രാഷ്ട്രീയം

ഫിസിക്‌സിനെ പ്രണയിച്ച് അഭിഭാഷകനായ സ്വന്തം കാപ്പിക്ക് സ്വന്തം ജില്ലയുടെ പേരു നൽകിയ കർഷകൻ; ജുൻജുനു കാപ്പിയുടെ സൃഷ്ടാവിനെ രാഷ്ട്രീയത്തിൽ എത്തിച്ചത് സാക്ഷാൽ ദേവിലാൽ; സോഷ്യലിസം വിട്ട് കോൺഗ്രസിൽ എത്തിയതും ജാട്ട് സമുദായ കരുത്തിൽ; മകന്റെ വിയോഗത്തിൽ 14 കൊല്ലത്തെ രാഷ്ട്രീയ വനവാസവും; ഉപരാഷ്ട്രപതിയായി വെങ്കയ്യയ്ക്ക് പകരം ധൻകർ എത്തുമ്പോൾ

ന്യൂഡൽഹി: നയങ്ങളിലൂടെ രാജ്യസഭയെ നയിച്ച വെങ്കയ്യനായിഡു. കേരളത്തിൽ നിന്നുള്ള ജോൺ ബ്രിട്ടാസിനെ അടക്കം രാഷ്ട്രീയം മറന്ന് പ്രോത്സാഹിപ്പിച്ച രാജ്യസഭയുടെ നായകനായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ. വെങ്കയ്യ കാലാവധി പൂർത്തിയാക്കുമ്പോൾ പകരം എത്തുന്നത് കാർക്കശ്യത്തിന്റെ മുഖവും. 14 വർഷം രാഷ്ട്രീയ വനവാസമായിരുന്നു ജഗ്ദീപ് ധൻകറിന്. കർഷക പുത്രനെന്ന പേരുമായി ധൻകർ രാജ്യസഭയെ നയിക്കാനെത്തുമ്പോൾ അത് പ്രധാനമന്ത്രി മോദിയുടെ വിജയമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മോദിയും ചേർന്ന് കണ്ടെത്തിയ തീരുമാനം. രാജസ്ഥാനിലും യുപിയിലും ജാട്ടുകളെ കൂടെ നിർത്താനുള്ള നിർണ്ണായക നീക്കം.

രാഷ്ട്രീയ വനവാസം പോലും നടത്തിയ ധൻകർ. ഗുരുഗ്രാമിൽ താമസിച്ച് ഡൽഹിയിലും രാജസ്ഥാനിലുമായി അഭിഭാഷകജോലിയിൽ മാത്രം ശ്രദ്ധിച്ച കാലവുണ്ടായിരുന്നു. ആ നാളുകളിൽ ഇടയ്ക്ക് ജയ്പുരിൽനിന്നു സ്വന്തം ഫാമിൽ പോകുമായിരുന്നു, താനുണ്ടാക്കി നൽകിയ കാപ്പിക്കു സ്വന്തം ജില്ലയുടെ പേരു നൽകി ജുൻജുനു കാപ്പി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കാലമായി ധൻകർ കാണുന്നത് ആ സമയമാണ്. ചിത്തോർഗഡിലെ സൈനിക സ്‌കൂളിൽ പഠിച്ച ധൻകറിന് ഏറ്റവും ഇഷ്ടം ക്രിക്കറ്റും ഫുട്‌ബോളും. ഫിസിക്‌സിലും നിയമത്തിലും ബിരുദം നേടിയ ധൻകർ അഭിഭാഷകജീവിതം തിരഞ്ഞെടുത്തു. ഫിസിക്‌സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

രാജസ്ഥാനു പുറത്തൊരു ജീവിതം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ കാര്യങ്ങൾ മാറ്റി മറിച്ച് ആ വിളിയെത്തി. പിന്നെ നേതാവായി. 1987ൽ ദേവിലാൽ ഡൽഹി ബോട്ട് ക്ലബ്ബിൽ പ്രതിപക്ഷ കക്ഷികളുടെ വലിയ റാലി സംഘടിപ്പിച്ചു. ജാട്ട് വിഭാഗത്തിന്റെ ആവേശമായിരുന്ന ദേവിലാലിനൊപ്പം ധൻകറും നിന്നു. അഞ്ഞൂറോളം വാഹനങ്ങളിൽ നിറയെ ആളുകളുമായി എത്തിയ ധൻകർ ദേവിലാലിന്റെ വിശ്വസ്തനായി. 1989ലെ തിരഞ്ഞെടുപ്പിൽ ജുൻജുനു ലോക്‌സഭാ മണ്ഡലത്തിൽ ജനതാദളിന്റെ സ്ഥാനാർത്ഥിയായി. 1989ലെ തിരഞ്ഞെടുപ്പിൽ ജയിച്ചെത്തിയ ധൻകറിനു വി.പി.സിങ് മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായ ദേവിലാൽ അവസരം നൽകി.

വി.പി.സിങ്ങുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ദേവിലാൽ മന്ത്രിസഭയ്ക്കു പുറത്തുപോയപ്പോൾ ധൻകറും മന്ത്രിസ്ഥാനം വിട്ടു. പിന്നാലെ ചന്ദ്രശേഖർ മന്ത്രിസഭയിലും ദേവിലാൽ ധൻകറിനെ ഉപമന്ത്രിയാക്കി. പിന്നീട് ചന്ദ്രശേഖർ മന്ത്രിസഭ വീണു, രാജീവ് ഗാന്ധി കൊല്ലപ്പെട്ടു, പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായി, ദേവിലാൽ കരുത്തില്ലാ നേതാവായി. ഇതോടെ ധൻകർ കൂറുമാറി കോൺഗ്രസുകാരനായി. 1993ൽ കോൺഗ്രസ് ടിക്കറ്റിൽ രാജസ്ഥാൻ നിയമസഭാംഗമായി. 1994ൽ, തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നു മകൻ ദീപക് മരിച്ചതു വേദനയായി. പിന്നാലെ രാഷ്ട്രീയ വനവാസം.

2003ൽ ബിജെപിയിൽ ചേർന്നെങ്കിലും സജീവ രാഷ്ട്രീയ ജീവിതം തിരിച്ചുകിട്ടാൻ പിന്നെയും വൈകി. 2016ൽ ബിജെപിയുടെ നിയമകാര്യ വിഭാഗത്തിന്റെ ചുമതല വഹിച്ചു. അപ്പോഴും സീനിയർ അഭിഭാഷകനെന്ന സുപ്രീം കോടതിയിലെ മേൽവിലാസം നിലനിർത്തി. ബംഗാൾ ഗവർണറായി നിയമിതനായപ്പോൾ വെള്ളം കുടിച്ചത് സാക്ഷാൽ മമതാ ബാനർജിയും. അവിടെ നിന്നാണ് രാജ്യസഭയെ നിയന്ത്രിക്കാനുള്ള നിയോഗമായി ഉപരാഷ്ട്രപതി സ്ഥാനം എത്തുന്നത്. കർഷക പുത്രനിലൂടെ രാജസ്ഥാനിലെ തിരിച്ചു വരവാണ് ബിജെപിയുടെ ലക്ഷ്യം.

528 വോട്ടുകൾ നേടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ധൻകർ വൻവിജയവുമായി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത്രയും നേടാനായില്ല. 780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്. അസുഖബാധിതരായിരുന്ന ബിജെപിയുടെ സഞ്ജയ് ദോത്രെ, സണ്ണി ദിയോൾ എന്നിവർ വോട്ടുചെയ്തില്ല. 15 വോട്ടുകൾ അസാധുവായി.

തിരഞ്ഞെടുപ്പിൽ വിട്ടു നിൽക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്ന് 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസിന്റെ എംപിമാരിൽ രണ്ടുപേർ മാത്രമാണ് വോട്ടുചെയ്തത്. സിസിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ടു ചെയ്തത്. അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read