കായികം

ഛേത്രി ചീറിപ്പാഞ്ഞുവന്നപ്പോൾ തടയാൻ പോലും ആരുമില്ല; വലകുലുക്കി ബെംഗളൂരു എഫ്‌സി ഗോൾ ആഘോഷിക്കുമ്പോൾ തലതാഴ്‌ത്തിയത് മഞ്ഞപ്പടയുടെ ആരാധകർ; കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

ബെംഗളൂരു: ഒന്നുജയിച്ചുകാണാൻ മോഹിച്ച ആരാധകരെ നിരാശയിലാഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട പരാജയപ്പെട്ടത്. 55-ാം മിനിറ്റിൽ സുനിൽ ഛേത്രിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ചത്. ഡിമാസ് ഡെൽഗാഡോയുടെ കോർണറിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ.

55ാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് ഗോളിന്റെ പിറവി. ദിമാസ് ദെൽഗാഡോ എടുത്ത കോർണർ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്തേക്ക് ചാഞ്ഞിറങ്ങുമ്പോൾ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു ഛേത്രി. ബോക്‌സിനു വെളിയിൽനിന്ന് ഓടിയെത്തി ഛേത്രി തലകൊണ്ടു പന്തിനു ഗോളിലേക്കു വഴികാട്ടുമ്പോൾ വഴിയിൽ തടയാൻ പോലും ആരുമുണ്ടായിരുന്നില്ല. പന്തു നേരെ വലയിൽ. ഛേത്രിയേപ്പോലൊരു താരത്തെ മാർക്ക് ചെയ്യാതെപോയ പിഴവിന് ബ്ലാസ്റ്റേഴ്‌സ് നൽകേണ്ടി വന്ന വില.

ഈ ജയത്തോടെ ഒൻപത് പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. ബ്ലാസ്റ്റേഴ്‌സിനു നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read