രാഷ്ട്രീയം

രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിൽ; 0.71 ശതമാനം മാത്രം; ബീഹാറിലും ഝാർഖണ്ഡിലും ഉത്തർപ്രദേശിലും ദാരിദ്ര്യനിരക്ക് ഏറ്റവും കൂടുതൽ

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിലെത്തി. നിതി ആയോഗ് പുറത്തിറക്കിയ മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡെക്സിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യനിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം കേരളത്തിൽ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രരുള്ളത്. ഗോവ (3.76), സിക്കിം (3.82), തമിഴ്‌നാട് (4.89), പഞ്ചാബ് (5.59) എന്നിവയാണ് പട്ടികയിൽ കേരളം കഴിഞ്ഞാൽ ദരിദ്രർ കുറവുള്ള സം്സ്ഥാനങ്ങൾ. ബിഹാറിലെ ജനസംഖ്യയിൽ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാർഖണ്ഡിൽ 42.16 ശതമാനം ജനങ്ങളും ഉത്തർപ്രദേശിൽ 37.79 ജനങ്ങളും ദരിദ്രരാണ്.

മദ്ധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്തും മേഘാലയ(32.67) അഞ്ചാം സ്ഥാനത്താണ്.ഓക്സ്ഫഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും രീതിശാസ്ത്രപ്രകാരമാണ് നിതി ആയോഗ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം കണക്കാക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്. പോഷകാഹാരം, ശിശുമരണം, കൗമാരക്കാരുടെ മരണം, സ്‌കൂൾ വിദ്യാഭ്യാസം, ഗർഭസ്ഥ ശിശുപരിചരണം, പാചക ഇന്ധനം, മാലിന്യ നിർമ്മാർജനം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിവയും പ്രധാന മാനദണ്ഡങ്ങളാണ്. മൾട്ടി ഡയമെൻഷണൽ പോവർട്ടി സൂചികയിൽ നില മെച്ചപ്പെടുത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. രാജ്യത്തിന്റെ പൊതുനയങ്ങൾ രൂപീകരിക്കുന്നതിൽ എം.ഡി.പി ഇൻഡക്സ് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read