രാഷ്ട്രീയം

കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന; യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തി

ഡൽഹി: കരിപ്പൂർ എയർപോർട്ട് സംരക്ഷിക്കുക, മലപ്പുറം ജില്ലയോടുള്ള റയിൽവെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തി. 

മുതിർന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായിരുന്നു. എംപിമാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് , എം.കെ രാഘവൻ, എം.ഐ ഷാനവാസ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്ഡീൻകുര്യാക്കോസ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കോൺഗ്രസ് നേതാക്കളായ ബി.വി ശ്രീനിവാസ്, ജെബി മേത്തർ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറത്ത് നിന്ന് ഇരുന്നൂറിലധികം പ്രവർത്തകരാണ് മാർച്ചിന് വേണ്ടി ഡൽഹിയിലെത്തിച്ചേർന്നിരുന്നത്. യു.പി.എ ഗവൺമെന്റ് കൊണ്ടുവന്ന എല്ലാ വികസനങ്ങളെയും ഇല്ലാതാക്കുന്ന പ്രവണതയാണ് എൻ.ഡി.എ സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പരിപാടിയിൽ പ്രസംഗിച്ച കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവെ സ്റ്റേഷനാണ് തീരൂർ. എന്നാൽ പുതിയതായി ആരംഭിക്കുന്ന ഒരു ട്രെയിനിനും തിരൂരിൽ സ്റ്റോപ്പുണ്ടാകാറില്ല. തിരൂരിൽ മാത്രമല്ല മലപ്പുറം ജില്ലയിലെ ഒരു റെയിൽവെ സ്റ്റേഷനിലും പുതിയ ട്രെയിനുകൾക്കിപ്പോൾ സ്റ്റോപ്പ് അനുവദിക്കാറില്ല. ഇതിനു മാറ്റമുണ്ടാകണമെന്നും മലപ്പുറത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത്കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ഡൽഹിയിലെത്തിയത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read