രാഷ്ട്രീയം

തിരുതയ്‌ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്‌സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; അതെല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി; യുഡിഎഫ് കൺവീനറാകാൻ പ്രഥമ പരിഗണന കെ മുരളീധരന് തന്നെ  

തിരുവനന്തപുരം: ഗ്രൂപ്പ് സമവാക്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അപ്പുറം കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കാൻ കോൺഗ്രസ് ഹൈക്കമാണ്ടിൽ സമ്മർദ്ദം ശക്തം. യുഡിഎഫ് കൺവീനറാകാൻ കെവി തോമസ് ഡൽഹിയിൽ ചരടുവലികൾ നടത്തുമ്പോഴാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി കേരളത്തിലെ നേതാക്കൾ ശക്തമായ ഇടപെടൽ നടത്തുന്നത്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കു പോലും മുരളീധരൻ വരുന്നതിനോടാണ് താൽപ്പര്യം. എന്നാൽ സമുദായ സമവാക്യത്തിന്റെ പേരിലാണ് കെവി തോമസിന്റെ നീക്കങ്ങൾ. എന്നാൽ നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. ഇതു തീരുമാനത്തെ സ്വാധീനിക്കും

കെ സുധാകരനാണ് കെപിസിസി അധ്യക്ഷൻ. വിഡി സതീശൻ പ്രതിപക്ഷ നേതാവും. അതുകൊണ്ട് തന്നെ മുരളീധരനെ യിഡിഎഫ് കൺവീനറാക്കരുതെന്നാണ് അട്ടിമറിക്കാരുടെ ആവശ്യം. മറ്റൊരു മത വിഭാഗത്തിൽ നിന്നും യുഡിഎഫ് കൺവീനർ എത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ ജനങ്ങളിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്നവരെ നേതൃത്വസ്ഥാനത്ത് എത്തിക്കണമെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തോമസിന് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് തോമസ് ഡൽഹിയിൽ എത്തിയത്. നേരത്തെ സോണിയയുടെ നിർദ്ദേശ പ്രകാരമാണ് വിമത നീക്കങ്ങൾ അവസാനിപ്പിച്ച് തോമസ് കോൺഗ്രസുമായി സഹകരിച്ചത്. ഇതിന് പകരമായി തോമസിനെ വർക്കിങ് പ്രസിഡന്റുമാക്കി. എന്നാൽ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ ആ പദവി തോമസിന് നഷ്ടമായി.

ഹൈക്കമാൻഡ് യുഡിഎഫ് കൺവീനറിനെ കണ്ടെത്താൻ കേരളത്തിൽ രഹസ്യ സർവേ നടത്തിയിരുന്നു. ഇതിനനുസരിച്ചാണ് ഇപ്പോഴത്തെ മാറ്റങ്ങളും വന്നിരിക്കുന്നത്. രഹസ്യ സർവേയിലും മുരളീധരന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇതിൽ കെവി തോമസ് കടുത്ത അതൃപ്തിയിലാണ്. തന്നെ ഹൈക്കമാൻഡ് അപമാനിച്ചുവെന്ന തോന്നലിലാണ് അദ്ദേഹം. കൺവീനർ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത് പിടി തോമസിനെയായിരുന്നു. അദ്ദേഹത്തെ നേരത്തെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത് മുരളീധരന് വേണ്ടിയായിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിജെ കുര്യൻ, കെവി തോമസ്, കെസി ജോസഫ്, എന്നിവരെ രാഹുൽ ഗാന്ധിക്ക് ഒട്ടും താൽപ്പര്യമില്ലെന്നും റിപ്പോർട്ടുണ്ട്.

ഗ്രൂപ്പ് കളിയാണ് കോൺഗ്രസിനെ തകർത്തതെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. മുരളീധരൻ വരുന്നതോടെ പൂർണമായും പുതിയൊരു നേതൃത്വം വരും. മുരളീധരൻ പക്ഷേ കൺവീനർ പദവിയിലേക്ക് വരാൻ താൽപര്യപ്പെടുന്നില്ല. ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നാണ് ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. നേതൃ സ്ഥാനത്തിരിക്കുന്നവർക്ക് പൂർണ പിന്തുണ നൽകുമെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ഹൈക്കമാണ്ട് നിർബന്ധം പിടിച്ചാൽ മുരളീധരൻ പദവി ഏറ്റെടുക്കും. യുഡിഎഫ് കൺവീനർ സ്ഥാനം കെവി തോമസ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ രാഹുലിനാണെങ്കിൽ അത് താൽപര്യമില്ല. നാല് മാസം മാത്രമായിരുന്നു തോമസ് വർക്കിങ് പ്രസിഡന്റ്. ഇത് ചതിയാണെന്ന് കെവി തോമസും പറയുന്നു.

സുധാകരൻ എംപി കെപിസിസി പ്രസിഡന്റായി 16ന് ചുമതല ഏൽക്കും. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പി ടി തോമസ് എംഎൽഎ, ടി സിദിഖ് എംഎൽഎ എന്നിവരും ചുമതലയേറ്റെടുക്കും. കേഡർ സ്വഭാവത്തിലേക്ക് കോൺഗ്രസിനെ മാറ്റുമെന്ന് കഴിഞ്ഞ ദിവസം, കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, ഗ്രൂപ്പുകൾക്ക് ഇനി കോൺഗ്രസിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനം എന്നിവ നിശ്ചയിച്ച ശേഷം ഹൈക്കമാന്റ, യുഡിഎഫ് കൺവീനർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്. മുരളീധരനും കെവി തോമസിനും ഒപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും പരിഗണനാ പട്ടികയിലുണ്ട്.

ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ പാർട്ടിയിലെ മുതിർന്ന എംഎൽഎ എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് പ്രത്യേക പരിഗണന ഉണ്ടാകാൻ സാധ്യതയുണ്ട്. കെ മുരളീധരനും ഹൈക്കമാൻഡിന്റെ ശക്തമായ പിന്തുണയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉൾപ്പെടെ മുരളീധരന്റെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാൽ നിലവിൽ ഹസനെ നീക്കം ചെയ്യേണ്ടതില്ലെന്ന വാദവും ചർച്ചകളിലുണ്ട്. ഇതിൽ രാഹുൽ ഗാന്ധി എടുക്കുന്ന നിലപാടാണ് നിർണ്ണായകം.

സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു കെവി തോമസ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. നേരത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ കെവി തോമസിന് വച്ചടിവച്ചടി കയറ്റമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പാലിക്കുന്ന തോമസ് ഹൈക്കമാണ്ടിലെ വിശ്വാസം കാരണം കേരളത്തിൽ ഗ്രൂപ്പ് കളി മറന്നു. സോണിയയുടെ അടുത്ത് മുൻകൂർ അനുമതി എടുക്കാതെ കടുന്നു ചെല്ലാനും തോമസിന് കഴിയുമായിരുന്നു. എന്നാൽ അധികാരം രാഹുൽ ഗാന്ധിക്ക് കിട്ടയപ്പോൾ എല്ലാം തോമസിന് നഷ്ടമായി.

സോണിയയ്ക്ക് കേരളത്തിൽ രണ്ട് അതിവിശ്വസ്തരാണ് ഉണ്ടായിരുന്നത്. ടോം വടക്കനും കെവി തോമസും. രാഹുലിന്റെ ഭരണമെത്തിയതോടെ ടോം വടക്കൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഗാന്ധി കുടുംബവുമായി കെവി തോമസിന്റെ സ്‌നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. കുമ്പളങ്ങിയിൽ നിന്നുള്ള നല്ല ഫ്രഷ് ആയ തിരുത മൽസ്യം സോണിയയുടെ അടുക്കളയിൽ സ്ഥിരമായി എത്തിച്ചു തുടങ്ങിയതും ഇക്കാലത്തു തന്നെ. കുമ്പളങ്ങിയെ ദേശീയ തലത്തിൽ തന്നെ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാത്രം ഇതിനെ കാണുന്നവരുണ്ട്. എന്നാൽ കേന്ദ്രമന്ത്രി പദവിയും പാർട്ടിയിൽ ഉന്നത സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചിട്ടായിരുന്നുവെന്നു ചിലരൊക്കെ അടക്കം പറഞ്ഞിരുന്നു.

ഏവരേയും ഞെട്ടിച്ച് കെവി തോമസ് കേന്ദ്രമന്ത്രിയായി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തോമസിന് നെഹ്റു കുടുംബത്തോടുള്ള പ്രതിപത്തി വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്നും മോദിയോടാണ് താൽപ്പര്യമെന്നും വാദമെത്തിയിരുന്നു. അങ്ങനെ ലോക്സഭാ സീറ്റ് നഷ്ടമായി. നിയമസഭയിലും മത്സരിക്കാൻ സീറ്റ് നൽകിയില്ല. അന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകി. ഇടതുപക്ഷത്തേക്ക് തോമസ് പോകാതിരിക്കാനായിരുന്നു അത്. പുനഃസംഘടനയിൽ അതും നഷ്ടമായി. അതുകൊണ്ട് തന്നെ യുഡിഎഫ് കൺവീനർ സ്ഥാനം തോമസിന് കിട്ടിയില്ലെങ്കിൽ അദ്ദേഹം എന്ത് തീരുമാനം എടുക്കുമെന്നത് ഏറെ നിർണ്ണായകമാണ്.

റോമിലെ ബന്ധവും സോണിയയുമായി അടുപ്പം സ്ഥാപിക്കാൻ കരുത്തായി മാറി. കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്‌സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും നഷ്ടമാകുകയായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read