സിനിമ

എനിക്ക് സന്തോഷവും ആവേശവും തോന്നുന്നു; പുലിമുരുകനിലെ രണ്ടുഗാനങ്ങൾ ഓസ്‌കർ നാമനിർദ്ദേശത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതിൽ ആനന്ദം പങ്കുവച്ച് മോഹൻലാൽ; ചുരുക്കപ്പട്ടികയിലെങ്കിലും ഇടം കിട്ടിയല്ലോ ഇനി ഓസ്‌കർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് ഗോപി സുന്ദർ

ലൊസാഞ്ചൽസ്: ഓസ്‌കർ പുരസ്‌കാരത്തിനുള്ള നാമനിർദേശത്തിനു പരിഗണിക്കുന്ന ഗാനങ്ങളുടെ ചുരുക്കപട്ടികയിൽ 'പുലിമുരുക' നിലെ രണ്ടുഗാനങ്ങൾ ഉൾപ്പെട്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാൽ. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ലാലേട്ടൻ സന്തോഷം പങ്കുവച്ചത്. ഗോപീസുന്ദർ ഈണമിട്ട യേശുദാസും ചിത്രയും ചേർന്ന് ആലപിച്ച കാടണിയും കാൽച്ചിലമ്പേ കാനനമൈനേ, എസ്. ജാനകി ശബ്ദം നൽകിയ മാനത്തെ മാരിക്കുറുമ്പേ എന്നീ ഗാനങ്ങളാണ് മലയാളത്തിന് അഭിമാനമായി 90-ാമത് അക്കാഡമി അവാർഡ് നാമനിർദേശ പട്ടികയിലുള്ളത്. ഗാനങ്ങൾക്ക് നാമനിർദ്ദേശം ലഭിച്ചതിൽ താൻ ആവേശഭരിതനും സന്തോഷവാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യാന്തര തലത്തിൽനിന്ന് 70 ഗാനങ്ങളുള്ള പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ചതു പുലിമുരുകനിലെ ഗാനങ്ങൾ മാത്രമാണെന്നത് നേട്ടത്തിനു മാറ്റുകൂട്ടുന്നു. പട്ടികയിൽ ഉൾപ്പെട്ടതിൽ താൻ ബഹുമാനിതനായിരിക്കുകയാണെന്ന് ഗോപി സുന്ദർ പ്രതികരിച്ചു.ഇനി ഓസ്‌കർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചല്ലോയെന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. ജനുവരി 23നാണ് നോമിനേഷൻ പ്രഖ്യാപനം. ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലെ ഡോൾബി തീയറ്ററിൽ അടുത്തവർഷം മാർച്ച് നാലിനാണ് 90-ാമത് പുരസ്‌കാരദാനം.

MNM Recommends


Most Read