കൂടുതൽ

സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോടിന്; രണ്ട് പോയന്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത് ഫോട്ടോഫിനിഷിലൂടെ; തുടർച്ചയായി പന്ത്രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്: കലോത്സവത്തിന്റെ ഓർമ്മയ്ക്കായി നീർമാതളം വേദിയിൽ നീർമാതള തൈകൾ നട്ട് വിദ്യാഭ്യാസ മന്ത്രി

തൃശൂർ: കൗമാര കലോത്സവത്തിന് തൃശൂരിൽ കൊടിയിറങ്ങുമ്പോൾ 58-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോട് സ്വന്തമാക്കി. തുടർച്ചയായി 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിർത്തിയത്. രണ്ട് പോയന്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാം സ്ഥാനവും (893) കരസ്ഥമാക്കി. മലപ്പുറമാണ് മൂന്നാം സ്ഥാനത്തെത്തിയത്. നാലും അഞ്ചും സ്ഥാനങ്ങൾ കണ്ണൂരും തൃശ്ശൂരുമാണ് സ്വന്തമാക്കിയത്.

രണ്ട് അപ്പീൽ ഫലവും ഒരു മത്സര ഫലവും ഇനി വരാനുണ്ട്. അന്തിമ പ്രഖ്യാപനം അപ്പീലുകളുടെ ഫലം കൂടി വന്ന ശേഷമായിരിക്കും പ്രഖ്യാപിക്കുക. കലോത്സവത്തിൽ കഴിഞ്ഞ വർഷവും വ്യാജ അപ്പീലുകൾ വ്യാപകമായിരുന്നു.

 

പ്രധാന വേദിയായ നീർമാതളം വേദിയിൽ കലോത്സവത്തിന്റെ 24 വേദികളുടെ ഓർമ്മയ്ക്കായി ഓർമ്മതൈകൾ നടുന്ന കർമ്മം പുരോഗമിക്കുകയാണ്. നീർമാതളം വേദിയിൽ നീർമാതളം ഓർമതൈ നടുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്.

തുടർച്ചയായി 12-ാം തവണ കിരീടത്തിൽ മുത്ത മിടുന്ന കോഴിക്കോട് 2007ൽ കണ്ണൂർ കലോത്സവത്തിൽ തുടങ്ങിയതാണ് തങ്ങളുടെ വിജയത്തേരോട്ടം. 2015-ൽ പാലക്കാട് ഒപ്പമെത്തിയപ്പോൾ ഇരു ജില്ലകളും കിരീടം പങ്കുവെച്ചിട്ടുണ്ട്.

പ്രധാന വേദിയായ നീർമാതളത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മൃദംഗമേളവും സംഗീതസായാഹ്നവുമടക്കമുള്ള പരിപാടികളോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയ്ക്ക് കൊടിയിറങ്ങുന്നത്.

 ഇത്തവണയും കലോത്സവത്തിന്റെ സംഘാടകർ പതിവ് തെറ്റിച്ചില്ല. സമാപന സമ്മേളനം ഒന്നര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. ചെന്നിത്തലയുടെ പരിവാരങ്ങളും കൂട്ടരും പതിവു പോലെ വേദിക്ക് തടസ്സം സൃഷ്ടിച്ചു.

പ്രതിഭകളെ വളർത്തിയെടുക്കാൻ സഹാകമായ എയിസ്‌തെറ്റിക് ഓഡിറ്റിങ് അടുത്ത വർഷം മുതൽ ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷയിലെ എ പ്ലസ് അല്ല പ്രധാനം ജീവിതത്തിലെ എ പ്ലസ് ആണ് നേടേണ്ടത്. അതിന് സർഗ്ഗശേഷി വളരണമെന്നും സമാപന വേദിയിൽ സി രവീന്ദ്രനാഥ് പറഞ്ഞു.

അവസാന ദിവസം നടന്ന മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയ കോഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്.എന്നാൽ കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഹയർ അപ്പീലുകൾ പരിഗണിക്കാനുള്ളതിനാൽ കിരീട ജേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആലത്തൂർ ജിഇഎച്ച്എസ് 111 പോയിന്റോടെ സ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി.

നീർമാതളം മുതൽ കേരം വരെയുള്ള 24 വേദികളാണ് കലോൽസവത്തോടനുബന്ധിച്ച് തയാറാക്കിയിരുന്നത്. ഇവയിൽ ഇരുപതിലേയും മൽസരങ്ങൾ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്നസന്റ് എംപി, ശ്രീനിവാസൻ, കമൽ, സത്യൻ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവർ പങ്കെടുക്കും.

MNM Recommends


Most Read