രാഷ്ട്രീയം

യുഡിഎഫിൽ ന്യായം എംഎൽഎമാരുടെ എണ്ണം കണക്കിലെടുത്തെന്നു ബാലകൃഷ്ണപിള്ള; ഗണേശിനെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്നും ആരോപണം

തിരുവനന്തപുരം: കെ ബി ഗണേശ് കുമാറിനെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. എംഎൽഎമാരുടെ എണ്ണം നോക്കിയാണ് യുഡിഎഫിൽ ന്യായം. ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തുമാകാമെന്ന അവസ്ഥയാണ്. ഗണേശ് തെറ്റുചെയ്‌തെന്നു ബോധ്യപ്പെട്ടാൽ പാർട്ടി നടപടി എടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിനെതിരായ ആരോപണത്തിൽ ഗണേശ് കുമാർ കോടതിയിൽ ഹാജരായി തെളിവ് നൽകും. അതേസമയം അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണേണ്ടതില്ലെന്നാണ് പാർട്ടിയുടെ നിലപാടെന്നും പിള്ള വ്യക്തമാക്കി. രണ്ടുമന്ത്രിമാർ അഴിമതി കാട്ടിയിട്ടുണ്ടെന്നു താൻ മുഖ്യമന്ത്രിയോടു നേരത്തെ പറഞ്ഞിട്ടുണ്ട്.

ഗണേശ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് നടപടിയെങ്കിൽ, ചീഫ് വിപ്പ് പി സി ജോർജിനെതിരെ ആരോപണം ഉന്നയിച്ച ടി എൻ പ്രതാപനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഓരോ കക്ഷികൾക്കും ഓരോ നീതിയെന്ന രീതി ശരിയല്ല.

സർക്കാരിന്റെ ഭാഗമല്ലാത്തതിനാൽ മദ്യനയവുമായി ബന്ധപ്പെട്ട കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ല. എന്നാൽ ക്രൈസ്തവ സഭകളുടെ നിർദ്ദേശം സർക്കാർ അവഗണിക്കരുതായിരുന്നുവെന്നും പിള്ള പറഞ്ഞു. മദ്യനയം സംബന്ധിച്ച തർക്കങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവോയെന്ന് ചോദ്യത്തിന് ഇത്രയും പ്രതിച്ഛായയുള്ള സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പിള്ള പരിഹസിച്ചു. എക്‌സൈസ് മന്ത്രി കെ.ബാബുവിനൊക്കെ 'വലിയ' ഇമേജാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ബസ് ചാർജ് വർധന പിൻവലിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.

MNM Recommends


Most Read