രാഷ്ട്രീയം

ടി പി പീതാംബരൻ എൻസിപി സംസ്ഥാന അധ്യക്ഷൻ; എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും; മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന പ്രചരണങ്ങളും തള്ളി എൻസിപി നേതൃത്വം; കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് സിപിഎമ്മുമായി ചർച്ച ചെയ്ത ശേഷം

മുംബൈ: എൻ.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരനെ തെരഞ്ഞെടുത്തു. മുതിർന്ന എൻ.സി.പി നേതാവ് പ്രഫുൽപട്ടേലിന്റെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ മാണി സി.കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്ന് എ.കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുക അല്ലാത്തപക്ഷം ഇപ്പോൾ താൽക്കാലിക അധ്യക്ഷനായ ടി.പി പീതാംബരനെ തന്നെ അടുത്ത സംഘടനാ തെരഞ്ഞെടുപ്പ് വരെ തുടരാൻ അനുവദിക്കുക എന്നിവയായിരുന്നു നിലനിനിന്നിരുന്ന രണ്ട് സാധ്യതകൾ.

എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎ‍ൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി എട്ടംഗ കോർകമ്മിറ്റി കൂടി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ അത് അഞ്ചംഗ കോർ കമ്മിറ്റിയായിരുന്നു.

മന്ത്രിസ്ഥാനത്തേക്ക് മാണി സി കാപ്പൻ വരുമെന്ന പ്രചാരണങ്ങൾ തള്ളിയാണ് ശശീന്ദ്രൻ തുടരട്ടെയെന്ന് പാർട്ടി തീരുമാനിച്ചത്. യോഗത്തിൽ പ്രധാനമായും രണ്ട് ഫോർമുലകളാണുണ്ടായിരുന്നത്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന അധ്യക്ഷ പദം നൽകുകയും മാണി സി കാപ്പനെ മന്ത്രിയാക്കുകയും ചെയ്യുകയെന്നതായിരുന്നു ഒന്ന്. മറ്റൊന്ന് നിലവിലെ താൽക്കാലിക പ്രസിഡന്റായ ടി പി പീതാംബരൻ മാസ്റ്ററെ അടുത്ത ഒന്നരവർഷത്തേയ്ക്ക് അധ്യക്ഷ പദവിയിൽ നിലനിർത്തുക എന്നതും.

നേതൃയോഗത്തിൽ രണ്ടാമത്തെ ഫോർമുലയാണ് അംഗീകരിക്കപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ മന്ത്രിയെ മാറ്റുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്ന വിലയിരുത്തലിലാണ് എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. എംഎൽഎ ആയി തുടരുന്നതിൽ തൃപ്തനാണെന്നുള്ള നിലപാടാണ് മാണി സി കാപ്പൻ യോഗത്തിൽ സ്വീകരിച്ചത്.

അതേസമയം കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആര് സ്ഥാനാർത്ഥി ആകണം എന്ന ചർച്ചകളും നടന്നു. ഇക്കാര്യത്തിൽ സിപിഐ.എമ്മുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളാനാണ് പ്രഫുൽ പട്ടേൽ നിർദേശിച്ചത്. നേരത്തെ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി എൻ.സി.പി നേതാക്കൾക്കും സിപിഐ.എം സംസ്ഥാന സെക്രട്ടറിക്കും കത്തയച്ചിരുന്നു. തോമസ് ചാണ്ടി അസുഖബാധിതനായിരുന്നപ്പോൾ മണ്ഡലത്തിന്റെ ചുമതല ഏൽപ്പിച്ചിരുന്നത് തോമസ് കെ തോമസിനെയായിരുന്നു.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read