രാഷ്ട്രീയം

ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ ജോസ് കെ മാണിക്ക് തിരിച്ചടി; സ്ഥാനം കൈയാളുന്നതിനെതിരെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരും; ഹർജി തള്ളിയത് കട്ടപ്പന സബ് കോടതി; വിധി അന്തിമമല്ലെന്നും അപ്പീൽ പോകുമെന്നും ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ചെയർമാൻ സ്ഥാനം ജോസ് കെ മാണി കൈയാളുന്നതിന് എതിരെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരും. ഇതുമായി ബന്ധപ്പെട്ട ഹർജി കട്ടപ്പന സബ് കോടതി തള്ളി. കേരള കോൺഗ്രസ് ഭരണഘടനയുടെ വിജയമാണെന്ന് പിജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാർട്ടി പ്രവർത്തകരുടെ താത്പര്യം മനസിലാക്കണമെന്നും പിജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാൻ തയ്യാറാകണമെന്നും ജോസഫ് വിഭാഗം നേതാവ് എംജെ ജേക്കബ് വിഷയത്തിൽ പ്രതികരിച്ചു. കെ എം മാണിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്. അതേ സമയം വിധി അന്തിമമല്ലെന്നും അപ്പീൽ പോകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറഞ്ഞത്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ, ഇന്ന് തന്നെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു.

കെ എം മാണിയുടെ നിര്യാണത്തിനുശേഷം വർക്കിങ് കമ്മിറ്റി വിളിച്ചുചേർത്ത് പുതിയ ചെയർമാനെ തീരുമാനിക്കണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. എന്നാൽ, താനാണ് പുതിയ ചെയർമാനെന്നും തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ നിലപാട്. തർക്കം മൂർച്ഛിച്ചതോടെ ജോസ് കെ മാണിയെ അനുകൂലിക്കുന്ന ഒരുവിഭാഗം കോട്ടയത്ത് യോഗം ചേർന്ന് ജോസ് കെ മാണിയെ ചെയർമാനായി പ്രഖ്യാപിച്ചു. ഇതിനെതിരേയാണ് പി ജെ ജോസഫ് കോടതിയെ സമീപിച്ചത്. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്.

കേരള കോൺഗ്രസിൽ നിലനിന്നിരുന്ന തർക്കം പാലാ ഉപതിരഞ്ഞെടുപ്പോടെ കൂടുതൽ രൂക്ഷമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള പോര് അവസാനിപ്പിക്കാൻ കോൺഗ്രസ്, യുഡിഎഫ് നേതൃത്വത്തിന് പലതവണ ഇടപെടേണ്ടിവന്നു. അനുനയത്തിന് തയ്യാറായെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പൂർണമായ സഹകരണം ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെ ജോസഫിനെതിരേ വിമർശനവുമായി ജോസ് കെ മാണി വിഭാഗവും രംഗത്തെത്തുകയും ചെയ്തിരുന്നു. 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read