രാഷ്ട്രീയം

മത്സരമുണ്ടെങ്കിൽ വോട്ടെടുപ്പ് 17ന് നടക്കും; കോൺഗ്രസ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി; 30വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം; വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന്; സമവായമുണ്ടാകുമോ ഇല്ലയോ എന്നത് തന്റെ വിഷയമല്ല; തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായിരിക്കും എന്ന് ജനറൽ സെക്രട്ടറി മധൂദനൻ മിസ്ത്രി

ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി . ഈ മാസം മുപ്പത് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള തീയതി ഒക്ടോബർ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കിൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്

തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായിരിക്കും എന്ന് ജനറൽ സെക്രട്ടറി മധുസൂദനൻ മിസ്ത്രി . സമവായമുണ്ടാകുമോ ഇല്ലയോ എന്നത് തന്റെ വിഷയമല്ല. ഒന്നിലധികം ആളുകൾ നാമനിർദ്ദേശ പത്രിക നൽകിയാൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും മധുസൂദനൻ മിസ്ത്രി പറഞ്ഞു

അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതയേറുമ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് ഇന്ന് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.കേരളത്തിൽ ജോഡോ യാത്രയിലുള്ള രാഹുൽഗാന്ധിയുമായി കൊച്ചിയിലാകും കൂടിക്കാഴ്ച. പന്ത്രണ്ടരയോടെ ഗലോട്ട് കൊച്ചിയിലെത്തും.അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് ഒരിക്കൽ കൂടി രാഹുൽഗാന്ധിയോടാവശ്യപ്പെടുമെന്ന് ഗലോട്ട് വ്യക്തമാക്കിയിരുന്നു.സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെ വിശ്വസ്തനായ വ്യക്തിക്ക് മുഖ്യമന്ത്രി കസേര നൽകാനാണ് ഗെലോട്ടിന്റെ നീക്കം. പ്രസിഡന്റായാലും മുഖ്യമന്ത്രിയായി തുടരുമെന്ന സൂചന നൽകിയ അശോക് ഗെലോട്ട് രംഗത്തുവരമ്പോൾ അതിന് അനുവദിക്കാൻ ആകില്ലെന്നാണ് സച്ചിന്റെ നിലപാട്.

യുവ നേതാവ് സച്ചിൻ പൈലറ്റിനെ വെട്ടാനുള്ള നീക്കങ്ങൾക്കു ശക്തികൂട്ടി ഗെലോട്ട് രംഗത്തുണ്ട്. അതേസമയം രണ്ട് പദവികൾ ഒരുമിച്ചു വഹിക്കാൻ സാധിക്കില്ലെന്നതാണ് ഹൈക്കമാൻഡ് സൂചിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കായി സച്ചിൻ കേരളത്തിൽ പോയ വേളയിൽ, കഴിഞ്ഞ ദിവസം നിയമസഭാ കക്ഷി യോഗം വിളിച്ച ഗെലോട്ട് പ്രസിഡന്റായാലും താൻ രാജസ്ഥാനെ കൈവിടില്ലെന്നു പറഞ്ഞ് നയം വ്യക്തമാക്കി.

'ഒരാൾക്ക് ഒരു പദവി' ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ചതാണെന്നും അതു പാലിക്കാൻ ഗെലോട്ട് ബാധ്യസ്ഥനാണെന്നും സച്ചിൻ പക്ഷം വാദിക്കുന്നു. പ്രസിഡന്റ്, മുഖ്യമന്ത്രി എന്നിവ തിരഞ്ഞെടുക്കപ്പെട്ട പദവികളാണെന്നും നാമനിർദ്ദേശത്തിലൂടെ ലഭിക്കുന്ന പദവികളാണ് പാർട്ടി നയത്തിന്റെ പരിധിയിൽ വരികയെന്നും ഗെലോട്ട് തിരിച്ചടിക്കുന്നു. ഗെലോട്ടിനും സച്ചിനുമിടയിൽ ഐക്യമുണ്ടാക്കി ഇത്രയും നാൾ മുന്നോട്ടു പോയ ഹൈക്കമാൻഡ് ഇനി സ്വീകരിക്കുന്ന നിലപാട് മറ്റുള്ളവരും ഉറ്റുനോക്കുന്നു.

പ്രസിഡന്റായാൽ ഗെലോട്ട് മുഖ്യമന്ത്രിയായി തുടരുന്നതിനോടു ഹൈക്കമാൻഡിനു യോജിപ്പില്ല. നാമനിർദ്ദേശ പത്രിക നൽകിയാലുടൻ മുഖ്യമന്ത്രി പദം രാജിവയ്ക്കണമെന്നാണു സച്ചിൻ പക്ഷത്തിന്റെ ആവശ്യം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, മുഖ്യമന്ത്രി പദം നിലനിർത്താൻ സ്വയം അനുമതി നൽകുന്ന നീക്കം ഗെലോട്ട് നടത്തുമെന്ന് അവർ സംശയിക്കുന്നു. മുഖ്യമന്ത്രിയായി അൽപനാളത്തേക്കെങ്കിലും തുടരാൻ അനുവദിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടാലും അതിനെതിരെ സച്ചിൻ പക്ഷം രംഗത്തുവരും. എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നതാണു ഗെലോട്ടിന്റെ ബലം.

മുഖ്യമന്ത്രി പദം നഷ്ടമായാൽ, അതു സച്ചിനു ലഭിക്കാതിരിക്കാൻ വിശ്വസ്തരായ ശാന്തി ധരിവാൽ, പിസിസി പ്രസിഡന്റ് ഗോവിന്ദ് ദോതസര എന്നിവരുടെ പേരുകൾ ഗെലോട്ട് മുന്നോട്ടു വയ്ക്കും. മുതിർന്ന നേതാവും നിയമസഭാ സ്പീക്കറുമായ സി.പി.ജോഷിയും മുഖ്യമന്ത്രി പദത്തിനായി നീക്കമാരംഭിച്ചിട്ടുണ്ട്. 2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു തോറ്റ ജോഷിക്ക് മുഖ്യമന്ത്രി പദം തലനാരിഴയ്ക്കു നഷ്ടമായപ്പോൾ ഗെലോട്ട് ആ പദവിയിലെത്തി. 2018 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പിസിസി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയെ വിജയത്തിലേക്കു നയിച്ച സച്ചിനെ വെട്ടിയും ഗെലോട്ട് മുഖ്യമന്ത്രിയായി. ഗെലോട്ടിന്റെ തന്ത്രങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ മുൻപ് വീണു പോയ സച്ചിനും ജോഷിയും ഉയിർത്തെഴുന്നേൽപ്പിനുള്ള വഴിയാണ് ഇപ്പോൾ തേടുന്നത്.

അതേസമയം, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കും താനെന്നും ഗഹ്ലോത് ആവർത്തിച്ചു. 'പാർട്ടിയും ഹൈക്കമാൻഡും എനിക്കെല്ലാം നൽകി. 40-50 വർഷമായി പാർട്ടി പദവികളിലുണ്ട്. ഒരു പദവിയും പ്രധാനമല്ല. നൽകിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റും. ഗാന്ധികുടുംബത്തിനു മാത്രമല്ല, കോടിക്കണക്കിന് കോൺഗ്രസ് അംഗങ്ങൾക്കും എന്നിൽ വിശ്വാസമുണ്ട്. അതിനാൽ, അവർ ആവശ്യപ്പെട്ടാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനമുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹിക്കണം. -ഗഹ്ലോത് പറഞ്ഞു.

അതിനിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആരുടേയും പക്ഷം പിടിക്കില്ലെന്ന് സോണിയ ഗെലോട്ടിനെ അറിയിച്ചതായി മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കുമെന്നും സോണിയ വ്യക്തമാക്കിയതായാണ് വിവരം.

തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. കോൺഗ്രസിലെ തിരുത്തൽവാദി സംഘത്തിലെ പ്രധാനി കൂടിയാണ് തരൂർ. എന്നാൽ ഗോലെട്ടിനാകും ഗാന്ധിപിന്തുണയെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽഗാന്ധി തന്നെ കോൺഗ്രസ് അധ്യക് സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹമെന്നും അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നും അല്ലാത്ത പക്ഷം തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അശോക് ഗഹലോത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തതോടെ, കൂടുതൽ പേർ മത്സര രംഗത്തേക്ക് വരാനും സാധ്യത ഒരുങ്ങി. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും മത്സരിച്ചേക്കുമെന്ന സൂചന നൽകി. മത്സരിക്കുമോ എന്ന എൻഡിവിയുടെ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ അദ്ദേഹം മറുപടി പറഞ്ഞില്ല്. 'നമുക്ക് നോക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബർ 30ന് വൈകിട്ട് ഇതിന്റെ ഉത്തരം അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്റു കുടുംബത്തിൽനിന്ന് ആരും ഇല്ലെന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ആശങ്കയും ഇല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള അവകാശമുണ്ട്. ഒരാൾക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവരെ മത്സരിപ്പിക്കാൻ നിർബന്ധിക്കാനാവില്ല''- അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ വിമുഖത കാണിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. നെഹ്റു കുടുംബത്തിൽ നിന്നല്ലാത്തയാളെ മുൻ നിർത്തി മുൻകാലങ്ങളിൽ കോൺഗ്രസ് പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവുവും സീതാറാം കേസരിയും ആയിരുന്നപ്പേൾ ഞങ്ങൾ പ്രവർത്തിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഒരു മുഖ്യമന്ത്രി, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ആകരുതെന്ന് കോൺഗ്രസ് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി വ്യക്തമാക്കി. അതായത് ഒരാൾക്ക് ഒരേ സമയം പദവി വഹിക്കുന്നതിൽ തടസ്സമില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് മിസ്ത്രിയുടെ വിശദീകരണം.

ശശിതരൂരിനായി കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് നൽകിയെന്ന് മധുസൂദനൻ മിസ്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഫോം പൂരിപ്പിക്കുന്നത് അടക്കം ചർച്ചചെയ്തു. ഭാരത് ജോഡോ യാത്രയിൽ പ്രത്യേക ബൂത്തുകൾ ഉണ്ടാകില്ലെന്നും രാഹുൽ അടക്കമുള്ള യാത്രാ അംഗങ്ങൾക്ക് പോസ്റ്റൽ വോട്ടിന് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാൾ ഇറങ്ങാനിരിക്കെ വോട്ടർ പട്ടിക പരിശോധിക്കാനായി ശശി തരൂർ എഐസിസി ആസ്ഥാനത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട്വെച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തരൂർ. തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂർ തൽക്കാലം മൗനത്തിലാണ്.

സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചുവെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. രാഹുൽ ഗാന്ധി അധ്യക്ഷനാകുക, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം തുടങ്ങിയവയാണ് ശശി തരൂരിന്റെ നിർദ്ദേശങ്ങൾ. എന്നാൽ തനിക്ക് തുടരാനാവില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read