സൈടെൿ

അഞ്ചാമത്തെ എൻജിൻ ഒഴിവാക്കി; കാലുകൾക്ക് ശക്തി വർധിപ്പിച്ചു; അൾഗോരിതങ്ങളിൽ മാറ്റം വരുത്തി; സോളാർ പാനലിന്റെ വ്യാപ്തി വലുതാക്കി; പുതിയ സെൻസറുകളിലും പ്രതീക്ഷ; ചന്ദ്രോത്സവം ഇനി തൊട്ടടുത്ത്; പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും ലാൻഡിങ് മൊഡ്യൂൾ വേർപെട്ടു; ഡീ ബൂസ്റ്റിങ് നാളെ; വിക്രം ചന്ദ്രോപരിതലത്തിലേക്ക്; ചന്ദ്രയൻ 3 സോഫ്റ്റ് ലാൻഡിംഗിന് റെഡി

ബെംഗളൂരു: ചന്ദ്രോത്സവം ഇനി തൊട്ടടുത്ത്. 34 ദിവസം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ചന്ദ്രയാൻ 3ന് ഇനി ലാൻഡിങ് മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടു. ഇത് വിജയകരമായിരുന്നു എന്നും അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിങ് നാളെ വൈകിട്ട് നാലിന് നടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. ഓഗസ്റ്റ് 23നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ. മുകളിൽ വച്ചാണ് ലാൻഡർ വേർപെട്ടത്. ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രനുചുറ്റും വൃത്താകൃതിയിലുള്ള അവസാനഘട്ട ഭ്രമണപഥം പൂർത്തിയാക്കിയതായി ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു..

ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയുടെ ചന്ദ്രയാൻ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രതീക്ഷ മാത്രമാണ് മുന്നിലുള്ളത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും. പിന്നീട് ലാൻഡർ മൊഡ്യൂളിനെ ഡീ-ബൂസ്റ്റിലൂടെ (വേഗത കുറക്കുന്ന പ്രക്രിയ) ചന്ദ്രനോട് ഏറ്റവും അടുത്ത ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും.

ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും അകലെയാണ് ഈ ഭ്രമണപഥം. ലാൻഡർ മൊഡ്യൂളിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഈ നിർണായകപ്രക്രിയ പൂർത്തിയാക്കുക. ചന്ദ്രനിൽനിന്ന് 30 കി.മീ. അകലെയെത്തുമ്പോൾ ലാൻഡർ മൊഡ്യൂൾ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കത്തിന് തയ്യാറെടുക്കും. ഈ ഘട്ടത്തിൽ ചന്ദ്രന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രനിലേക്ക് കുത്തനെയിറക്കാൻ കഴിയും വിധത്തിൽ ദിശമാറ്റുകയും ലാൻഡർ മൊഡ്യൂളിന്റെ ചലനവേഗം നിയന്ത്രിക്കുകയും ചെയ്യൽ അതിപ്രധാനമാണ്.

ചന്ദ്രയാൻ-രണ്ട് ദൗത്യത്തിൽ ലാൻഡറിന്റെ ത്രസ്റ്ററുകളിലൊന്ന് പ്രവർത്തിക്കാതായതോടെ ചലനവേഗത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചന്ദ്രനിൽ ഇടിച്ചിറക്കുകയുമായിരുന്നു. എന്നാൽ, പിഴവുകൾ പരിഹരിച്ചുള്ള ചന്ദ്രയാൻ-മൂന്ന് ദൗത്യം ഓഗസ്റ്റ് 23ന് വൈകീട്ട് വിജയകരമായി മൃദുവിറക്കം നടത്തുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടം- ചന്ദ്രനിലെ ലാൻഡിങ്. ലാൻഡ് ചെയ്ത ശേഷമാണ് റോവറായ പ്രജ്ഞാൻ പുറത്തേക്കു വരേണ്ടത്.

സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കാൻ സാധിക്കാതിരുന്നതിനാലാണ് ചന്ദ്രയാൻ-2 പൂർണ വിജയമാകാതിരുന്നത്. 2019ലെ ഈ ദൗത്യത്തിന്റെ വിജയകരമായ ആവർത്തനമാണ് ചന്ദ്രയാൻ-3 ലക്ഷ്യമിടുന്നത്. ആദ്യ പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട്, നാലു വർഷമെടുത്ത്, ലാൻഡറിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്. അഞ്ചാമത്തെ എൻജിൻ ഒഴിവാക്കിയതും കാലുകൾക്ക് ശക്തി വർധിപ്പിച്ചതും അൾഗോരിതങ്ങളിൽ മാറ്റം വരുത്തിയതും സോളാർ പാനലിന്റെ വ്യാപ്തി വർധിപ്പിച്ചതും പുതിയ സെൻസറുകൾ ഉൾപ്പെടുത്തിയതും അടക്കമുള്ള പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 14 ന് വിക്ഷേപിച്ച് ഓഗസ്റ്റ് 5 ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. 1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10-നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാൽ ഓഗസ്റ്റ് 21-ന് ഏകദേശം 11 ദിവസത്തിനുള്ളിൽ തന്നെ ഇതിന് ലാൻഡിങ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read