സിനിമ

മമ്മുക്കയുടെ ഗ്രാമീണ ഹാസ്യ ചിത്രവുമായി സേതു സംവിധായകന്റെ കുപ്പായത്തിലെത്തുന്നത് ആർക്കാണ് സഹിക്കാത്തത്?; ചിത്രത്തിന് പേരിടും മുമ്പേ 'കോഴി തങ്കച്ചൻ' എന്ന പേര് പുറത്തുവിട്ടത് ആരെന്നു തിരഞ്ഞ് സിനിമാലോകം

കൊച്ചി: ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. അതും സൂപ്പർസ്റ്റാർ മമ്മുട്ടിയെ തന്നെ നായകനാക്കി. സിനിമാ ലോകത്തെത്തുന്ന എല്ലാവരുടെയും സ്വപ്‌നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലിരുന്ന സേതുവിനെ ഞെട്ടിച്ചുകൊണ്ടാണ് പക്ഷേ, ആ വാർത്ത പ്രചരിച്ചത്.

സിനിമയ്ക്ക് 'കോഴി തങ്കച്ചൻ' എന്ന് പേരിട്ടുവെന്ന വാർത്തയാണ് പ്രചരിച്ചത്. താൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് താൻതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നതെ ഏതെരാളെ സംബന്ധിച്ചും വലിയ സ്വപ്‌നമാണെന്നും അതാണ് ഇല്ലാതായതെന്നും സേതു പറയുന്നു.

മാത്രമല്ല, മമ്മുക്കയെ നായകനാക്കി താൻ ഈ വർഷം സിനിമയൊരുക്കുന്നു എന്നതിൽ കവിഞ്ഞ് അതിന്റെ സാങ്കേതിക കാര്യങ്ങളോ പേരോ ഒന്നും അന്തിമമായി തീരുമാനിച്ചില്ലെന്നിരിക്കെ ഇത്തരമൊരു തെറ്റായ പ്രചരണം നടന്നതിലാണ് സേതുവിന് വിഷമം.

ഏതായായലും മമ്മുക്കയെ നായകനാക്കി ഈ വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അനന്ത വിഷനാണ് സിനിമയൊരുക്കുന്നതെന്നും മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാ ജോഡികളായ സച്ചി-സേതു കൂട്ടുകെട്ടിലെ സേതു പറയുന്നു. ഏതായാലും ഇക്കാര്യം സിനിമാലോകത്ത് ചർച്ചയായിരിക്കുകയാണിപ്പോൾ.

സിനിമയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ആരെങ്കിലുമാണോ ഇങ്ങനെയൊരു പേര് പ്രചരിപ്പിച്ചതെന്ന സംശയവുമുണ്ടെന്നും സേതു പറയുന്നു. പുതിയ പടം ചെയ്യാൻ പഌനുണ്ടെന്നും മമ്മുക്ക പടമാണെന്നും മാത്രമാണെന്നും വിശേഷങ്ങൾ ചോദിച്ച പലരോടും പറഞ്ഞിരുന്നു. അങ്ങനെ ലീക്കായതാകാമെന്നാണ് സേതുവിന്റെ നിഗമനം. സിനിമാലോകത്ത് സേതുവെത്തിയിട്ട് പത്തുവർഷമായി.

റോബിൻഹുഡ്, ചോക്‌ളേറ്റ്, സീനിയേഴ്‌സ്, മേക്കപ്പ് മാൻ, മല്ലൂസിങ് തുടങ്ങി അച്ചായൻസ് വരെ നീളുന്ന ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. പക്ഷേ, ഇതുവരെ എഴുതിയതിൽ കൂടുതലും രണ്ടും മൂന്നും പ്രധാന കഥാപാത്രങ്ങളുള്ള ചിത്രമായിരുന്നെങ്കിൽ പുതിയ ചിത്രം മമ്മുക്കയെ മാത്രം ഫോക്കസ് ചെയ്യുന്നതായിരിക്കുമെന്നും സേതു വ്യക്തമാക്കുന്നു.

കണ്ടുപരിചയമുള്ള ഒരു പച്ചമനുഷ്യൻ, ഹ്യൂമറിന് പ്രാധാന്യമുള്ള വേഷം. ഇത്രയുമാണ് പുതിയ ക്യാരക്ടറിനെ പറ്റി ഒറ്റയടിക്ക് പറയാവുന്നത്. വേറിട്ട കമേഴ്‌സ്യൽ സിനിമയായിരിക്കുമെന്നും ഗ്രാമപ്രദേശത്തെ കേന്ദ്രീകരിച്ചാണ് കഥയെന്നും സേതു പറയുന്നു. ഉണ്ണി മുകുന്ദനായിരിക്കും സിനിമയിൽ സേതുവിന്റെ സഹസംവിധായകനായി എത്തുന്നത്.

തിരക്കഥാ രചനയിലെ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സച്ചി സ്വതന്ത്രമായി റൺബേബി റൺ ചെയ്തപ്പോൾ സേതു മല്ലൂസിംഗിനാണ് രൂപം കൊടുത്തത്. സച്ചി നേരത്തെ തന്നെ സംവിധാന രംഗത്തേക്ക് കടന്നു. പൃത്ഥ്വിയുടെ അനാർക്കലി ചെയ്തു. ഇപ്പോൾ സേതു മമ്മുട്ടി ചിത്രവുമായി സംവിധാകന്റെ കുപ്പായമണിയുന്നു.

MNM Recommends


Most Read