കായികം

ഡ്യൂറൻഡ് കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്; നിർണ്ണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്; മഞ്ഞപ്പടയുടെ മടക്കം ക്വാർട്ടർ കാണാതെ

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. നിർണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോൽവി വഴങ്ങിയതോടെയാണ് മഞ്ഞപ്പട ടൂർണമെന്റിൽ നിന്ന് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഡൽഹിയുടെ വിജയം.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും രണ്ട് തോൽവിയും നേടിയ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സി യിൽ അവസാനസ്ഥാനക്കാരായി. ഈ വിജയത്തോടെ ഡൽഹി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് സി യിൽ നിന്ന് ബെംഗളൂരു എഫ്.സിയും ഡൽഹിയുമാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.

ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല.ഡൽഹി എഫ്.സിക്ക് വേണ്ടി 53-ാം മിനിട്ടിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ താരം വില്ലിസ് പ്ലാസ വിജയഗോൾ നേടി.രാഹുൽ, സെത്യസെൻ, ഗിവ്സൺ, ജീക്സൺ, ഖബ്ര, സിപ്പോവിച്ച്, ജെസ്സെൽ, സഹൽ തുടങ്ങിയ മികച്ച താരങ്ങൾ അണിനിരന്നിട്ടും ബ്ലാസ്റ്റേഴ്സ് താരതമ്യേന ദുർബലരായ ഡൽഹിക്കെതിരേ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

ബ്ലാസ്റ്റേഴ്സ് മടങ്ങിയെങ്കിലും കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. മറ്റൊരു കേരള ടീമായ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡി യിൽ നിന്ന് ചാമ്പ്യന്മാരായാണ് ഗോകുലത്തിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം.

 

സ്പോർട്സ് ഡെസ്ക് news@marunadan.in

MNM Recommends


Most Read