കായികം

ഇന്ത്യ-പാക് ചരിത്രം അഡ്‌ലെയ്ഡിലും ആവർത്തിച്ചു; പാക്കിസ്ഥാനെ ഇന്ത്യ 76 റൺസിന് തോൽപ്പിച്ചു; പാക് ബൗളർമാരെ അടിച്ചു നിരത്തി സെഞ്ച്വറി നേടി കോലി; പന്തുകൊണ്ട് എറിഞ്ഞു വീഴ്‌ത്തി മുഹമ്മദ് ഷമിയും: ലോകകപ്പിലേക്കുള്ള ടീം ഇന്ത്യയുടെ പ്രയാണം ഉജ്ജ്വലമായി

അഡ്‌ലെയ്ഡ്: ഏതൊരു ലോകകപ്പിലെയും ഏറ്റവും ആവേശകരമായ മത്സരം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക, അത് ഇന്ത്യ-പാക് പോരാട്ടമാകും. പരമ്പരാഗതമായ ചിരവൈരികളായ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ ഗ്യാലറികളിൽ ആവേശം അണപൊട്ടുന്ന പതിവുണ്ട്. ലോകക്കപ്പിലെ വേദിയിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. ആ ചരിത്രം ഇത്തവണ അഡ്‌ലൈഡിലും ആവർത്തിച്ചു. ഈ ലോകക്കപ്പിലെ ഏറ്റവും ആവേശകരമായ മത്സരമെന്ന് വിലയിരുത്തിയ ഇന്ത്യ-പാക് മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പാക്കിസ്ഥാനെ 76 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകക്കപ്പിലേക്കുള്ള പ്രയാണം ഉജ്ജ്വലമാക്കിയത്.

ബാറ്റ്‌കൊണ്ട് വിരാട് കോലി(107)യും ശിഖർ ധവാനും സുരേഷ് റെയ്‌നയും മുന്നിൽ നിന്ന് പൊരുതിയപ്പോൾ ബൗളിങ് നിരയിൽ സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങി. ഫീൽഡിലും ഇന്ത്യൻ കളിക്കാർ ഉണർന്നുകളിച്ചപ്പോൾ ചരിത്രം തിരുത്താൻ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു പാക്കിസ്ഥാനികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 47 ഓവറിൽ 244 റൺസിന് ഓൾഔട്ടായി. പാക് നിരയിൽ 76 റൺസെടുത്ത മിസ്ബ ഉൾഹഖിന് മാത്രമേ പാക് ബാറ്റിങ് നിരയിൽ തിളങ്ങിയുള്ളൂ. ഇന്ത്യക്ക് വേണ്ടി ബൗളിങ് നിരയിൽ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്‌ത്തി. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്.

ഇന്ത്യ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ആറ് റൺെസടുത്ത് യൂനിസ് ഖാനെ പുറത്താക്കി മുഹമ്മദ് ഷാമിയാണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. അപ്പോൾ പാക്കിസ്ഥാന്റെ സ്‌കോർ ബോർഡിൽ 11 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന് ഹാരിസ് ഷെഹസാദ് സഖ്യം 63 റൺസ് കൂട്ടിച്ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ അതും പൊളിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 36 റൺസെടുത്ത ഹാരിസ് സൊഹൈൽ, റൺസൊന്നുമെടുക്കാതെ സൊഹൈബ് മഖ്‌സൂദ്, ഉമർ അക്മൽ എന്നിവരും വൈകാതെ കൂടാരം കയറി.

ഷാഹിദ് ആഫ്രിദിയും മിസ്ബാ ഉൾഹഖും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ തുനിഞ്ഞെങ്കിലും മുഹമ്മദ് ഷമി അവിടെയും ഇന്ത്യയ്ക്ക് ബ്രേക് ത്രൂ നൽകി. ഇരുവരും തമ്മിലുള്ള പാർട്ട്‌നർഷിപ്പ് ഇന്ത്യക്ക് ഭീഷണിയാകുമെന്ന ഘട്ടത്തിൽ ആഫ്രിദി(22)യെ ഷമി വിരാട് കോലിയുടെ കൈകളിൽ എത്തിച്ചു. ഈ കൂട്ട് കെട്ട് പൊളിച്ചതോടെ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ആഫ്രിദിക്ക് പിന്നാലെ എത്തിയ വഹാറ് റായിസിനും(4) അധികം പിടിച്ചു നിൽകാൻ സാധിച്ചില്ല. അതേസമയം ഒരു വശത്ത് മിസ്ബാ ഉൾഹഖ് കൂട്ടാളി ഇല്ലാതെ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. ബൗണ്ടറികളും സിംഗിളുമായി മുന്നോട്ടുപോയ മിസ്ബയ്ക്ക് പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.

നേരത്തെ പാക്കിസ്ഥാനെതിരായ വിജയ ചരിത്രം തുടരുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തകർച്ചക്ക് ശേഷം മികച്ച നിലയിലേക്ക് എത്തുകയായിരുന്നു. തുടക്കത്തിൽ പതിയെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്്ക്ക് വിരാട് കോലി(107)യുടെ സെഞ്ച്വറിയാണ് മികച്ച സ്‌കോറിലേക്ക് നീങ്ങാൻ സഹായകമായത്. കോലിക്ക് മികച്ച പിന്തുണയുമായി സുരേഷ് റൈന(74)യും ശിഖർ ധവാനും(73) അർത്ഥശതകം നേടി. ഇവർ മൂന്ന് പേർ ഒഴികെ മറ്റാർക്കും മികച്ച ബാറ്റിങ് നടത്താൻ ഇന്ത്യൻ നിരയിൽ നിന്നും സാധിച്ചില്ല.

രോഹിത് ശർമ 15 റൺസും, ധോണി 18ഉം റൺസെടുത്തു. ഷോർട്ടെന്ന് തോന്നിച്ച പന്തിനെ പുൾ ഷോട്ടിന് ശ്രമിച്ച രോഹിതിനെ മിഡ് ഓണിൽ നിന്ന് പാക് ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 പന്തിൽ നിന്ന് 15 റണ്ണാണ് രോഹിത് നേടിയത്. ഷൊഹൈൽ ഖാനാണ് വിക്കറ്റ്. മൂന്നാമനായി കോലി എത്തിയതോടെ ഇന്ത്യ പതിയെ കളിക്കളത്തിൽ റിഥം വീണ്ടെടുക്കുകയായിരുന്നു. ധവാനൊപ്പം പതിയെ കൂട്ടുകെട്ട് കെട്ടിപ്പെടുത്തിയ കോലി പിന്നീട് ആക്രമണകാരിയായി.

തുടക്കത്തിലെ തകർച്ചയ്ക്കുശേഷം കരയറിയ ഇന്ത്യയെ ഇടയ്ക്ക് ശിഖർ ധവാന്റെ അനാവശ്യ റണ്ണൗട്ട് സമ്മർദത്തിലാക്കിയിരുന്നു. രണ്ടാം വിക്കറ്റിൽ 129 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയശേഷമാണ് ഇല്ലാത്ത റണ്ണിന് ഓടി ധവാൻ പുറത്തായത്. ഹാരിസ് സൊഹൈലിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്ക് കോലി തള്ളുമ്പോൾ അതിൽ റണ്ണെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ധവാനെ കോലി തിരിച്ചയച്ചതോടെ ഷെഹ്‌സാദിന്റെ ഏറ് വിക്കറ്റിൽ കൊണ്ടു. ഇതോടെ ധവാന്റെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

ധവാന് ശേഷം എത്തിയ സുരേഷ് റെയ്‌ന മിന്നുന്ന ഫോമിലായിരുന്നു. അതിവേഗം റൺസുയർത്തുക എന്ന ദൗത്യം ഏറ്റെടുത്ത റെയ്‌ന അതീവേഗം ഇന്ത്യൻ സ്‌കോർ 200 കടത്തി. റെയ്‌നയുമൊത്ത് 110 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് കോലി മടങ്ങിയത്. 126 പന്തിൽ നിന്ന് 107 റൺസെടുത്ത് കോലി പുറത്താകുമ്പോൾ ഇന്ത്യൻ പൊരുതാവുന്ന സ്‌കോറിൽ എത്തിയിരുന്നു. എട്ടു ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. പാക്കിസ്ഥാനെതിരെ കോലി സ്വന്തമാക്കിയത് 28ാമത്തെ സെഞ്ച്വറിയായിരുന്നു.

കോലി പുറത്തായതിന് പിന്നാലെ റെയ്‌നയും മടങ്ങുകയാണ് ഉണ്ടായത്. 56 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികളുടെയും മൂന്നു സിക്‌സിന്റെയും സഹായത്തോടെ 74 റൺസാണ് റെയ്‌നെ സ്വന്തമാക്കിയത്. സൊഹൈയ്‌ലാണ് റെയ്‌നയെ മടങ്ങിയത്. അതേസമയം കോലിയുടെയും റെയ്‌നയുടേയും തകർച്ചക്ക് ശേഷം അവസാന ഓവറുകളിൽ ആഞ്ഞടിക്കാമെന്ന ഇന്ത്യൻ താരങ്ങളുടെ മോഹത്തിന് പാക് ബൗളർമാർ തടയിട്ടു. അവസാന ഓവറുകളിൽ കാര്യമായ റൺസ് നേടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ധോണി അടക്കമുള്ളവർ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാൻ നിരയിൽ പത്ത് ഓവറിൽ 55 റൺസ് വഴങ്ങി സുഹൈൽ ഖാൻ അഞ്ച് വിക്കറ്റെടുത്തു.

പാക്കിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയം ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലും വലിയ ആത്മവിശ്വാസം പകരുമെന്ന കാര്യം ഉറപ്പാണ്. ബൗളിംഗിംലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാൻ സാധിച്ചെന്നത് ഇന്ത്യക്ക് മികച്ച നേട്ടമായി.

MNM Recommends


Most Read