രാഷ്ട്രീയം

യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ; അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നു; രാഷ്ട്രീയ ശത്രുക്കൾക്ക് പോലും സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു; പാർട്ടിക്ക് നഷ്ടമായത് പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ ഒരു പോരാളിയെ; പി കെ കുഞ്ഞനന്തനെ അനുസ്മരിച്ച് കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: അന്തരിച്ച മുതിർന്ന നേതാവും സിപിഎം പാനൂർ എരിയാകമ്മറ്റി അംഗവുമായ പികെ കുഞ്ഞനനെ (71) അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ടിപി വധക്കേസിൽ യുഡി്ഫ് സർക്കാർ അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കയായിരുന്നെന്ന് കോടിയേരി ആരോപിച്ചു.സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് കോടിയേരി ഫേസ്‌ബുക്കിൽ കുറിച്ചു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തനെന്നും അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ജനകീയനായ നേതാവിനെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. സഖാവ് കുഞ്ഞനന്തന്റെ വിയോഗം പാർട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണെന്നും കോടിയേരി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. തടവുകാരനായിരിക്കെ അസുഖം മൂർച്ചിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണ്. യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ. അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നു. പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന സഖാവ് കുഞ്ഞനന്തൻ, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാനൂർ ഏരിയയിൽ പാർട്ടി കെട്ടിപ്പടുക്കാനായി പ്രവർത്തിച്ചത്. രാഷ്ട്രീയ ശത്രുക്കൾക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സർക്കാർ ചെയ്തത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read