കായികം

ഷദാബ് ഖാൻ - ഷാൻ മസൂദ് കൂട്ടുകെട്ട് പൊളിച്ചത് പതിനാലാം ഓവറിൽ; ഹൈദർ അലിയെ പൂജ്യത്തിന് പുറത്താക്കി; പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഷാൻ മസൂദിനെ വീഴ്‌ത്തി മത്സരത്തിന്റെ ഗതിമാറ്റി; പെർത്തിൽ പാക്കിസ്ഥാനെ കറക്കി വീഴ്‌ത്തിയത് ഒരു പാക് വംശജൻ; സിക്കന്ദർ റാസ ഈ ലോകകപ്പിലെ താരമാകുമ്പോൾ

പെർത്ത്: അവസാന ഓവറിലെ അവസാന പന്തുവരെ വരെ നീണ്ട ആവേശം. ജയപരാജയങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾ. ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുക്കമാണ് സിംബാബ്വെ പാക്കിസ്ഥാനെ കീഴടക്കിയത്. ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെ അട്ടിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സിംബാബ്വെ താരം സിക്കന്ദർ റാസയുടെ ബൗളിങ് പ്രകടനമായിരുന്നു.

സിംബാബ്വെ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തിവെക്കാവുന്ന ലോകകപ്പ് വിജയമാണ് താരങ്ങൾ പെർത്തിൽ കുറിച്ചത്. പാക്കിസ്ഥാനെ ഒരു റണ്ണിന് കീഴടക്കി ട്വന്റി 20 ലോകകപ്പിൽ സെമി ഫൈനൽ സാധ്യത സജീവമാക്കിക്കൊണ്ട് സിംബാബ്വെ മുന്നേറുകയാണ്. കായികലോകത്തെ പ്രവചനങ്ങളൊക്കെയും അപ്രസക്തമാക്കി മഞ്ഞയും ചുവപ്പും ചാലിച്ച കുപ്പായമണിഞ്ഞ് അവർ നിറഞ്ഞാടുകയാണ്.

സിംബാബ്വെ മുന്നോട്ടുവെച്ച 131 റൺസ് ബാബർ അസമും മുഹമ്മദ് റിസ്വാനും ഉൾപ്പെട്ട ബാറ്റിങ് നിരയ്ക്ക് അനായാസം എന്നായിരുന്നു ഓരോ ആരാധകനും വിശ്വസിച്ചത്. പതിനഞ്ച് ഓവറിനുള്ളിൽ വിജയ ലക്ഷ്യം മറികടക്കുമെന്നും പ്രതീക്ഷിച്ചു. എന്നാൽ ആ ലക്ഷ്യം അത്ര അനായാസമായി മറികടക്കാനാകില്ലെന്ന് ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ സിംബാബ്വെ തെളിയിച്ചു.

പിന്നീട് ഒരു തിരിച്ചുവരവിനുള്ള പാക്കിസ്ഥാന്റെ ശ്രമം തന്റെ ഒരൊറ്റ ഓവർ കൊണ്ട് തകർത്തത് സിക്കന്ദർ റാസ എന്ന ഓൾ റൗണ്ടറായിരുന്നു. പാക്കിസ്ഥാനിൽ ജനിച്ച സിക്കന്ദർ തന്റെ ജന്മനാടിനെതിരേ പന്തുകൊണ്ട് തിളങ്ങുന്ന കാഴ്ചയാണ് പെർത്ത് ഇന്ന് സാക്ഷ്യം വഹിച്ചത്.

നാലാം വിക്കറ്റിൽ ഷദാബ് ഖാനേയും കൂട്ടുപിടിച്ച് ഷാൻ മസൂദ് മത്സരത്തിൽ ഗംഭീരമായാണ് പാക്കിസ്ഥാനെ തിരികെകൊണ്ടുവന്നത്. എന്നാൽ റാസ എറിഞ്ഞ പതിനാലാം ഓവറിൽ മത്സരത്തിന്റെ ഗതി മാറി. ഓവറിലെ നാലാം പന്തിൽ ഷദാബ് ഖാനെ പുറത്താക്കി റാസ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തിൽ ഹൈദർ അലിയേയും പുറത്താക്കി റാസ സിംബാബ്വെയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു.

എന്നാൽ മൂന്നാമനായി ഇറങ്ങിയ ഷാൻ മസൂദ് ക്രീസിൽ നിലയുറപ്പിച്ചത് പാക്കിസ്ഥാന് വലിയ പ്രതീക്ഷയാണ് നൽകിയത്. വൈകാതെ ആ പ്രതീക്ഷയയേും റാസ പവലിയനിലേക്ക് മടക്കി. പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഷാൻ മസൂദിനെ പുറത്താക്കി ചരിത്രവിജയത്തിലേക്ക് ടീമിനെയെത്തിക്കാൻ റാസക്കായി.

നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് റാസ വീഴ്‌ത്തിയത്. അതും ഷാൻ മസൂദ് (44), ഷദാബ് ഖാൻ (17), ഹൈദർ അലി (0) എന്നിവരുടെ നിർണായക വിക്കറ്റുകൾ. ഇതിൽ ഷദാബിനേയും ഹൈദറിനേയും അടുത്തടുത്ത് പന്തുകളിലാണ് റാസ പുറത്താക്കിയത്.

ചുരുക്കത്തിൽ ടി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ വിധിയെഴുതിയത് പാക്കിസ്ഥാൻ വംശജനായ റാസ തന്നെ. 1986ൽ പഞ്ചാബിലെ സിയാൽകോട്ടിലാണ് റാസ ജനിക്കുന്നത്. 2002ലാണ് റാസ കുടുംബത്തോടൊപ്പം സിംബാബ്വെയിലേക്ക് മാറുന്നത്. പിന്നാലെ സ്‌കോട്ലൻഡിൽ ഉന്നതപഠനത്തിനായി പോയ റാസ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചുതുടങ്ങുന്നതും സ്‌കോട്ലൻഡിൽ വച്ചാണ്. ഇപ്പോൾ ജനിച്ച രാജ്യത്തിനെതിരെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ പ്ലയർ ഓഫ് ദ മാച്ച് ആവാനും റാസയ്ക്കായി. ട്വിറ്ററിൽ റാസയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകർ. ചില ട്വീറ്റുകൾ വായിക്കാം...

 

ഒരു പൈലറ്റ് ആകണമെന്നായിരുന്നു സ്വപ്നം. എന്നാൽ കണ്ണ് പരിശോധനയിൽ പരാജയപ്പെടുന്നതോടെ സ്വപ്നം സാക്ഷാത്കരിക്കാനാവാതെ വന്നു. അത് നേടാനാവാതെ വന്നതോടെയാണ് ഗ്ലാസ്ഗോ കാലിഡോണിയൻ യൂണിവേഴ്സിറ്റിയിൽ ചേരുന്നതും പിന്നീട് സിംബാബ്വെയിലേക്ക് പോകുന്നതും. അവിടെ നിന്നാണ് റാസ ക്രിക്കറ്റിലേക്ക് തിരിയുന്നത്. 2007-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്ന റാസ, പഠനത്തിന് ശേഷം 2010-മുതലാണ് ഒരു ക്രിക്കറ്ററെന്ന നിലയിലേക്ക് വളരുന്നത്.

ബാറ്റ്കൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച റാസ പെട്ടെന്ന് തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ബംഗ്ലാദേശിനെതിരേ ഒരു പരിശീലന മത്സരത്തിൽ കളിക്കുകയും ചെയ്തു. 2011-ൽ സിംബാബ്വെയുടെ ലോകകപ്പ് പ്രിലിമിനറി സ്‌ക്വാഡിൽ ഉൾപ്പെട്ടെങ്കിലും അവസാന സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ശേഷം 2011-ലാണ് സിംബാബ്വെ പൗരത്വം ലഭിക്കുന്നത്.

തുടർച്ചയായി സ്ഥിരതയ്യാർന്ന പ്രകടനം കാഴ്ചവെച്ച റാസ സിംബാബ്വെയുടെ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശിനെതിരേയാണ് ഏകദിനത്തിൽ അരങ്ങേറുന്നത്. പരമ്പരയിലെ ട്വന്റി 20 മത്സരത്തിലും റാസ പങ്കെടുത്തു. 2013-ൽ പാക്കിസ്ഥാനെതിരേയാണ് ടെസ്റ്റിലെ അരങ്ങേറ്റം. ഓൾ റൗണ്ടറെന്ന നിലയിൽ മികച്ച കളി പുറത്തെടുത്ത റാസ സിംബാബ്വെ നിരയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 2015-ഏകദിന ലോകകപ്പിൽ ടീമിലെ മികച്ച താരങ്ങളിലൊരാളായിരുന്നു റാസ.

സ്പോർട്സ് ഡെസ്ക് news@marunadan.in

MNM Recommends


Most Read