കായികം

ഒന്നര മാസം മുമ്പത്തെ അപേക്ഷയിൽ അനുമതി നൽകിയത് മത്സര തലേന്ന്; സമ്മർദ്ദത്തിലാക്കി കോർപ്പറേഷൻ കൈക്കലാക്കിയത് 700 സൗജന്യ പാസുകൾ; അധിക ടിക്കറ്റ് നൽകാത്തതിന് ടിക്കറ്റില്ലാത്തവരേയും ഗാലറിയിൽ കയറ്റി പൊലീസിന്റെ വാശി തീർക്കൽ; സംഭാവന നൽകാത്തതിന് പ്രതികാരമായി അധിക വിനോദ നികുതി ഈടാക്കുമെന്ന ഭീഷണി; ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിട്ടാൽ പ്രാധന കാരണം സൗമിനി ജയിനിന്റെ കോർപ്പറേഷൻ തന്നെ; കേരളത്തിന്റെ സ്വന്തം ഫുട്‌ബോൾ ടീമിന് പറയാനുള്ളത് അവഗണനയുടെ പന്തുതട്ടൽ കഥ

കൊച്ചി: വെള്ളക്കെട്ടിന് പിന്നാലെ കൊച്ചി കോർപ്പറേഷനെ വെട്ടിലാക്കാൻ പുതിയ വിവാദവും. കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാനുള്ള ആലോചനയും പ്രധാനമായും പ്രതിക്കൂട്ടിൽ നിർത്തുക കോർപ്പറേഷണെയാണ്. മത്സരത്തിന് അനുമതിക്കായി ഒന്നരമാസംമുമ്പ് നൽകിയ അപേക്ഷയിൽ കോർപ്പറേഷൻ നടപടിയെടുത്തത് മത്സരത്തലേന്നായിരുന്നു. അഴിമതി ടിക്കറ്റിന് വേണ്ടിയായിരുന്നു ഇത്. മത്സരത്തിനുള്ള അനുമതി ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് വൈകിച്ചു.

300 കോംപ്ലിമെന്ററി ടിക്കറ്റുമായി മത്സരത്തലേന്ന് കോർപ്പറേഷനിലെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധിയോട് ആവശ്യപ്പട്ടത് 700 പാസുകളായിരുന്നു. ഒപ്പം വലിയൊരു തുക സംഭാവനയായും ആവശ്യപ്പെട്ടു. അല്ലങ്കിൽ വിനോദനികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അഴിമതിക്കാരായ ചിലരാണ് ഇതെല്ലാം ചെയ്യുന്നത്. മേയർക്ക് കോർപ്പറേഷനിൽ ഒരു സ്വാധീനവും ഇല്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരോപണങ്ങൾ. കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ., പൊലീസ്, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ നിസ്സഹകരണംമൂലം ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹർലാൽ നെഹ്രു സ്റ്റേഡിയം വിടാൻ ആലോചിക്കുന്നതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിലെ ഉന്നതകേന്ദ്രങ്ങൾ സൂചന നൽകുന്നതാണ് പുതിയ ചർച്ചകൾക്ക് കാരണം. മൂന്നാം തീയതി നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടായേക്കും.

അധിക ടിക്കറ്റ് നൽകാതിരുന്നതിന്റെ പ്രതികാരമായി കഴിഞ്ഞ ദിവസത്തെ കളിയിൽ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആളുകളെ പൊലീസ് കയറ്റിവിട്ടു. കളിയുടെ 24,000 ടിക്കറ്റുകളാണ് കോംപ്ലിമെന്ററിയായും വിൽപ്പനയിലൂടെയും നൽകിയിരുന്നത്. പക്ഷേ, സ്റ്റേഡിയത്തിലെ കാഴ്ചക്കാരുടെ എണ്ണം ഇരുപത്തിയെണ്ണായിരത്തിലധികമായിരുന്നു. ഇതെല്ലാം കോർപ്പറേഷന്റെ കളികൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സിനെ വെട്ടിലാക്കുന്നു. അതിനുപുറമേ വിനോദനികുതികൂടി അടിച്ചേൽപ്പിക്കുമെന്നാണ് കോർപ്പറേഷന്റെ പുതിയ ഭീഷണിയും. ഇതോടെയാണ് മറ്റിടങ്ങൾ തേടാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. കോഴിക്കോടും തിരുവനന്തപുരവും ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നുണ്ട്.

ഫുട്ബോൾ മത്സരങ്ങൾ നടത്താൻവേണ്ട സാഹചര്യമൊരുക്കേണ്ട കെ.എഫ്.എ.യും കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ വാദം. ടീമിന്റെ പരിശീലനത്തിന് പനമ്പിള്ളി നഗറിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുമുണ്ടായി തർക്കങ്ങൾ. ഇതുസംബന്ധിച്ച കരാർ ഒപ്പിടുന്നതിൽ കേരള സ്‌പോർട്സ് കൗൺസിലും ജില്ലാ സ്‌പോർട്സ് കൗൺസിലും തമ്മിലുള്ള വടംവലിയും ബ്ലാസ്റ്റഴ്സിനെ വലച്ചു. സർക്കാർ ഇടപെട്ട് കേരള സ്‌പോർട്സ് കൗൺസിൽ തന്നെ കരാറൊപ്പിടാൻ നിർദ്ദേശം നൽകുകയായിരുന്നു. സർക്കാർ ഇടപെടലുണ്ടായതുകൊണ്ടുമാത്രമാണ് മത്സരങ്ങൾ ഇത്രയെങ്കിലും നടത്താനായതെന്നും ഇത്തരത്തിൽ ഇനി മുന്നോട്ടുപോകാനാകില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നത്.

സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യ്ക്ക് ഐ.എസ്.എൽ. ഓരോ വർഷവും ഏഴുകോടി രൂപയാണ് നൽകുന്നത്. എന്നിട്ടും സ്റ്റേഡിയത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ കുറ്റപ്പെടുത്തുന്നു. വാടക വർധിപ്പിക്കണമെന്നും സെക്യൂരിറ്റി തുക കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരു കോടി രൂപയാണ് സെക്യൂരിറ്റി തുകയായി നൽകിയിരിക്കുന്നത്. ഇത് രണ്ടു കോടിയാക്കണമെന്നാണ് ആവശ്യം. നിലവിൽ ഓരോ കളിക്കും അഞ്ചുലക്ഷം രൂപയാണ് വാടക.

പുറമേ ഒരു കളിക്ക് ഇരുപത് ലക്ഷം രൂപ മൂല്യമുള്ള ടിക്കറ്റുകൾ സൗജന്യമായി ജി.സി.ഡി.എ. വാങ്ങുന്നുണ്ട്. ഇതും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപടെൽ കാരണമാണ്. ഓരോ മത്സരത്തിനും സുരക്ഷയൊരുക്കുന്നതിന് പത്തുലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പൊലീസിന് നൽകേണ്ടത്. പുറമേ 600 (ഏകദേശം ഏഴുലക്ഷം രൂപ) ടിക്കറ്റുകൾ സൗജന്യമായും നൽകുന്നു. ഇത് 1200 ആക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read