനത്തിന് പ്രത്യേക പ്രവേശനപരീക്ഷ നടത്താമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. 16 സ്വാശ്രയ ഡന്റൽ കോളേജുകൾക്കാണ് അനുമതി നൽകിയത്. എന്നാൽ ജെയിംസ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് മാനേജുമെന്റുകൾ പരീക്ഷ നടത്തേണ്ടത്. സ്വന്തം നിലയിൽ പ്രവേശന പരീക്ഷ നടത്തരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പല സ്വാശ്രയ ഡെന്റൽ കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർക്കാരിന്റെ പ്രവേശന പരീക്ഷാ ലിസ്റ്റിൽ നിന്നും ഉയർന്ന ഫീസ് നൽകി പഠിക്കാൻ കുട്ടികളെ ലഭിക്കുന്നില്ലെന്നാണ് സ്വാശ്രയ ഡന്റൽ കോളേജുകളുടെ പരാതി. അതിനാൽ സ്വന്തം നിലയക്ക് പരീക്ഷനടത്തണമെന്ന് മാനേജ്‌മെന്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് 16 ഡന്റൽ കോളേജുകൾ സുപ്രീം കോടതിയെ സമീപിച്ചത്.

പ്രത്യേക പ്രവേശന പരീക്ഷ നടത്തുമ്പോഴും ഓരോ ഡെന്റൽ കോളേജിലേയും 50 ശതമാനം സീറ്റുകൾ സർക്കാരിന് നൽകണം. ഈ സീറ്റുകളിൽ സർക്കാരിന്റെ പ്രവേശന പരീക്ഷാ പട്ടികയിലെ കുട്ടികൾക്ക് മെരിറ്റ് അടിസ്ഥാനത്തിൽ കുറഞ്ഞ ഫീസിന് പഠിക്കാൻ അവസരമൊരുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

 

MNM Recommends


Most Read