സിനിമ

കർശന നടപടി വേണമെന്ന മോഹൻലാലിന്റെ നിലപാട് നിർണ്ണായകമായി; പൃഥ്വിരാജും ആസിഫലിയും രമ്യാ നമ്പീശനും ഉറച്ചു നിന്നപ്പോൾ ജനപ്രിയ താരത്തെ പരസ്യമായി തള്ളിപ്പറയാൻ മമ്മൂട്ടി നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തി; അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്ന് തിരുത്തിപ്പറഞ്ഞ് ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 'അമ്മ' പുറത്താക്കി; നടിയെ ആക്രമിച്ച കേസിലെ പ്രതി സിനിമാ ലോകത്തും ഒറ്റപ്പെടുന്നു; താരസംഘടനയിൽ ഇനി അഴിച്ചുപണി

കൊച്ചി: സിനിമയിലെ സർവ്വ മേഖലയിലും ദിലീപിനുള്ള സ്വാധീനം നഷ്ടമാകുന്നു. താര സംഘടനയായ അമ്മയുൾപ്പെടെ ദിലീപിനെതിരെ അതിശക്തമായ നിലപാടുകളെടുത്തു. ദിലീപിന്റെ അമ്മയിലെ പ്രാഥമിക അംഗത്വം റദ്ദാക്കി. സൂപ്പർതാരങ്ങൾ അടക്കം ശക്തമായ നിലപാട് എടുത്തതോടെയാണ് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യുവതാരങ്ങളും മലയാള സിനിമയിലെ പെൺ സിംഹങ്ങളായ രമ്യാ നമ്പീശനും മറ്റും ശക്തമായ നിലപാടുമായി രംഗത്ത് എത്തിയതോടെയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്.

മമ്മൂട്ടി, മോഹൻ ലാൽ, രമ്യാ നമ്പീശൻ, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തതോടെയാണ് പുറത്താക്കാൻ തീരുമാനമായത്. അമ്മ എപ്പോഴും ഇരയായ ആ നടിക്കൊപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. സംഘടനയിൽ അംഗത്വം നൽകുമ്പോൾ എല്ലാവരും എങ്ങനെയുള്ളവരാണെന്ന് പരിശോധിക്കാൻ സാധിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇതിനൊപ്പം ഫെഫ്കയും നടപടിയെടുത്തു. ദിലീപ് നേരിട്ട് രൂപീകരിച്ച വിതരണക്കാരുടെ കൂട്ടായമയും ദിലീപിനെ പുറത്താക്കി. സംഘടനയിലെ അധ്യക്ഷ സ്ഥാനമാണ് ദിലീപിന് നഷ്ടമാകുന്നത്. ആന്റണി പെരുമ്പാവൂർ നടത്തിയ നീക്കമാണ് വിതരണക്കാരുടെ കൂട്ടായ്മയെ ദിലീപിന് എതിരാക്കിയത്.

ഇതിൽ ഏറ്റവും പ്രധാനം അമ്മയുടെ നടപടിയാണ്. വിവാദത്തെ തുടർന്ന് മമ്മൂട്ടിയും മോഹൻലാലും അതിവേഗം ഇടപെടൽ നടത്തുകയായിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തിലായിരുന്നു ഇടപെടൽ. നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മമ്മൂട്ടിയെ മോഹൻലാൽ അറിയിച്ചിരുന്നു. രാജി കത്തും നൽകി. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ മമ്മൂട്ടിയും തയ്യാറായി. ഇതോടെ ഉണ്ടായ പ്രതിസന്ധിക്കാണ് പരിഹാരം ഉണ്ടാകുന്നത്. രണ്ടു പേരോടും സംഘടനയെ മുന്നിൽ നിന്ന് നയിക്കാൻ യുവ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതോടെ സംഘടനയിൽ ദിലീപ് അനുകൂലികളുടെ ശബ്ദത്തിന് പ്രസക്തി ഇല്ലാതെയായി. ആക്രമിക്കപ്പെട്ട നടിയെ അതിശക്തമായി പിന്തുണച്ച് അമ്മ രംഗത്ത് വരികയും ചെയ്തു.

കോഴിക്കോട്ടായിരുന്നു വിതരണക്കാരുടെ യോഗം. ജിഎസ് ടി വിഷയത്തിലെ ചർച്ചകളാണ് നടക്കുന്നതെന്നായിരുന്നു ആദ്യം നിർമ്മാതാക്കളുടെ പ്രതികരണം. എന്നാൽ യോഗം തീർന്നപ്പോൾ പുറത്തുവന്നത് പ്രസിഡന്റിനെ പുറത്താക്കലും. ഫെഫ്കയുടെ നടപടിയും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ നടപടിയെടുക്കാൻ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനമെടുക്കാൻ നിർബന്ധിതമാവുകയായിരുന്നു.

അമ്മ ഇനി ആക്രമിക്കപ്പെട്ട സഹോദരിയോടൊപ്പം

അമ്മയുടെ അംഗവും ട്രഷററുമായ ദിലീപിന്റെ ട്രഷറർ സ്ഥാനത്തിനൊപ്പം പ്രാഥമിക അംഗത്വവും റദ്ദാക്കാനായിരുന്നു അമ്മ യോഗം തീരുമാനിച്ചത്. എന്നത്തേയും പോലെ അമ്മയുടെ ഐക്യദാർഡ്യവും പിന്തുണയും ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയോടൊപ്പമാണെന്നും തുടർന്നുള്ള നിയമ നടപടിക്ക് ഒപ്പമുണ്ടാകുമെന്നും വിശദീകരിച്ചു. അമ്മയിൽ അംഗത്വമുള്ള ചിലർ ആക്രമിക്കപ്പെട്ട നടിക്ക് വേദനയുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ നടത്തി. ഇതിൽ അമ്മയുടെ പ്രതിഷേധവും അതേ തുടർന്ന് നടിക്കുണ്ടായ വേദനയിൽ ഖേദവും രേഖപ്പെടുത്തി. ഇനി മേലിൽ ഇത്തത്തിലുള്ള പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അറിയിച്ചു.

അങ്ങനെ അമ്മയും നടൻ ദിലീപിനെ കൈവിടുകയായിരുന്നു. ഇതു വ്യക്തമാക്കി ഒരു പേജുള്ള പത്രക്കുറിപ്പ് അമ്മയുടെ അവയ്ലബിൾ യോഗത്തിനു ശേഷം മാധ്യമങ്ങൾക്ക് നൽകി. രണ്ടു മണിക്കൂർ നീണ്ട യോഗത്തിൽ ദിലീപിനെ പുറത്താക്കണമെന്ന് മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും രമ്യാ നമ്പീശനും അടക്കമുള്ളവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമ്മ യോഗത്തിൽ ദിലീപിനെ ന്യായീകരിച്ചവരെല്ലാം ഇന്ന് ദിലീപിനെതിരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്. അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ പനമ്പള്ളിയിലെ വീട്ടിലാണ് യോഗം ചേർന്നത്.

പത്രക്കുറിപ്പിലെ വിശദാംശങ്ങൾ ഇങ്ങനെ

അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്നു. നടിയെ ആക്രമിച്ച കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ പ്രഥമിക ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ അമ്മയുടെ ട്രഷറർ സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നു. ആക്രമിക്കപ്പെട്ട സഹോദരി കൂടിയായ നടിക്കൊപ്പം മാത്രമായിരിക്കും ഇനി സംഘടന. ആക്രമിക്കപ്പെട്ട സഹോദരിക്ക് വീണ്ടും വേദനയുണ്ടാകുന്ന പരാമർശം നടത്തിയതിൽ അമ്മ ഖേദപ്രകടനം നടത്തുന്നു. സഹോദരിക്ക് എല്ലാ പിന്തുണയും നിയമസഹായവും നൽകും. അന്വേഷണം പൂർത്തിയാക്കിയ പൊലീസിനും മാധ്യമങ്ങൾക്കും നന്ദിയും അറിയിക്കുന്നതായും പത്രക്കുറിപ്പിൽ പറയുന്നു.

പത്രക്കുറിപ്പ് പുറത്തുവന്നതോടെ താരങ്ങൾ മാധ്യമങ്ങളെ കാണില്ലെന്ന വാദമെത്തി. എന്നാൽ പൃഥ്വിരാജും ആസിഫ് അലിയും നിലപാട് കടുപ്പിച്ചപ്പോൾ മമ്മൂട്ടി മാധ്യമങ്ങൾക്ക് മുന്നിലെത്തി. അമ്മയിൽ നിന്ന് പുറത്താക്കിയ വിവരം താരങ്ങൾ പുറത്തുവന്ന് വ്യക്തമാക്കി. കൂടുതൽ നടപടി സ്വീകരിക്കാൻ അമ്മയുടെ വിപുലമായ യോഗം വൈകാതെ ചേരുമെന്ന് ജനറൽ സെക്രട്ടറി മമ്മൂട്ടി വ്യക്തമാക്കി. ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മ ഇതുവരെ നിന്നത്. ഇനിയും അമ്മ അവർക്ക് പിന്തുണ നൽകും.കഴിഞ്ഞ യോഗത്തിൽ യാദൃശ്ചികമായി നടന്ന അനിഷ്ട സംഭവങ്ങളിൽ അമ്മ ഖേദം പ്രകടിപ്പിക്കുന്നു.

ഇത്തരം ക്രിമിനലുകൾ ഉള്ളത് പ്രശ്നമാണ്. എന്നാൽ ഒരു സംഘടനയെന്ന നിലയിൽ എല്ലാവരേയും സൂക്ഷ്മ പരിശോധന നടത്താൻ കഴിയില്ല. അമ്മ എക്സിക്യൂട്ടീവീൽ അഴിച്ചുപണി ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് പരിഗണിക്കും. ഇന്നസെന്റിനെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ പിന്നയല്ലേ, നടന്നതിനൊക്കെ മാപ്പ് ചോദിച്ചതല്ലേന്നും മമ്മൂട്ടി പ്രതികരിച്ചു. ഇന്നസെന്റ് ചികിത്സാർത്ഥം ആശുപത്രിയിൽ ആയതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മമ്മൂട്ടി അറിയിച്ചു.

നേരത്തെ നടിക്ക് നീതി ലഭിക്കുന്ന വരെ അവസാനനിമിഷം വരെ കൂടെ നിൽക്കുമെന്ന് നടിയുടെ സുഹൃത്തും താരവുമായ രമ്യാ നമ്പീശൻ അറിയിച്ചിരുന്നു. ആസിഫ് അലിയും ദിലീപിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഈ നിലപാടുകളാണ് യോഗത്തിലും അംഗീകരിക്കപ്പെട്ടത്.

അഴിച്ചു പണി ആലോചിക്കുമെന്ന് മമ്മൂട്ടി

നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകും. ഇന്നസെന്റിനെ പ്രസിഡന്റ് പദത്തിൽ നിന്ന് നീക്കാനാണ് തീരുമാനം. ദിലീപ് അനുകൂലികളേയും മാറ്റും. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഭാരവാഹിത്വത്തിലും ഈ യോഗം തീരുമാനമെടുക്കും. ഇന്നത്തെ യോഗത്തിൽ അസുഖ കാരണങ്ങളാലാണ് ഇന്നസെന്റ് എത്താത്തെന്ന് മമ്മൂട്ടി അറിയിക്കുകയും ചെയ്തു.

യോഗത്തിൽ താൻ രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്ത നടൻ മോഹൻലാൽ നിഷേധിച്ചു. അംഗങ്ങൾ ആവശ്യപ്പെട്ടാൽ വേണ്ടിവന്നാൽ സംഘടനയിൽ ഒരു അഴിച്ചുപണി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മേലിൽ ഇത്തരം ക്രിമിനലുകൾ സിനിമാരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ അമ്മ ശ്രമിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.

എന്നാൽ, സിനിമാരംഗത്തുള്ള എല്ലാവരെയും തിരിച്ചറിയാനും പരിശോധിക്കാനും ഒരു സംഘടന എന്ന നിലയിൽ അമ്മയ്ക്ക് കഴിയില്ല. കീമോതെറാപ്പിക്ക് വിധേയനാവേണ്ടതുകൊണ്ടാണ് പ്രസിഡന്റ് ഇന്നസെന്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

തെറ്റു തിരുത്തിയെന്ന് ഫിയോക്

സിനിമയിലെ പ്രതിസന്ധി പരിഹരിക്കാൻ ദിലീപിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച വിതരണക്കാരുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണിയൻ ഓഫ് കേരള (ഫിയോക്) ഒടുവിൽ തെറ്റുതിരുത്തി. ഫിയോകിന്റെ അധ്യക്ഷ സ്ഥാനത്തുനിന്നും ദിലീപിനെ പുറത്താക്കിയതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ വ്യക്തമാക്കി.

പുതിയ അധ്യക്ഷനെ നാളെ തെരഞ്ഞെടുക്കും. ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേർന്നത്. ദിലീപിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ യോഗം അപലപിക്കുകയും ചെയ്തു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read